നിപയില്‍ ആശ്വാസം; 46 പേരുടെ ഫലം നെഗറ്റീവായി, 12 പേര്‍ക്ക് രോഗലക്ഷണമെന്ന് ആരോഗ്യമന്ത്രി

 
veena

നിപ ബാധിച്ച് മരിച്ച 12-വയസുകാരനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 16 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായതോടെ ഇതുവരെ 46 പേരുടെ സാമ്പിള്‍ ഫലങ്ങള്‍ നെഗറ്റീവായെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.  ഇവർക്ക് മൂന്നു ദിവസത്തിനുള്ളിൽ വീട്ടിലേക്കു മാറാമെന്നും മന്ത്രി അറിയിച്ചു. വീടുകളിൽ എത്തിയാലും നിരീക്ഷണത്തിൽ കഴിയണമെന്ന് മുന്നറിയിപ്പുണ്ട്.

265 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്,നിലവിൽ 12 പേർക്ക് രോഗലക്ഷണമുണ്ട്. ആര്‍ക്കും തീവ്രമായ ലക്ഷണങ്ങളില്ല. മിതമായ ചില ലക്ഷണങ്ങള്‍ മാത്രമെ ഉള്ളൂവെന്നും  അവരുടെ ആരോഗ്യനില തൃപ്തകരമാണെന്ന് മന്ത്രി അറിയിച്ചു.  68 പേര്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ നെഗറ്റീവായവരെ കുറച്ച് ദിവസം കൂടി നിരീക്ഷണത്തില്‍ വെക്കും. ശേഷം വീട്ടില്‍ ക്വാറന്റീനില്‍ കഴിയണമെന്നും മന്ത്രി അറിയിച്ചു.

നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് താലൂക്കില്‍ നിര്‍ത്തിവച്ച കോവിഡ് വാക്സിനേഷന്‍ നാളെ പുനരാരംഭിക്കും. നിപ കണ്ടെയ്‌ൻമെന്റ് സോണിൽ വാക്സിനേഷൻ ഉണ്ടാകില്ല.  ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി അഞ്ച് വവ്വാലുകളുടെ സാമ്പിളുകള്‍ ഇന്ന് ഭോപ്പാലിലേക്ക് അയക്കുന്നുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു.