ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

 
devananda

കാസര്‍കോട് ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ്പോയിന്റ് മാനേജിങ് പാര്‍ട്ണര്‍ മംഗളൂരു സ്വദേശി അനക്സ്, ഷവര്‍മയുണ്ടാക്കിയ നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ മറ്റൊരു മാനേജിങ് പാര്‍ട്ണറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്പോയിന്റില്‍നിന്ന് ഷവര്‍മ കഴിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനി കണ്ണൂര്‍ കരിവെള്ളൂര്‍ പെരളം സ്വദേശി 16 വയസുകാരിയായ ദേവനന്ദ് ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചത്. ഷവര്‍മ കഴിച്ച മറ്റു 17 വിദ്യാര്‍ഥികളെ ശാരീരികാസ്വാസ്ഥ്യങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ദേവനന്ദയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. 

ഭക്ഷ്യ വിഷബാധയേറ്റ് 31 പേരാണ് ചികിത്സയില്‍ കഴിയുന്നത്. വെള്ളിയാഴ്ചയാണ് ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്‌പോയന്റില്‍നിന്ന് ദേവനന്ദയടക്കമുള്ളവര്‍ ഷവര്‍മ കഴിച്ചത്. ഞായറാഴ്ച രാവിലെയോടെ കുട്ടികള്‍ക്ക് ഛര്‍ദി, വയറുവേദന, പനി തുടങ്ങിയ ലക്ഷണങ്ങള്‍ 
കാണിച്ചത്. ഷവര്‍മയില്‍ ഉപയോഗിച്ച പഴകിയ മയോണൈസാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്‌പോയന്റ് ഭക്ഷ്യസുരക്ഷാ ജീവനക്കാരെത്തി അടപ്പിച്ചു. സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സില്ലെന്നാണ് വിശദീകരണം. ഇവിടത്തെ ഭക്ഷ്യവസ്തുക്കളുടെ സാംപിള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. 
സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി.