വീട്ടില്‍ അതിക്രമിച്ചുകയറി യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ച 20കാരി മരിച്ചു

 
Nedumangadu Crime

നെടുമങ്ങാട് യുവാവ് വീട്ടിൽക്കയറി കുത്തിപ്പരിക്കേൽപ്പിച്ച പെൺകുട്ടി മരിച്ചു. വാണ്ട സ്വദേശി സൂര്യഗായത്രിയാണ് (20) കൊല്ലപ്പെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ‌്ക്കാണ് പെൺകുട്ടിക്ക് കുത്തേറ്റത്. പ്രതി അരുണിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരെ വീട്ടിലെത്തിയായിരുന്നു പ്രതിയുടെ ആക്രമണം.

അടുക്കളവാതിലിലൂടെ അകത്തുകടന്ന അരുണ്‍, സൂര്യയെ കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നതുകണ്ട അമ്മ വത്സല തടയാന്‍ ശ്രമിക്കുന്നതിനിടെ അമ്മയെയും അരുണ്‍ കുത്തി. പുറത്ത് കസേരയിലിരിക്കുകയായിരുന്ന അച്ഛന്‍ ശിവദാസനെയും അരുണ്‍ ക്രൂരമായി മര്‍ദ്ദിച്ചു. സൂര്യയുടെ തലമുതല്‍ കാല്‍ വരെ പതിനേഴ് ഇടങ്ങളിലാണ് അരുണ്‍ കുത്തിയത്. സൂര്യഗായത്രിയുമായി അരുണിന് മുൻപരിചയം ഉണ്ടായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ തെറ്റി. പലതവണ സൂര്യഗായത്രി അരുണിനെതിരെ പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവുമായി പിണങ്ങി അമ്മയോടൊപ്പമാണ് സൂര്യഗായത്രി കഴിഞ്ഞ ആറ് മാസമായി കഴിഞ്ഞിരുന്നത്. അരുണും വിവാഹിതനാണ്.