വിജയ് ബാബുവിനെതിരേ നടപടി; തീരുമാനമെടുക്കാന്‍ എഎംഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റി ഇന്ന്

ബലാത്സംഗ കേസില്‍ പ്രതിയായ നടന് വിജയ് ബാബുവിനെതിരേ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് താരസംഘടനയായ എഎംഎംഎയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഇന്നു ചേരും. വിജയ് ബാബുവിനെതിരേ നടപടിയുണ്ടാകുമെന്നാണ് വിവരം. ഇയാള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ആഭ്യന്തര പരാതി പരിഹാര സമിതി എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടിയുണ്ടാവുക.

എഎംഎംഎയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗ് കൂടിയാണ് വിജയ് ബാബു. അതുകൊണ്ട് തന്നെ അയാള്‍ക്കെതിരേയുള്ള പരാതി സംഘടന ഗൗരവമായിട്ടാണ് കാണുന്നതെന്നാണ് എഎംഎംഎ വൃത്തങ്ങള്‍ പറയുന്നത്. കുറ്റാരോപിതനെതിരേ സംഘടന നടപടി സ്വീകരിക്കുന്നില്ലെന്നും പ്രതികരണം പോലും നടത്തുന്നില്ലെന്നും വിമന്‍ ഇന്‍ സിനിമ കളക്ടീവ് അടക്കം വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈയൊരു സാഹചര്യം കൂടി കണക്കിലെടുത്ത് ഉചിതമായൊരു തീരുമാനത്തിലേക്കായിരിക്കും ഇന്നത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി എത്തിച്ചേരുക. വിജയ് ബാബുവിനെ ഭാരവാഹിത്വത്തില്‍ നിന്നും നീക്കം ചെയ്തേക്കുമെന്നും അറിയുന്നു. ബലാത്സംഗ കുറ്റത്തിന് കേസ് നേരിടുന്ന ഒരു പ്രതിയെന്ന നിലയില്‍ വിജയ് ബാബുവില്‍ നിന്നും രാജി ആവശ്യപ്പെടാനും ചില അംഗങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശനിയാഴ്ച്ച ഒരു അടിയന്തര എക്സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേര്‍ന്നിരുന്നു.
വിജയ് ബാബുവിനെതിരേ നടി പരാതി നല്‍കിയതിനു പിന്നാലെ തന്നെ ആഭ്യന്തര പരാതി പരിഹാര സമിതി അടിയന്തര യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് മൂന്നു തവണ കൂടി സമിതി യോഗം ചേരുകയും അതിനുശേഷം റിപ്പോര്‍ട്ട് തയ്യാറാക്കുകയുമായിരുന്നു. എഎംഎംഎയുടെ നിയമാവലി ഭേദഗതി ചെയ്ത ശേഷം സംഘടനയ്ക്കു മുന്നില്‍ വരുന്ന ആദ്യത്തെ പരാതിയാണിത്. അതുകൊണ്ട് തന്നെ വലിയ പ്രാധാന്യത്തോടെ തന്നെ ഈ വിഷയം കൈകാര്യം ചെയ്യാന്‍ സംഘടന ശ്രമിക്കുമെന്നും അറിയുന്നു.
പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ വിജയ് ബാബു ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളിപ്പോള്‍ ഗള്‍ഫില്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. തീര്‍ച്ചയായും അറസ്റ്റ് ഉണ്ടാകുമെന്നും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള എല്ലാ വഴികളും നോക്കുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അയാള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.അതേസമയം വിജയ് ബാബു മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.