നടിയും മോഡലുമായ ഷഹാന ദുരൂഹ സാചര്യത്തില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍

നടിയും മോഡലുമായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ് സ്വദേശി ഷഹാനയെയാണ് കോഴിക്കോട് ചേവയൂരില്‍ ജനലഴിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഷഹാനയുടേത് കൊലപാതകമാണെന്നും ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവ് സജാദ് ഷഹാനയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നാണ് മാതാവ് പറയുന്നത്. പലതവണ ഷഹാന വിളിച്ച് തന്നെയിവര്‍ കൊല്ലുമെന്നും അല്ലെങ്കില്‍ മരിക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നതായും ബന്ധുക്കള്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തുന്നുണ്ട്. ഷഹാന തങ്ങളെയെല്ലാം അവളുടെ ഇരുപതാം പിറന്നാളിന് ക്ഷണിച്ചിരുന്നതാണെന്നും അതിനുശേഷം പെട്ടെന്ന് ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നുമാണ് കൊലപാതക ആരോപണത്തില്‍ ഉറച്ചു നിന്നുകൊണ്ട് ബന്ധുക്കള്‍ പറയുന്നത്.

രാത്രി ഒരുമണിയോടെ തൊട്ടുടുത്തുള്ള വീട്ടുകാര്‍ വിളിച്ചറിയിച്ചപ്പോഴാണ് ഷഹാന മരിച്ച കാര്യം അറിയുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. സജാദ് നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് ഷഹാന പലതവണ പറഞ്ഞിട്ടുണ്ടെന്നും ഒരു ബന്ധു പറയുന്നുണ്ട്. ഒരു തമിഴ് സിനിമയില്‍ ഷഹാന നായികയായി അഭിനയിച്ചിരുന്നു. ഇതിനു കിട്ടിയ പ്രതിഫലം വാങ്ങിയെടുക്കാന്‍ സജാദ് പലരീതിയില്‍ ഉപദ്രവിച്ചിരുന്നുതായി ഷഹാന തന്നെ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് സഹോദരമാരില്‍ ഒരാള്‍ മാധ്യമങ്ങളോടു പറഞ്ഞു.