'സില്‍വര്‍ ലൈന്‍ നരകത്തിലെ പദ്ധതി; ഡിപിആര്‍ തയ്യാറാക്കുന്നതിനുമുമ്പ് നടക്കേണ്ട സുപ്രധാന പഠനങ്ങള്‍ പോലും നടത്തിയിട്ടില്ല'

കേരളത്തിലെ സാമൂഹ്യ-സാമ്പത്തിക-പാരിസ്ഥിതിക വ്യവസ്ഥകളുടെ നിലനില്‍പ്പിനെ തകര്‍ക്കുന്നതും ആദ്യാവസാനം അബദ്ധങ്ങളാല്‍ തയ്യാറാക്കപ്പെട്ടിട്ടുള്ളതുമായ സില്‍വര്‍ലൈന്‍ പദ്ധതിയെ 'നരകത്തിലെ പദ്ധതി' എന്നാണ് വിശേഷിപ്പിക്കേണ്ടതെന്ന് സാങ്കേതിക വിദഗ്ധനും റെയില്‍വേ മുന്‍ എന്‍ജിനീയറുമായ അലോക് കുമാര്‍ വര്‍മ്മ. ഇത്തരമൊരു വിനാശകരമായ പദ്ധതിയെ അഭിമാന പദ്ധതിയായി സര്‍ക്കാര്‍ കാണുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. അതീവ രഹസ്യ രേഖയെന്ന് സര്‍ക്കാര്‍ വിശേഷിപ്പിച്ച വിശദ പദ്ധതി രേഖ (ഡിപിആര്‍) തയ്യാറാക്കുന്നതിനുമുമ്പ് നടക്കേണ്ടതായ ജിയോളജിക്കല്‍ സര്‍വേ, ഹൈഡ്രോളജിക്കല്‍ സര്‍വേ ഉള്‍പ്പെടെ സുപ്രധാന പഠനങ്ങള്‍ പോലും നടത്തിയിട്ടില്ലെന്നും അലോക് കുമാര്‍ വര്‍മ്മ പറഞ്ഞു. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാശ്മീരിലെ ശ്രീനഗറിലേക്കുള്ള റയില്വേയെക്കാളേറെ കയറ്റിറക്കങ്ങളും കേരളത്തില്‍ നിലവിലുള്ള പാതയെക്കാളേറെ വളവുതിരിവുകളുമുള്ള അലൈന്മെന്റാണ് നിര്‍ദ്ദിഷ്ട സില്‍വര്‍ ലൈനിന്റേത്. ബ്രോഡ്ഗേജ് ആയിരുന്ന പദ്ധതി സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആയതും സ്റ്റാന്റ് എലോണ്‍ ആയതും, പൂര്‍ണമായും തൂണുകളില്‍ എലിവേറ്റഡായി വിഭാവനം ചെയ്ത പദ്ധതിയില്‍ 80 ശതമാനം എംബാങ്ക്മെന്റ് ആക്കിയതും എല്ലാം ദുരുദ്ദേശപരമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയങ്ങളോ വെള്ളപ്പൊക്കമോ ഇതിന്റെ വക്താക്കള്‍ പരിഗണിച്ചിട്ടില്ല. സാമൂഹ്യാഘാത വശങ്ങള് പരിഗണിച്ചിട്ടില്ല. ജപ്പാന് നാണയമായ യെന്‍ അടിസ്ഥാനമാക്കി തിരിച്ചടയ്ക്കേണ്ട വായ്പയുടെ ഭീമമായ പലിശയും പരിഗണിക്കപ്പെട്ടില്ല. അങ്ങനെ സമ്പൂര്‍ണമായും നാശത്തിന്റെ കുറിപ്പടിയാല് തയ്യാറാക്കപ്പെട്ടിട്ടുള്ള ഈ പദ്ധതിയെ അഭിമാന പദ്ധതിയായി സര്‍ക്കാര്‍ അവതരിപ്പിക്കുന്നതിന്റെ ന്യായം മനസിലാകുന്നില്ല. ഇതുസംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ പ്രതിരോധ സമിതി പ്രസിഡന്റ് പ്രൊഫ. കെ. അരവിന്ദാക്ഷന് അധ്യക്ഷത വഹിച്ചു. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും സമിതി നേതാക്കളും സംസാരിച്ചു. സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രക്ഷോഭത്തിലെ വീട്ടമ്മമാരുടെ ചെറുത്തുനില്‍പ്പിന്റെ പ്രതിനിധികളായി, ക്രൂരമായ പൊലീസ് നടപടി നേരിട്ട റോസ്ലിന് ഫിലിപ്പ് മാടപ്പള്ളി, സിന്ധു ജയിംസ് ചെങ്ങന്നൂര്‍ എന്നിവരെ ആദരിച്ചു. കേരളത്തിലെ സാഹോദര്യം തകര്‍ക്കുന്ന ആക്രമണങ്ങള്‍ക്കെതിരായ പ്രമേയവും സംഗമത്തില്‍ അവതരിപ്പിച്ചു.