പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമം; വിജയ് ബാബുവിനെതിരേയുള്ള അറസ്റ്റ് വാറന്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി 

വിജയ് ബാബുവിനെ കണ്ടെത്താന്‍ ദുബായി പൊലീസിന്റെ സഹായം തേടും
 
vijay babu

തനിക്കെതിരേയുള്ള ബലാത്സംഗ കേസ് അട്ടിമറിക്കാന്‍ വിജയ് ബാബു ശ്രമിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ട്. വിജയ് ബാബു ഇപ്പോള്‍ വിദേശത്ത് ഒളിവിലാണുള്ളത്. ഇതോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ അന്വേഷണം ത്വരിതഗതിയിലാക്കി. ഇയാളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞ ദിവസം അഡീ. സിജെഎം കോടതിയില്‍ നിന്നും വാങ്ങിയ വാറന്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പൊലീസ് കൈമാറി. അറസ്റ്റ് വാറന്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി ഇന്റര്‍പോളിനും ദുബായ് പൊലീസിനും കൈമാറുമെന്നുമാണ് വിവരം.

വിജയ് ബാബുവിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള ഭാഗമായിട്ടാണ് ഇപ്പോഴത്തെ നടപടികള്‍. ദുബായ് പൊലീസിന്റെ സഹായത്തോടെ വിജയ് ബാബു എവിടെയാണെന്ന് കണ്ടെത്താനാണ് അറസ്റ്റ് വാറന്റ് ദുബായ് പൊലീസിന് കൈമാറുന്നത്. ദുബായ് പൊലീസ് ഇയാളെ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ നാട്ടിലേക്ക് അയക്കും.

പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നും വിജയ് ബാബു ഫോണില്‍ വിളിച്ച് പരാതിക്കാരിയായ പുതുമുഖ നടിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന സാക്ഷിമൊഴികളാണ് അന്വേഷണ സംഘത്തിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. സിനിമരംഗത്തുള്ള ചിലരെയും ഉപയോഗിച്ച് പരാതിക്കാരിയെ സ്വാധീനിക്കാന്‍ വിജയ് ബാബു ശ്രമിക്കുന്നതായും വിവരം കിട്ടിയിട്ടുണ്ട്. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിദേശത്തുള്ള വിജയ് ബാബു കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കി അയാളെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം കേരള പൊലീസ് തേടുന്നത്. വിജയ് ബാബുവുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പറുകളെല്ലാം പൊലീസ് നിരീക്ഷിക്കുന്നുണ്ട്. അതേസമയം ഇയാള്‍ക്കെതിരേ മൊഴി നല്‍കാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടു വന്നിട്ടുള്ളതായും പറയുന്നു. ഈ മാസം 18 ന് വിജയ് ബാബു നല്‍കിയിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.