ഓട്ടോയില്‍ സ്ഫോടനം നടത്തി ഭാര്യയെയും മകളെയും കൊന്നു; നാടിനെ നടുക്കി മൂന്നു മരണം
അഞ്ചു വയസുള്ളൊരു കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്

ഭാര്യയെയും മക്കളെയും ഗുഡ്സ് ഓട്ടോയ്ക്കുള്ളി പൂട്ടിയിട്ടശേഷം തീകൊളുത്തിയ ഗൃഹനാഥന്റെ ക്രൂരതയില്‍ യുവതിയും 11 വയസുള്ള മകളും കൊല്ലപ്പെട്ടു. ഇവരുടെ മറ്റൊരു മകളായ അഞ്ചു വയസുകാരി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഈ ക്രൂരത ചെയ്തശേഷം ഗൃഹനാഥന് കിണറ്റില്‍ ചാടി ജീവനൊടുക്കുകയും ചെയ്തു. ശരീരത്തില്‍ തീപിടിച്ചപ്പോള്‍ ഇയാള്‍ കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നും പറയുന്നു.

മലപ്പുറം പെരിന്തല്‍മണ്ണയിലാണ് നാടിനെ നടുക്കിയ അരുംകൊലകള്‍ നടന്നത്. മാമ്പുഴ സ്വദേശി മുഹമ്മദാണ് ഭാര്യ ജാസ്മിന്, മക്കളായ ഫാത്തിമത്ത് സഫ, ഷിഫാന എന്നിവരെ ഗുഡ്സ് ഓട്ടോയില്‍ കയറ്റി പൂട്ടിയേഷം തീവച്ചത്. തീ പടര്‍ന്ന് ഓട്ടോ പൊട്ടിത്തെറിച്ചു. മുഹമ്മദ് ഓട്ടോയില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചിരുന്നു. പടക്കമടക്കമുള്ള സ്ഫോടക വസ്തുക്കള്‍ ഓട്ടോയില്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ കുറച്ചു നാളുകളായി മുഹമ്മദും ജാസ്മിനും കുടുംബപ്രശ്നങ്ങള്‍ മൂലം അകന്ന് കഴിയുകയായിരുന്നു. ജാസ്മിന് മക്കളുമായി സ്വന്തം വീട്ടിലായിരുന്നു. പ്രശ്നങ്ങള്‍ തീര്‍ത്ത് ഭാര്യയെയും മക്കളെയും തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനെന്ന പേരിലാണ് മുഹമ്മദ് എത്തിയത്. വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞ് നയത്തില്‍ ജാസ്മിനെയും മക്കളെയും ഇയാള്‍ വിളിച്ചു വരുത്തുകയായിരുന്നു. ജാസ്മിനും മക്കളും വന്ന് ഓട്ടോയില്‍ കയറിയ ഉടനെ തന്നെ മുഹമ്മദ് ഓട്ടോ പുറത്തു നിന്നും ലോക്ക് ചെയ്ത് തീയിടുകയായിരുന്നു. ജാസ്മിനും മക്കള്‍ക്കും എന്തെങ്കിലും ചെയ്യാനാകുന്നതിനു മുമ്പേ തന്നെ ഓട്ടോയില്‍ തീപടര്‍ന്ന് സ്ഫോടനം നടന്നു കഴിഞ്ഞിരുന്നു.
പാണ്ടിക്കാട് പെരിന്തല്‍മണ്ണ റോഡിലുള്ള കൊണ്ടിപ്പറമ്പിലെ പഞ്ചായത്ത് റോഡില്‍ ജാസ്മിന്റെ വീടിനു സമീപത്തു വച്ചായിരുന്നു സംഭവം നടന്നത്. സ്ഫോടനം നടന്നയുടനെ സമീപത്തുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നു. സ്ഫോടനത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാകണം അയാള്‍ കിണറ്റില്‍ ചാടിയതെന്നുമുള്ള അനുമാനമുണ്ട്. കിണറിന് സമീപം ഓട്ടോ നിര്‍ത്തിയിട്ടിരുന്നതിനു പിന്നിലും ഈയൊരു ലക്ഷ്യമാണെന്നു കരുതുന്നു. എന്നാല്‍ ഇയാള്‍ക്കും ജീവന് നഷ്ടമാവുകയായിരുന്നു.
ഉഗ്രസ്ഫോടനമായിരുന്നു നടന്നതെന്നാണ് സമീപവാസികള്‍ പറയുന്നത്. വലിയ ശബ്ദമായിരുന്നു സ്ഫോടനത്തെ തുടര്‍ന്നുണ്ടായത്. ആളുകള്‍ ഓടിയെത്തുമ്പോഴെക്കും ഓട്ടോ കത്തിയെരിയുകയായിരുന്നു. അരമണിക്കൂറിനുമേല് സമയമെടുത്താണ് ഓട്ടോയിലെ തീയണയ്ക്കാന്‍ കഴിഞ്ഞത്. ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു ജാസ്മിനും മക്കളും. ആശുപത്രിയില്‍ എത്തിക്കുമ്പോഴെക്കും ജാസ്മിനും സഫയും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷിഫാന തീവ്രപരിചരണത്തിലാണ്. സ്ഫോടനം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മുഹമ്മദിനെ കിണറ്റില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴെയും ഇയാളും മരിച്ചിരുന്നു.
പോക്സോ കേസിലടക്കം പ്രതിയായ ആളാണ് മുഹമ്മദെന്നാണ് കിട്ടുന്ന വിവരം. ഇയാള്‍ കുറച്ചു കാലമായി കാസറഗോഡ് മത്സ്യവില്‍പ്പനയുമായി കഴിയുകയായിരുന്നു. പെരുന്നാളിനോടനുബന്ധിച്ചാണ് നാട്ടിലെത്തിയതെന്ന് പറയുന്നു. ആ സമയത്താണ് ഭാര്യയെയും മക്കളെയും കൊല്ലാന്‍ ആസൂത്രണം നടത്തിയതും അത് നടപ്പാക്കിയതും.