'യുപിയില്‍ നിന്ന് ബുള്‍ഡോസര്‍ രാഷ്ട്രീയം മദ്ധ്യപ്രദേശിലെത്തി, ഇപ്പോള്‍ ഡല്‍ഹിയിലും'

 
delhi

സുപ്രീം കോടതി ഉത്തരവ് അവഗണിച്ച് കെട്ടിടങ്ങള്‍ പൊളിക്കുന്നത് തുടര്‍ന്ന ജഹാംഗീര്‍പുരിയില്‍ പ്രതിഷേധവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് എത്തിയതില്‍ പ്രതികരിച്ച് മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ നേതാവ് തോമസ് ഐസക്ക്. ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസറിനു മുന്നില്‍ കൈചുണ്ടി നില്‍ക്കുന്ന ബൃന്ദ സാമൂഹ്യമാധ്യമങ്ങളില്‍ വലിയൊരു പ്രതീകമായി മാറിയിരിക്കുകയാണെന്നും വര്‍ഗ്ഗീയ ബുള്‍ഡോസറുകളെ തടയുകതന്നെ ചെയ്യുമെന്ന പ്രഖ്യാപനമാണിതെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു. 

''ബുള്‍ഡോസര്‍ രാഷ്ട്രീയം തുടങ്ങിയത് യോഗിയാണ്. അദ്ദേഹം സ്വയം പ്രോസിക്യൂട്ടറും ജഡ്ജിയുമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഏതെങ്കിലും ആക്രമണ കേസില്‍പ്പെട്ടാല്‍ അവരുടെയും ബന്ധപ്പെട്ടവരുടെയും വീടുകളും വ്യാപാരസ്ഥാപനങ്ങളും ഇടിച്ചുപൊളിക്കുമെന്നാണു പ്രഖ്യാപനം. ഇതു ചെയ്യാന്‍ യാതൊരു നിയമവും ചട്ടവും അനുവദിക്കുന്നില്ലായെന്നുള്ളതൊന്നും യോഗിക്കു ബാധകമല്ലെന്നും'' തോമസ് ഐസക്ക് പറയുന്നു.

തോമസ് ഐസക്ക് പറഞ്ഞത് - 
 
കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ വര്‍ഗ്ഗീയതയ്‌ക്കെതിരായ പ്രമേയം അവതരിപ്പിച്ചുകൊണ്ട് സ. ബൃന്ദാ കാരാട്ട് യോഗിയുടെ ബുള്‍ഡോസര്‍ ശിക്ഷാവിധിയെക്കുറിച്ച് ധാര്‍മ്മികരോക്ഷത്തോടെ സംസാരിച്ചു. ഇന്ന് ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസറിനു മുന്നില്‍ കൈചൂണ്ടി നില്‍ക്കുന്ന സ. ബൃന്ദ സാമൂഹ്യമാധ്യമങ്ങളില്‍ വലിയൊരു പ്രതീകമായി മാറിയിരിക്കുകയാണ്. വര്‍ഗ്ഗീയ ബുള്‍ഡോസറുകളെ തടയുകതന്നെ ചെയ്യുമെന്ന പ്രഖ്യാപനമാണിത്. 

ബുള്‍ഡോസര്‍ രാഷ്ട്രീയം തുടങ്ങിയത് യോഗിയാണ്. അദ്ദേഹം സ്വയം പ്രോസിക്യൂട്ടറും ജഡ്ജിയുമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഏതെങ്കിലും ആക്രമണ കേസില്‍പ്പെട്ടാല്‍ അവരുടെയും ബന്ധപ്പെട്ടവരുടെയും വീടുകളും വ്യാപാരസ്ഥാപനങ്ങളും ഇടിച്ചുപൊളിക്കുമെന്നാണു പ്രഖ്യാപനം. ഇതു ചെയ്യാന്‍ യാതൊരു നിയമവും ചട്ടവും അനുവദിക്കുന്നില്ലായെന്നുള്ളതൊന്നും യോഗിക്കു ബാധകമല്ല. 

യുപിയില്‍ നിന്ന് ബുള്‍ഡോസര്‍ രാഷ്ട്രീയം മദ്ധ്യപ്രദേശിലെത്തി. ഇപ്പോള്‍ ഡല്‍ഹിയിലും. ഏപ്രില്‍ 16-ന് രാമനവമി ഘോഷയാത്രയുമായി ബന്ധപ്പെട്ട് മനപൂര്‍വ്വം വര്‍ഗ്ഗീയസംഘര്‍ഷം ഉണ്ടാക്കി. ഡല്‍ഹിയില്‍ ബിജെപി പ്രസിഡന്റ് ആദേഷ് ഗുപ്ത ലഹളയില്‍ സ്വയംപ്രതിരോധിച്ച മുസ്ലിം പ്രദേശവാസികള്‍ അനധികൃതമായാണ് അവിടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയതെന്നും അവ അടിച്ചുനിരത്തണമെന്നും പരസ്യമായി പ്രഖ്യാപിച്ചു. ഈ ആഹ്വാനം നടപ്പാക്കാന്‍ കെയര്‍ ടേക്കര്‍ നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കച്ചകെട്ടിയിറങ്ങി. 

ഒരു ഇടിച്ചുനിരത്തല്‍ നടത്താന്‍ ഇന്നലെ പ്ലാനിട്ടിരുന്നു. പൊലീസിനെ കിട്ടാത്തതുകൊണ്ട് ഇന്നത്തേക്ക് മാറ്റി. അത് തടയണമെന്നാവശ്യപ്പെട്ട് ഇരകള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കോടതി പക്ഷെ കനിഞ്ഞില്ല; കേസ് ഇന്ന് ഉച്ചത്തേക്ക് മാറ്റി. ഒരാള്‍ക്കുപോലും നോട്ടീസ് നല്‍കിയിട്ടില്ല. അവരുടെ വിശദീകരണം കേട്ടിട്ടില്ല. പക്ഷെ രാവിലെ മുതല്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വീടുകള്‍ തകര്‍ക്കാന്‍ ആരംഭിച്ചു. AILU ജനറല്‍ സെക്രട്ടറി പി.വി. സുരേന്ദ്രനാഥും കപില്‍സിബലും ദുഷ്യന്ത് ദാവേയും 10.45-ന് സുപ്രിംകോടതിയില്‍ പെറ്റീഷന്‍ നീക്കി. കോടതി സ്റ്റേ നല്‍കി. എന്നാല്‍ ഗുണ്ടകളും പൊലീസും നിര്‍ബാധം അവരുടെ ബുള്‍ഡോസര്‍ ആക്രമണം തുടര്‍ന്നു. അങ്ങനെയാണ് 12.20-ന് സ. ബൃന്ദ കാരാട്ട് സുപ്രിംകോടതി വിധിയുമായിട്ട് പ്രാദേശിക ജനങ്ങളുമായി ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തെ ചെറുക്കുന്നതിനു രംഗത്ത് എത്തിയത്. തല്‍ക്കാലം ഇടിച്ചുനിരത്തല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

നരേന്ദ്ര മോദിയുടെ ബിജെപി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള അജണ്ടകൂടിയാണ് തയ്യാറാക്കുന്നത്. ഉത്തര്‍പ്രദേശില്‍ ബുള്‍ഡോസര്‍ ബാബയായി മാറിയ യോഗി ആദിത്യ നാഥ് ഇടിച്ചുനിരത്തിയ വീടുകള്‍ ഏതാണ്ട് എല്ലാം മുസ്ലിംങ്ങളുടേതായത് യാദൃച്ഛികമല്ല. രാമനവമിയും ഹനുമാന്‍ ജയന്തിയും പോലുള്ള ഹിന്ദു ആഘോഷങ്ങള്‍ മുസ്ലീങ്ങള്‍ക്കെതിരായ വര്‍ഗീയ കലാപങ്ങള്‍ക്കുള്ള മറയാക്കുകയാണ് സംഘപരിവാര്‍. വടക്കേ ഇന്ത്യയെപ്പോലെ കേരളത്തെയും മാറ്റാന്‍ അനുവദിക്കണമോയെന്നുള്ളതാണ് നമ്മുടെ മുന്നിലുള്ള ചോദ്യം. ഹിന്ദുവര്‍ഗ്ഗീയ ഫാസിസത്തിന്റെ ബുള്‍ഡോസര്‍ ഇടിച്ചുനിരത്തലിനെതിരായി പ്രസ്താവന പോരാ ഇന്നു ബൃന്ദാ കാരാട്ട് ചെയ്തതുപോലെ കക്ഷിരാഷ്ട്രീയത്തിനതീതമായി മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒരുമിച്ചു തെരുവിലിറങ്ങണം.