മൂന്ന് ഇരുചക്ര വാഹനങ്ങളില്‍ ആറംഗ സംഘം; മൂന്നുപേര്‍ കൊല നടത്തി, അതിവേഗം രക്ഷപ്പെട്ടു: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പാലക്കാട് മേലാമുറിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസനെ (45) വെട്ടിക്കൊലപ്പെടുത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. രണ്ട് ബൈക്കിലും ഒരു സ്കൂട്ടറിലുമായെത്തിയ ആറംഗ സംഘം റോഡ് മുറിച്ചുകടന്ന ശേഷം ശ്രീനിവാസന്റെ കടയുടെ മുന്നില്‍ നിര്‍ത്തി. ഒരു ബൈക്കിന്റെ പിന്നിലിരുന്നയാള്‍ ആദ്യം ഓടി കടയില്‍ കയറി. പിന്നാലെ, മറ്റു രണ്ട് വാഹനത്തിന്റെ പിന്നിലിരുന്നവരും കടയിലേക്ക് ഇരച്ചുകയറി. വാഹനം ഓടിച്ചിരുന്നവര്‍ അത് നിര്‍ത്താതെ കാത്തിരുന്നു. അകത്ത് കയറിയ മൂന്നുപേരും ശ്രീനിവാസനെ വെട്ടിയശേഷം തിരികെ ഓടി വന്ന് ബൈക്കില്‍ കയറുന്നതും അതിവേഗം സ്ഥലംവിടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടുന്നതും ദൃശ്യങ്ങളില്‍ കാണാം. ശ്രീനിവാസന്റെ എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തിന്റെ എതിര്‍വശത്തുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മുകളിലുള്ള സിസിടിവിയില്‍നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. കൈക്കും കാലിനും തലയുടെ ഭാഗത്തുമാണ് ശ്രീനിവാസന് വെട്ടേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടു മണിയോടെ മരിച്ചു. കടയില്‍ കയറിയ മൂന്ന് അക്രമികളുടെ കൈയിലും വാള് ഉണ്ടായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ നല്കുന്ന വിവരം. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്നു ശ്രീനിവാസന്. മേലാമുറിയില്‍ വര്‍ഷങ്ങളായി എസ്കെഎസ് ഓട്ടോസ് എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുകയായിരുന്നു.
പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തി