'കുറ്റകൃത്യം, സ്വമേധയ കേസെടുക്കണം'; സമസ്ത നേതാവ് പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ചതിനെതിരേ ഗവര്‍ണര്‍

ഈ സംഭവത്തില്‍ പ്രതികരിക്കാത്ത രാഷ്ട്രീയ നേതാക്കളെയോര്‍ത്ത് ലജ്ജിക്കുന്നുവെന്നും ഗവര്‍ണര്‍
 
governor

പുരസ്‌കാരം നല്‍കാന്‍ പൊതുവേദിയിലേക്ക് ക്ഷണിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സമസ്ത നേതാവിനെതിരേ നടപടി സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പെണ്‍കുട്ടിയെ വേദിയില്‍ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നുവെന്നും ഇതിനെതിരേ നടപടിയെടുക്കണമെന്നും, ഈ സംഭവത്തില്‍ പ്രതികരിക്കാത്ത രാഷ്ട്രീയ നേതാക്കളെയോര്‍ത്ത് ലജ്ജിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു സമസ്ത നേതാവിന്റെ നടപടിയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ രോഷം കൊണ്ടത്.

സമസ്ത വേദിയില്‍ നടന്നത് ഒരു കുറ്റകൃത്യമല്ലാതെ മറ്റൊന്നുമായി കാണുന്നില്ലെന്നും അത്യന്തം ഖേദകരമായ സംഭവമാണ് നടന്നതെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. സ്വമേധയ കേസ് എടുക്കേണ്ടതാണെന്നും ഇത്തരം ആളുകളാണ് ഇസ്ലാമോഫോബിയ പരത്താന്‍ കാരണമാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്ത്രീ പുരുഷ സമത്വത്തിന് ഇത്രയേറെ പ്രാധാന്യം കല്‍പ്പിക്കുന്ന കേരളീയ സമൂഹത്തിന്റെ നിശബ്ദത അതീവ ഖേദകരമാണ്. മുസ്ലിം സ്ത്രീകളെ വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ തളച്ചിടാനുള്ള പുരോഹിതരുടെയും മത നേതാക്കളുടെയും ശ്രമമാണ് ഇതിനു പിന്നില്‍. ഇതിന് ഖുര്‍ ആന്‍ വചനങ്ങളുടെയോ ഭരണഘടനയുടെയോ പിന്‍ബലമില്ല' എന്നും തന്റെ അഭിപ്രായമായി ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

പെണ്‍കുട്ടിയെ അപമാനിച്ച സമസ്ത നേതാവിന്റെ നടപടിയെ അപലപിച്ച് മന്ത്രി വീണ ജോര്‍ജും രംഗത്തു വന്നിരുന്നു. പരിഷ്‌കൃത സമൂഹത്തിന് യോജിച്ച പ്രവര്‍ത്തിയല്ലിതെന്നും പെണ്‍കുട്ടിക്കുള്ള അംഗീകാരം അവര്‍ തന്നെയാണ് വാങ്ങേണ്ടതെന്നും അവരെ പ്രതിനിധീകരിച്ച് മറ്റാരുമല്ല അത് വാങ്ങേണ്ടതെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

മദ്രസ കെട്ടിടം ഉത്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ ഭാഗമായി വേദിയിലേക്ക് ക്ഷണിച്ചത്. പെണ്‍കുട്ടി എത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങിയതോടെയാണ് സമസ്ത നേതാവ് അബ്ദുല്ല മുസ്ലിയാര്‍ രോഷപ്രകടനം നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങള്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനമാണ് സമൂഹത്തില്‍ നിന്നും ഉയര്‍ന്നത്.