വിഷരഹിതമായ ഷവര്‍മ ഉണ്ടാക്കുന്നതിന് മാനദണ്ഡം ഏര്‍പ്പെടുത്തും

ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്
 
shavarma

സംസ്ഥാനത്ത് ഷവര്‍മ ഉണ്ടാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് മാനദണ്ഡം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തുന്നതിനും വിഷരഹിതമായ ഷവര്‍മ ഉണ്ടാക്കുന്നതിനും ഈ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പലപ്പോഴും ഷവര്‍മയ്ക്കുപയോഗിക്കുന്ന ചിക്കന്‍ മതിയായ രീതിയില്‍ പാകം ചെയ്യാറില്ല. പച്ചമുട്ടയിലാണ് ഷവര്‍മയില്‍ ഉപയോഗിക്കുന്ന മയോണൈസ് ഉണ്ടാക്കുന്നത്. സമയം കഴിയുംതോറും പച്ചമുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടും. അതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. അതിനാല്‍ പാസ്ചറൈസ് ചെയ്ത മുട്ടമാത്രമേ ഉപയോഗിക്കാവൂ. ഈ രണ്ട് കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

പൂര്‍ണമായും ചിക്കന്‍ വേവിക്കാന്‍ കഴിയുന്ന മെക്കനൈസ്ഡ് മെഷീന്‍ മാത്രമേ ഷവര്‍മ ഉണ്ടാക്കുന്നതിന് ഉപയോഗിക്കാവൂ. അതില്‍ നിശ്ചിത അളവില്‍ മാത്രമേ ചിക്കന്‍ വയ്ക്കാന്‍ പാടുള്ളൂ. ചിക്കന്റെ എല്ലാ ഭാഗവും പൂര്‍ണമായും വെന്തു എന്ന് ഉറപ്പാക്കണം. ഏത് ഭക്ഷണം ഉണ്ടാക്കുന്നവരും വിളമ്പുന്നവരും വൃത്തി പാലിക്കണം. കാസര്‍ഗോഡ് ഭക്ഷ്യവിഷബാധയേറ്റ് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്നും മന്ത്രി അറിയിച്ചു. നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന മുദ്രാവാക്യത്തിലൂന്നി സംസ്ഥാനവ്യാപകമായി റെയ്ഡുകള്‍ നടത്തുന്നത് തുടരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പഴകിയ മാംസം, പാതിവെന്ത മാംസം, ഫാസ്റ്റ് ഫുഡിനൊപ്പം നല്‍കുന്ന മയോണൈസ് തയ്യാറാക്കുന്ന രീതി, ശുചിത്വമില്ലാത്ത സാഹചര്യം തുടങ്ങിയവയാണ് പലപ്പോഴും ഷവര്‍മ കഴിച്ചുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കാനും ഷവര്‍മ ഉണ്ടാക്കുന്നതിന് പ്രത്യക മാനദണ്ഡം നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

പ്രവര്‍ത്തന ലൈസന്‍സ് എടുക്കാത്ത കടകള്‍ ജില്ല അടിസ്ഥാനത്തില്‍ പരിശോധിക്കും. ലൈസന്‍സ് ഇല്ലാത്ത കടകള്‍ അടച്ചുപൂട്ടിക്കുമെന്നും നിശ്ചിത മാനദണ്ഡം പാലിക്കാത്ത കടയുടമകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞദിവസം ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്‌പോയിന്റില്‍നിന്ന് ഷവര്‍മ കഴിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനി കണ്ണൂര്‍ കരിവെള്ളൂര്‍ പെരളം സ്വദേശി 16 വയസുകാരിയായ ദേവനന്ദ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചിരുന്നു. ഷവര്‍മ കഴിച്ച മറ്റു 17 വിദ്യാര്‍ഥികളെ ശാരീരികാസ്വാസ്ഥ്യങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. 

ഭക്ഷ്യ വിഷബാധയേറ്റ് 31 പേരാണ് ചികിത്സയില്‍ കഴിയുന്നത്. വെള്ളിയാഴ്ചയാണ് ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്പോയന്റില്‍നിന്ന് ദേവനന്ദയടക്കമുള്ളവര്‍ ഷവര്‍മ കഴിച്ചത്. ഞായറാഴ്ച രാവിലെയോടെ കുട്ടികള്‍ക്ക് ഛര്‍ദി, വയറുവേദന, പനി തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചത്. ഷവര്‍മയില്‍ ഉപയോഗിച്ച പഴകിയ മയോണൈസാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്പോയന്റ് ഭക്ഷ്യസുരക്ഷാ ജീവനക്കാരെത്തി അടപ്പിച്ചു. സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സില്ലെന്നാണ് വിശദീകരണം. ഇവിടത്തെ ഭക്ഷ്യവസ്തുക്കളുടെ സാംപിള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്.