ശ്രീനിവാസന്റെ കൊലപാതകം സുബൈറിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമെന്ന് എഫ്‌ഐആര്‍; ആറ് പ്രതികള്‍

 
Subair Sreenivasan
മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നാളെ സര്‍വകക്ഷിയോഗം 

പാലക്കാട് മേലാമുറിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് പൊലീസ് എഫ്‌ഐആര്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാറ ഏരിയാ പ്രസിഡന്റ് കുപ്പിയോട് സുബൈറിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടാണ് ശ്രീനിവാസന്റെ കൊലപാതകം. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് ആറംഗം സംഘം എത്തിയത്. സുബൈറിന്റെ സുഹൃത്തുക്കളാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നും എഫ്‌ഐആറില്‍ പറയുന്നു. കണ്ടാലറിയാവുന്ന ആറു പേര്‍ എന്നാണ് പ്രതികളെ രേഖപ്പെടുത്തിയിരിക്കുന്നത്. പേരോ മറ്റു വിവരങ്ങളോ, പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ നമ്പറോ എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടില്ല.

അതേസമയം, അക്രമി സംഘം ഉപയോഗിച്ച ഒരു വാഹനത്തിന്റെ ഉടമയെ കണ്ടെത്തി. ഒരു സ്ത്രീയുടെ പേരിലാണ് ബൈക്കുള്ളത്. ഇവര്‍ വായ്പ ആവശ്യത്തിനായി ബൈക്ക് മറ്റൊരാള്‍ക്ക് കൈമാറിയിരുന്നുവെന്നാണ് വിവരം. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. 

പാലക്കാട് നാളെ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയിലാകും യോഗം. നാളെ വൈകിട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും യോഗത്തിലേക്ക് ക്ഷണമുണ്ടാകും. അതേസമയം, ഏതെല്ലാം പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന കാര്യം വ്യക്തമല്ല. എസ്ഡിപിഐയുമായി യാതൊരു സമാധാന ചര്‍ച്ചകളിലും പങ്കെടുക്കില്ലെന്ന് ബിജെപി നേതാക്കള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.