വീട്ടുകാരോട് സംസാരിക്കാന്‍ താല്‍പര്യമില്ല; ഷെജിനൊപ്പം പോകണമെന്നും ജോയ്‌സന; ഹേബിയസ് കോര്‍പസ് തീര്‍പ്പാക്കി

 
Shejin Jyotsna
സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ട് 

 

കോഴിക്കോട് കോടഞ്ചേരിയില്‍ മിശ്ര വിവാഹിതരായ ജോയ്‌സനയും ഷെജിനും ഹൈക്കോടതിയില്‍ ഹാജരായി നിലപാടറിയിച്ചു. താന്‍ ആരുടേയും തടങ്കലില്‍ അല്ലെന്ന് ജോയ്‌സന കോടതിയെ അറിയിച്ചു. വീട്ടുകാരോട് സംസാരിക്കാന്‍ താല്‍പര്യമില്ല. ഭര്‍ത്താവായ ഷെജിനൊപ്പം പോകാനാണ് താല്‍പര്യമെന്നും ജോയ്‌സന വ്യക്തമാക്കി. ഇതോടെ ജോയ്‌സന അന്യായ തടങ്കലില്‍ അല്ലെന്ന് വ്യക്തമായതായി കോടതി പ്രഖ്യാപിച്ചു. ജോയ്‌സനയ്ക്ക് ഭര്‍ത്താവ് ഷെജിനൊപ്പം പോകാമെന്ന് നിര്‍ദേശിച്ച കോടതി ജോയ്‌സനയുടെ മാതാപിതാക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി തീര്‍പ്പാക്കി. 

അതേസമയം, മകളെ ബ്രെയിന്‍ വാഷ് ചെയ്തിരിക്കുകയാണെന്നായിരുന്നു പിതാവ് ജോസഫിന്റെ വാദം. അതുകൊണ്ടാണ് മകള്‍ ഷെജിനെ വിവാഹം ചെയ്തത്. മകള്‍ രാജ്യം വിട്ടു പോയേക്കുമെന്ന ആശങ്കയും മാതാപിതാക്കള്‍ കോടതിയെ അറിയിച്ചു. എന്നാല്‍, ജോയ്‌സന അന്യായ തടങ്കലില്‍ അല്ലെന്ന് വ്യക്തമായതായി കോടതി പ്രഖ്യാപിച്ചു. പെണ്‍കുട്ടിക്ക് സ്വന്തമായി തീരുമാനം എടുക്കാനുള്ള പക്വതയായിട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വി.ജി അരുണ്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. 

മകളെ കാണാനില്ലെന്നു കാണിച്ച് ജോയ്‌സനയുടെ പിതാവ് ജോസഫാണ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നേരത്തെ ജോയ്‌സന താമരശേരി കോടതിയില്‍ ഹാജരായിരുന്നു. സാങ്കേതിക നടപടി ക്രമത്തിന്റെ ഭാഗമായാണ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരായത്. അഭിഭാഷകര്‍ക്കൊപ്പമാണ് ഇരുവരും കോടതിയില്‍ എത്തിയത്. വിവാഹശേഷം ഇരുവരും ആലപ്പുഴയില്‍ ഷെജിന്റെ പിതൃവീട്ടിലാണ് താമസം.