മത വിദ്വേഷ പ്രസംഗം; പി സി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തു

ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നും പുലര്‍ച്ചെ അഞ്ചു മണിക്കാണ് കസ്റ്റഡിയിലെടുത്തത്
 
p c george

മതവിദ്വേഷം പ്രസംഗം നടത്തിയതിന് മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തു. പുലര്‍ച്ചെ അഞ്ചു മണിക്ക് ഈരാറ്റുപേട്ടയിലെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയാണ് ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോവുകയാണ്. തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനമെന്നറിയുന്നു. ജോര്‍ജ് അദ്ദേഹത്തിന്റെ സ്വന്തം വാഹനത്തിലാണ് തിരുവനന്തപുരത്തേക്ക് പോകുന്നത്.അതേസമയം ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തതിനു പിന്നില്‍ സര്‍ക്കാരിന്റെ നിര്‍ബന്ധബുദ്ധിയാണെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് ആരോപിച്ചു. നിയമപരമായ നേരിടുമെന്നും ഷോണ്‍ പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലാണ് മുസ്ലിങ്ങളെ അധിക്ഷേപിച്ചും വര്‍ഗീയ ധ്രുവീകരണത്തിന് സാഹചര്യം സൃഷ്ടിക്കും വിധം പി സി ജോര്‍ജ് പ്രസംഗിച്ചത്. ജോര്‍ജിന്റെ വര്‍ഗീയ പ്രസംഗത്തിനെതിരേ യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും ഡിജിപിക്കുള്‍പ്പെടെ പരാതി നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ശനിയാഴ്ച്ച വൈകിട്ടോടെ ഡിജിപിയുടെ നിര്‍ദേശപ്രകാരം ജോര്‍ജിനെതിരേ കേസ് എടുത്തിരുന്നു. ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്ന ശക്തമായ അഭിപ്രായം ഉയര്‍ന്നിരുന്നു. അറസ്റ്റ് ചെയ്യാതിരിക്കുന്നതിനെതിരേ പ്രതിപക്ഷം സര്‍ക്കാരിനെതിരേ വലിയതോതില്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

കച്ചവടം ചെയ്യുന്ന മുസ്ലിങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു എന്ന തരത്തിലുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ പി സി ജോര്‍ജ് നടത്തിയിരുന്നു. ലുലുമാളില്‍ ഹിന്ദുക്കള്‍ പോകരുതെന്നും ജോര്‍ജ് വര്‍ഗീയധ്രുവീകരണം ലക്ഷ്യമിട്ട് ആവശ്യപ്പെട്ടിരുന്നു. മുസ്ലിങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, തുടങ്ങിയ ആരോപണങ്ങളാണ് പി.സി ജോര്‍ജ് ഉന്നയിച്ചത്.  പി.സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്.

വിഷയത്തില്‍ പി സി ജോര്‍ജിനെതിരെ  പരാതിയുമായി യൂത്ത് ലീഗ് രംഗത്ത് വന്നിരുന്നു. മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്നതും വര്‍ഗീയത നിറഞ്ഞതുമാണ് പ്രസംഗം എന്ന് യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി. ഇതിനെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് ഡി ജി പിക്കും മുഖ്യമന്ത്രിക്കും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പരാതി നല്‍കിയിരുന്നു.

പ്രസംഗത്തിലുടനീളം മുസ്ലിം സമുദായത്തെ പി സി ജോര്‍ജ് വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വ്വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. പി സി ജോര്‍ജിന്റെ ആരോപണങ്ങളെല്ലാം നുണയാണെന്നും ഗൗരവമായി പ്രസംഗത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് പരാതിയില്‍ പറയുന്നു. ഇത്തരം പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കേണ്ടത് നമ്മുടെ നാട്ടില്‍ ക്രമസമാധാനവും മതസൗഹാര്‍ദ്ദവും നിലനിര്‍ത്താന്‍ അനിവാര്യമാണ് എന്നും യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി.

പി.സി ജോര്‍ജിനെതിരെ ഷാഫി പറമ്പില്‍ എംഎല്‍എയും രംഗത്ത് വന്നിരുന്നു. തമ്മിലടിപ്പിക്കല്‍ ശ്വാസവായു തൊഴിലാക്കിയ പി സി ജോര്‍ജ്ജിനെ കേസെടുത്ത് ജയിലിലിടാന്‍ പൊലീസ് തയ്യാറാകണമെന്നും സാംക്രമിക രോഗമായി പടരാന്‍ ആഗ്രഹിക്കുന്ന വര്‍ഗീയതയുടെ സഹവാസിയാണ് പി സി ജോര്‍ജ് എന്നുമായിരുന്നു ഷാഫി പറമ്പിലിന്റെ ആരോപണം. 

ഹിന്ദു മഹാസമ്മേളത്തിന്റെ മൂന്നാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം. യോഗത്തില്‍ അഡ്വ. കൃഷ്ണരാജ്, ബി ജെ പി നേതാവ് സന്ദീപ് വചസ്പതി എന്നിവരും പങ്കെടുത്തിരുന്നു. ഏപ്രല്‍ 27ന് ആരംഭിച്ച ഹിന്ദു മഹാസമ്മേളനം മെയ് ഒന്നിനാണ് അവസാനിക്കുന്നത്. തിരുവനന്തപുരം സൗത്ത് ഫോര്‍ട്ട് പ്രിയദര്‍ശിനി ക്യാമ്പസിലാണ് ഹിന്ദു മഹാ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.