തൃക്കാക്കരയില്‍ ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

തൃക്കാക്കരയില്‍ ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. എറണാകുളം ലിസി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റാണ് ജോ ജോസഫ്. തൃക്കാക്കര മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വാഴക്കാലയിലാണ് ജോ ജോസഫിന്റെ വീട്. പാര്‍ട്ടി ചിഹ്നത്തിലായിരിക്കും അദ്ദേഹം തെരഞ്ഞെടുപ്പ് നേരിടുക.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൃക്കാക്കരയില്‍ അഡ്വ. കെ എസ് അരുണ്‍കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അരുണ്‍കുമാറിന്റെ പേരില്‍ ചില ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ തുടക്കം മുതല്‍ സിപിഎം നേതൃത്വം തള്ളിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ ചര്‍ച്ച ഇന്നാണ് നടന്നതെന്നും ഒറ്റപ്പേരു മാത്രമാണ് സ്ഥാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയതിട്ടുള്ളതെന്നും ജോ ജോസഫിന്റെതല്ലാതെ മറ്റൊരു പേരും ചര്‍ച്ചയ്ക്ക് വന്നിട്ടില്ലെന്നുമാണ് ഇ പി ജയരാജനൊപ്പം മാധ്യമങ്ങളെ കണ്ട മന്ത്രി പി രാജീവ് പറഞ്ഞത്.
ഉമ തോമസാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. സിറ്റിംഗ് എംഎല്‍എ പി ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പി ടി തോമസിന്റെ ഭാര്യയാണ് ഉമ തോമസ്.