ഭീഷണിപ്പെടുത്തലും ശല്യം ചെയ്യലും; മഞ്ജു വാര്യരുടെ പരാതിയില്‍ യുവാവിനെതിരേ കേസ്

മഞ്ജു വാര്യരുടെ പരാതിയില്‍ യുവാവിനെതിരേ കേസ്. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന മഞ്ജുവിന്റെ പരാതിയിലാണ് കേസ്. തനിക്കെതിരേ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചുവെന്നും പിന്തുടര്ന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ മഞ്ജു ഉന്നയിക്കുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മഞ്ജുവില്‍ നിന്നും മൊഴിയെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭീഷണിപ്പെടുത്തല്‍, ഐ ടി ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എളമക്കര പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. പ്രതി എറണാകുളം സ്വദേശിയാണെന്നു മാത്രമാണ് പൊലീസ് പറയുന്നത്. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പ്രതിയുടെ മറ്റുവിവരങ്ങള്‍ പുറത്തു വിടാനാകില്ലെന്നാണ് പൊലീസ് പറയുന്നത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെടുത്തി മഞ്ജുവിനെതിരേ സമൂഹമാധ്യമങ്ങള്‍ വഴി പ്രതി ആരോപണങ്ങളും മറ്റും ഉയര്‍ത്തിയിട്ടുണ്ടെന്നാണ് വിവരം.