'ക്രൈംബ്രാഞ്ച് മേധാവി ശ്രീജിത്തിന്റെ മാറ്റം; സ്ത്രീപീഡനക്കേസുകളിലെ സര്‍ക്കാരിന്റെ കാപട്യവും തനിനിറവും പുറത്തുവന്നിരിക്കുന്നു'

 
KK Rema
സര്‍ക്കാരിന്റെ നെറികെട്ട ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടണം

ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്നും എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കെ.കെ രമ എംഎല്‍എ. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ സംഘത്തലവനെ മാറ്റിയ സര്‍ക്കാര്‍ നടപടി പെണ്‍വേട്ടക്കാരെ സഹായിക്കാനാണെന്ന് രമ ആരോപിച്ചു. അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തിനില്‍ക്കെ അന്വേഷണ സംഘത്തലവനെ അപ്രതീക്ഷിതമായി മാറ്റിയ നടപടി തീര്‍ച്ചയായും പെണ്‍വേട്ടക്കാരെ സഹായിക്കാന്‍ മാത്രമുള്ളതാണ്. കേസന്വേഷണത്തിന്റെ ഗതിവേഗത്തെ ദുര്‍ബലമാക്കാനുള്ള കുറ്റകരമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. സ്ത്രീപീഡനക്കേസുകളിലെ സര്‍ക്കാരിന്റെ കൊടിയ കാപട്യവും തനിനിറവുമാണ് തീരുമാനത്തിലൂടെ വെളിച്ചത്തുവന്നിരിക്കുന്നതെന്നും രമ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 
നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിന്റെ നിര്‍ണ്ണായക ഘട്ടത്തിലെത്തിനില്‍ക്കെ അന്വേഷണ സംഘത്തലവനെ അപ്രതീക്ഷിതമായി  മാറ്റിയ സര്‍ക്കാര്‍ നടപടി തീര്‍ച്ചയായും പെണ്‍വേട്ടക്കാരെ സഹായിക്കാന്‍ മാത്രമുള്ളതാണ്. കേസന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമരപരിധി അവസാനിക്കാന്‍ ചുരുക്കം ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിടുക്കത്തില്‍ അന്വേഷണത്തലവനെ തന്നെ മാറ്റിയതിലൂടെ കേസന്വേഷണത്തിന്റെ ഗതിവേഗത്തെ ദുര്‍ബലമാക്കാനുള്ള അങ്ങേയറ്റം കുറ്റകരമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഈ കേസില്‍ പ്രതിഭാഗത്തെ പ്രമുഖ അഭിഭാഷകന്‍ പ്രോസിക്യൂഷന്‍ സാക്ഷിയെ നേരിട്ട് സ്വാധീനിക്കാന്‍ ശ്രമിച്ച അത്യന്തം  ഗൗരവമേറിയ സംഭവം ഓഡിയോ തെളിവുസഹിതം പുറത്തുവന്നതിനെ കുറിച്ചുള്ള അന്വേഷണം കൂടി അട്ടിമറിക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ഭരണനേതൃത്വം നടത്തുന്ന നഗ്‌നമായ ഇടപെടലിന്റെ കൃത്യമായ സാക്ഷ്യപത്രമാണ് അന്വേഷണ സംഘതലവനായിരുന്ന എഡിജിപിയുടെ സ്ഥാനമാറ്റം. 

സ്ത്രീപീഡനക്കേസുകളിലെ ഈ സര്‍ക്കാരിന്റെ കൊടിയ കാപട്യവും തനിനിറവുമാണ് ഈ തീരുമാനത്തിലൂടെ വെളിച്ചത്തുവന്നിരിക്കുന്നത്. അതിജീവിതയ്‌ക്കൊപ്പമാണെന്ന് അരങ്ങില്‍ അഭിനയിക്കുകയും, വേട്ടക്കാര്‍ക്ക്  അണിയറയില്‍ വിരുന്നുനല്‍കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ നെറികെട്ട ഈ ഇരട്ടത്താപ്പ് ചോദ്യം ചെയ്യാന്‍ നീതിബോധമുള്ള മനുഷ്യരാകെ രംഗത്തിറങ്ങേണ്ടതുണ്ട്.

നടിയെ ആക്രമിച്ച കേസും, നടന്‍ ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസും നിര്‍ണായകഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് ശ്രീജിത്തിനെ മാറ്റുന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷറായാണ് പുതിയ ചുമതല. ഷെയ്ക് ദര്‍വേസ് സാഹിബ് ആണ് പുതിയ ക്രൈം ബ്രാഞ്ച് മേധാവി. ഏറെ വിവാദമായ കേസുകളുടെ അന്വേഷണം നിര്‍ണായകഘട്ടത്തില്‍ എത്തിനില്‍ക്കെ ശ്രീജിത്തിനെ മാറ്റാനുള്ള കാരണം വ്യക്തമല്ല. എന്നിരുന്നാലും, കേസില്‍ അഭിഭാഷകരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത് വലിയ വിവാദമായിരുന്നു. ക്രൈംബ്രാഞ്ച് മേധാവിക്കെതിരെ പലകോണില്‍നിന്നും പരാതികളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. 

അതേസമയം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സിപിഎം നേതാവ് പി ശശി ചുമതലയേറ്റതിന് പിന്നാലെയാണ് ഇത്തരത്തില്‍ ഒരു മാറ്റം ഉണ്ടായത് എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചത്. നടിയെ ആക്രമിച്ച കേസ് അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥനെ മാറ്റിയത് എന്തിനാണെന്നും അതിന് പിറകിലെ വിവരങ്ങള്‍ പുറത്തു വരണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.