തെറ്റായ വാര്‍ത്തകളും ഡീ ഗ്രേഡിംഗും നേട്ടമായി; സ്വിഫ്റ്റ് ബസുകള്‍ക്ക് വന്‍ പ്രശസ്തിയെന്ന് കെഎസ്ആര്‍ടിസി

 
k swift
സത്യസന്ധമായ വസ്തുതകള്‍ ബോധ്യപ്പെടുത്താനും അവസരം
 

സ്വിഫ്റ്റ് സര്‍വീസ് ആരംഭിച്ചതിനു പിന്നാലെ വന്ന തെറ്റായ വാര്‍ത്തകളും ഡീ ഗ്രേഡിംഗും വലിയ നേട്ടമായതായി കെഎസ്ആര്‍ടിസി. സ്വിഫ്റ്റ് ബസുകള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നു എന്നതുള്‍പ്പെടെ വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് കെഎസ്ആര്‍ടിസിയുടെ പ്രതികരണം. കൃത്യമായ അജണ്ടയോടുകൂടി തെറ്റായ വാര്‍ത്തകളും ഡീ ഗ്രേഡിംഗും നടത്തി സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഉള്‍പ്പെടെ ബുദ്ധിമുട്ടിപ്പിച്ചവരുടെ അമിതാവേശം, ലോകോത്തര പ്രീമിയം ബ്രാന്‍ഡ് ബസുകള്‍ക്ക് ലക്ഷങ്ങള്‍ മുടക്കി പരസ്യം നല്‍കിയാല്‍ കിട്ടുന്നതിലേറെ പ്രശസ്തി ലഭിക്കാന്‍ കാരണമായി. മാത്രമല്ല, സത്യസന്ധമായ വസ്തുതകള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരവും ലഭിച്ചതായി ഫേസ്ബുക്ക് കുറിപ്പില്‍ കെഎസ്ആര്‍ടിസി വ്യക്തമാക്കി. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...

പൊതുജനത്തിന് ആവശ്യമായതും സൗകര്യപ്രദമായതും വിശ്വാസ യോഗ്യമായതും ആയ ഏത് സൗകര്യങ്ങളും സേവനങ്ങളും 'അവർ' സ്വയം തെരഞ്ഞെടുക്കുകയാണ് പതിവ്...

അതാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന് ലഭിച്ച സ്വീകാര്യത...

കൃത്യമായ അജണ്ടയോടുകൂടി തെറ്റായ വാർത്തകളും ഡീ ഗ്രേഡിംഗും നടത്തി സാമൂഹ്യ മാധ്യമങ്ങൾ വഴി ഉൾപ്പെടെ ബുദ്ധിമുട്ടിപ്പിച്ചവരോട് (പരോക്ഷമായി സഹായിച്ചവരോട്) ഒന്നേ ഞങ്ങൾക്ക് പറയാനുള്ളൂ... നിങ്ങളുടെ അമിതാവേശം ഞങ്ങൾക്കു നൽകിയത് ഒരു രൂപ ചെലവില്ലാതെ ലോകോത്തര പ്രീമിയം ബ്രാന്റ് ബസ്സുകൾക്ക് ലക്ഷങ്ങൾമുടക്കി പരസ്യം നൽകിയാൽ കിട്ടുന്നതിലേറെ പ്രശസ്തിയും അതിലൂടെ സത്യസന്ധമായ വസതുതകൾ പൊതുജനങ്ങളെ ബോധ്യപെടുത്തുന്നതിനുള്ള അവസരവുമാണ് എന്നത് നന്ദിയോടെ സ്മരിക്കുന്നു...

വാഹനങ്ങൾക്ക് അപകടം സംഭവിക്കുക സ്വാഭാവികമാണ്. ഏറ്റവും പുതിയ വാഹനങ്ങൾക്കും പഴയ വാഹന ങ്ങൾക്കും സംഭവിക്കാം...

എങ്ങനെ സംഭവിക്കുന്നു എന്നതാണ് പ്രധാനം...

കെ.എസ്.ആർ.ടി.സി യോ കെ - സ്വിഫ്റ്റോ അപകടത്തിൽപെട്ടിട്ടുണ്ടെങ്കിൽ ഒറ്റപ്പെട്ട ചില മാദ്ധ്യമങ്ങൾക്കും സമൂഹ മാദ്ധ്യമങ്ങളിലെ ഒരു വിഭാഗത്തിനും പ്രതിസ്ഥാനത്ത് കെ.എസ്.ആർ.ടി.സി- യോ കെ - സ്വിഫ്റ്റോ ആകുന്നത് ബോധപൂർവ്വമല്ലെന്നു കരുതാൻ തരമില്ല.

ഈയിടെ നടന്ന ഒരു അപകടത്തിന്റെ തെറ്റായ വാർത്ത നൽകിയ ശേഷം പിന്നീട് CCTV ദൃശ്യം പരിശോധിച്ച് സ്വിഫ്റ്റ് ബസിന്റെ ഡ്രൈവറുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ല എന്ന് ബോധ്യപെട്ടെങ്കിലും വാർത്ത നൽകിയവരാരും ശരിയുടെ പക്ഷം ബോധ്യപ്പെടുത്തുവാൻ ശ്രമിച്ചിട്ടില്ല...

ആരോടും പരാതിയില്ല ...

ദയവായി ഞങ്ങൾ നിങ്ങൾക്കുവേണ്ടിയുള്ളതാണെന്നത് തിരിച്ചറിയുക...

കെഎസ്ആർടിസി എന്നും ജനങ്ങൾക്ക് സ്വന്തം... ജനങ്ങളോടൊപ്പം...

സ്വിഫ്റ്റ് സര്‍വീസ് തുടങ്ങിയതോടെ, സ്വകാര്യ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ കൂടിയ നിരക്കുകള്‍ കുറച്ചുതുടങ്ങിയതായി കെഎസ്ആര്‍ടിസി കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സ്വകാര്യ സര്‍വീസുകള്‍ ടിക്കറ്റ് നിരക്ക് കുറച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ആരെയും തോല്‍പിക്കാനല്ല. സാധാരണ യാത്രക്കാരുടെ ന്യായമായ യാത്രാ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് പുതിയ സംരംഭമായ സ്വിഫ്റ്റ്. അതിന് ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. സ്വിഫ്റ്റ് സര്‍വീസ് ആരംഭിച്ചതുമുതല്‍ വ്യാപകമായ രീതിയില്‍ പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന രീതയില്‍ സോഷ്യല്‍ മീഡിയകളിലും, ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പടച്ചുവിട്ട അസത്യങ്ങള്‍ തിരിച്ചറിയൂ. ഞങ്ങള്‍ ഇന്നലെ പോസ്റ്റ് ചെയ്ത 'കെഎസ്ആര്‍ടിസി സ്വിഫ്റ്റിനെ ഭയക്കുന്നതാര്? എന്തിന്?' എന്ന സ്റ്റോറി വന്ന് മണിക്കൂറുകള്‍ക്കകം സ്വകാര്യ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ അവരുടെ കൂടിയ നിരക്കുകള്‍ കുറച്ചു തുടങ്ങിയെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് കുറിപ്പ്.