കാവ്യ മാധവനോട് ഇന്ന് ഹാജരാകാന്‍ നിര്‍ദേശം, ചോദ്യം ചെയ്യല്‍ 'പത്മസരോവര'ത്തിലാക്കാനും സാധ്യത

ഇതിനു മുമ്പ് നോട്ടീസ് നല്‍കിയപ്പോള്‍ അസൗകര്യം പറഞ്ഞ് ഒഴിയുകയായിരുന്നു

 
kavya

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കാവ്യ മാധവന് വീണ്ടും നോട്ടീസ് നല്‍കി. തിങ്കളാഴ്ച്ച(ഇന്ന്) രാവിലെ 11 മണിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം കാവ്യയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ കാവ്യ ഹാജാരാകുന്ന കാര്യം സംശയത്തിലാണ്. അതേസമയം, ആലുവയിലെ വീട്ടില്‍ വച്ച് കാവ്യയെ ചോദ്യം ചെയ്‌തേക്കുമെന്നും വിവരമുണ്ട്.

ഇതിനു മുമ്പും ക്രൈം ബ്രാഞ്ച് സംഘം നോട്ടീസ് നല്‍കിയിട്ടും കാവ്യ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയതില്‍ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് അന്വേഷണ സംഘം അന്വേഷിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത തേടിയാണ് കാവ്യയോടു ചോദ്യങ്ങള്‍ ചോദിക്കാനിരിക്കുന്നത്. ആദ്യം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കാവ്യയ്ക്ക് നോട്ടീസ് നല്‍കിയപ്പോള്‍, ചെന്നൈയിലായതിനാല്‍ നോട്ടീസ് കിട്ടിയ പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അസൗകര്യം ഉണ്ടെന്നായിരുന്നു കാവ്യ അറിയിച്ചത്. ഇതിനു പിന്നാലെ ആലുവയിലെത്തിയശേഷം അവര്‍ ആവശ്യപ്പെട്ടത് വീട്ടില്‍ വച്ച് ചോദ്യം ചെയ്യല്‍ നടത്തിയാല്‍ മതിയെന്നായിരുന്നു. എന്നാല്‍ അന്വേഷണ സംഘം ഇതിനോട് യോജിച്ചില്ല. പ്രൊജക്ടര്‍ ഉപയോഗിച്ച് ചില ദൃശ്യങ്ങള്‍ കാണിച്ചും സംഭാഷണ ശകലങ്ങള്‍ കേള്‍പ്പിച്ചുമാണ് കാവ്യയില്‍ നിന്ന് വിവരങ്ങള്‍ തേടാന്‍ തീരുമാനിച്ചിരുന്നത്. പദ്മസരോവരം വീട് ഇതിന് പറ്റിയ ഇടമല്ല എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സംവിധായകന്‍ ബാലചന്ദ്രകുമാറിനേയും കാവ്യയേയും ഒരുമിച്ചിരുത്തി മൊഴിയെടുക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ പദ്മസരോവരം വീട്ടിലേക്ക് വരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ബാലചന്ദ്രകുമാറും അറിയിക്കുകയായിരുന്നു. 


നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം നടത്തുന്നതിന് ആദ്യം അനുവദിച്ച സമയപരിധി കഴിഞ്ഞപ്പോഴും അന്വേഷണ സംഘത്തിന് കാവ്യയെ മാത്രം ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഹൈക്കോടതി സമയം നീട്ടി നല്‍കിയശേഷം പുതിയ നോട്ടീസ് നല്‍കി കാവ്യയെ വിളിച്ചു വരുത്താമെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. ഹൈക്കോടതി സമയം നീട്ടി നല്‍കുകയും ചെയ്തു. എന്നാല്‍ ആ സമയപരിധിയും അവസാനിക്കാറാകുമ്പോള്‍ ഇപ്പോഴും കാവ്യയെ ചോദ്യം ചെയ്യലിന് കിട്ടിയിട്ടില്ല എന്നതാണ് വസ്തുത. മേയ് 30 ന് മുമ്പ് തുടരന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി ഉത്തരവ് നല്‍കിയിരിക്കുന്നത്. അതില്‍ കൂടിതലായി ഒരു ദിവസം പോലും നല്‍കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇനി ഇരുപതോളം ദിവസങ്ങള്‍ മാത്രമാണ് ക്രൈം ബ്രാഞ്ച് സംഘത്തിനുള്ളത്. എത്രയും വേഗം കാവ്യയെ ചോദ്യം ചെയ്യേണ്ടതുമുണ്ട്. അതുകൊണ്ട് തന്നെ വീട്ടില്‍ വച്ചായാലും ചോദ്യം ചെയ്യല്‍ നടത്താമെന്ന തീരുമാനമാണ് അന്വേഷണ സംഘത്തിന് ഇപ്പോഴുള്ളതെന്നാണ് വിവരം.