എല്‍എംഎസ് പള്ളി കത്തീഡ്രലാക്കി; ബിഷപ്പിനെതിരേ പ്രതിഷേധവുമായി വിശ്വാസികള്‍

ഇനി എല്ലാ അധികാരങ്ങളും ബിഷപ്പിന്റെ കൈകളില്‍
 
lms church

പുരാതനമായ തിരുവനന്തപുരം എല്‍എംഎസ് പള്ളിയ്ക്കു മുന്നില്‍ വിശ്വാസികളുടെ വന്‍ പ്രതിഷേധം.  തിരുവനന്തപുരം പാളയത്ത് സ്ഥിതി ചെയ്യുന്ന പ്രമുഖ സി എസ് ഐ ദേവാലയമായ എല്‍എംഎസ് പള്ളി കത്തീഡ്രല്‍ ആക്കിയതിനെിരെയാണ് ഒരു വിഭാഗം പ്രതിഷേധിക്കുന്നത്. എംഎല്‍എസ് പള്ളി ഇനി മുതല്‍ എം എം സി എസ് ഐ കത്തീഡ്രല്‍ എന്നായിരിക്കും അറിയപ്പെടുക. സി എസ് ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് ധര്‍മരാജ് റസാലം ആണ് കത്തീഡ്രല്‍ ആയി ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. പുതിയ ബോര്‍ഡും പള്ളിക്കു മുന്നില്‍ സ്ഥാപിച്ചു. 

പള്ളി കത്തീഡ്രല്‍ ആക്കിയത് അംഗീകരിക്കില്ലെന്നു പറഞ്ഞാണ് ഒരു വിഭാഗം പ്രതിഷേധിക്കുന്നത്. പാളയത്തെ റോഡ് ഉപരോധിക്കുകയും ബിഷപ്പ് ധര്‍മരാജ് റസാലത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുകയും ബിഷപ്പിനെ കൂകി വിളിക്കുകയും അദ്ദേഹത്തിന്റെ ഫ്‌ളെക്‌സ് കീറിയെറിയുകയുമൊക്കെ ചെയ്തിരുന്നു.  ബിഷപ്പവും സംഘവും പൂട്ടിയിട്ടിരുന്ന ഗേറ്റ് തകര്‍ത്ത് അതിക്രമിച്ചാണ് പള്ളിയില്‍ കടന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നുണ്ട്.എല്‍എംഎസ് പള്ളി പഴയ നിലയില്‍ തന്നെ തുടരണമെന്നും കത്തീഡ്രല്‍ ആക്കിയ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇത് ചോദ്യം ചെയ്ത് മറ്റൊരു വിഭാഗവും രംഗത്തു വന്നത് ചെറിയ തോതില്‍ സംഘര്‍ഷത്തിനു കാരണമായി. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 

കത്തീഡ്രല്‍ ആക്കുന്നതോടെ പള്ളിയുടെ എല്ലാവിധ അധികാരങ്ങളും പൂര്‍ണമായി ബിഷപ്പില്‍ നിക്ഷിപ്തമാകും. കഴിഞ്ഞ 114 വര്‍ഷത്തോളമായി വിശ്വാസികള്‍ ഉള്‍പ്പെട്ട കമ്മിറ്റിയ്ക്കായിരുന്നു പള്ളിയുടെ അധികാരം. ഈ കമ്മിറ്റി പിരിച്ചു വിട്ട ബിഷപ്പ് പകരം 20 അംഗ അഡ്‌ഹോക് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. പള്ളി കത്തീഡ്രല്‍ ആക്കുന്നതിനെിരേ രംഗത്തു വന്ന അഞ്ചു വൈദികരെ സ്ഥലം മാറ്റിയിരുന്നു. ഇവര്‍ക്കു പകരം വൈദികരെ നിയമിക്കുകയും ചെയ്തിരുന്നു. സിഎസ് ഐ സഭയ്ക്ക് ആറ് മഹാ ഇടവകകള്‍ ഉള്ളതില്‍ ദക്ഷിണമേഖല മഹാ ഇടവയ്ക്ക് മാത്രമായിരുന്നു കത്തീഡ്രല്‍ ഇല്ലാതിരുന്നതെന്നും ആ കുറവ് നികത്താനാണ് പള്ളിയെ കത്തീഡ്രല്‍ ആക്കിയതെന്നുമാണ് ബിഷപ്പ് ധര്‍രാജ് റസാലം പറയുന്നത്.