'ഞങ്ങള്‍ ഇത്രയും നാള് സഹിച്ചത് ഇനി സിപിഎം സഹിക്കട്ടെ'; കെ വി തോമസിനെ പരിഹസിച്ച് സതീശന്

കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ മുതിര്‍ന്ന നേതാവ് കെ വി തോമസിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കെ.വി. തോമസിനെ സന്തോഷത്തോടെ യാത്രയാക്കുന്നു എന്നായിരുന്നു സതീശന്റെ പരിഹാസം. കുലംകുത്തികളെ ഷാള്‍ അണിയിക്കുന്ന തിരക്കിലാണ് മുഖ്യമന്ത്രിയെന്നും സതീശന് കളിയാക്കി.

'കെ.വി തോമസിന് ഇനി എന്താണ് പാര്‍ട്ടി കൊടുക്കാനുള്ളത്? പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും കെ.വി തോമസിനോട് അവജ്ഞയും പുച്ഛവുമാണ് തോന്നുന്നത്. സി.പി.എം അണികള്‍ക്കും അതേ അവജ്ഞയായിരിക്കും. കുലംകുത്തികളെ ഷാള്‍ അണിയിക്കുന്ന തിരക്കിലാണ് മുഖ്യമന്ത്രി. ഞങ്ങള്‍ ഇത്രയും നാള് സഹിച്ചത് ഇനി സി.പി.എം സഹിക്കട്ടെ....' എന്നായിരുന്നു വി ഡി സതീശന്റെ പരിഹാസം.
കെ വി തോമസിന്റെ കാര്യത്തില്‍ ക്ഷമയോടെ കാത്തിരുന്നുവെന്നും ഒരാളെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതിരിക്കാനാണ് നോക്കിയതെന്നും സതീശന് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ സിപിഎമ്മിലേക്ക് പോകാന്‍ കെ വി തോമസ് തീരുമാനിച്ചിരുന്നതാണെന്നും അന്ന് സിപിഎമ്മുമായുള്ള ധാരണ ശരിയാകാത്തതുകൊണ്ടാണ് പോകാതിരുന്നതെന്നും, അതിനുശേഷം ഒരു അവസരം നോക്കിയിരിക്കുകയായിരുന്നുവെന്നും സതീശന് കുറ്റപ്പെടുത്തി. ഏതെങ്കിലും ആശയത്തിന്റെയോ അഭിപ്രായവൈരുദ്ധ്യത്തിന്റെയോ പേരിലല്ല കെ വി തോമസ് പോകുന്നതെന്നും എന്തെങ്കിലുമൊരു കാരണം അദ്ദേഹത്തിന് പറയാനുണ്ടോയെന്നും വി ഡി സതീശന് ചോദിച്ചു.
പല കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയും തോല്‍പ്പിക്കാന്‍ ശ്രമിച്ചയാളാണ് കെ വി തോമസ് എന്നാരോപണവും പ്രതിപക്ഷ നേതാവ് ഉയര്‍ത്തി. ലിനോ ജേക്കബിനെയും വിനോദിനെയും തോല്‍പ്പിക്കാന്‍ കെ വി തോമസ് നിലപാടെടുത്തിരുന്നുവെന്നും താനല്ലാതെ ആരു മത്സരിച്ചാലും അവരെയെല്ലാം തോല്‍പ്പിക്കാന്‍ നിലപാട് എടുത്തിട്ടുള്ളയാളാണ് കെ വി തോമസ് എന്നും സതീശന് കുറ്റപ്പെടുത്തി.
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തതിനു പിന്നാലെയായിരുന്നു പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കെ വി തോമസിനെ പുറത്താക്കിയത്. എ ഐ സിസിയുടെ അംഗീകാരത്തോടെയാണ് നടപടിയെടുത്തതെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന് അറിയിച്ചത്.
എന്നാല്‍ തന്നെ പുറത്താക്കാന്‍ കെപിസിസി പ്രസിഡന്റായ കെ സുധാകരന് കഴിയില്ലെന്നും എ ഐ സിസി യാണ് തീരുമാനമെടുക്കേണ്ടതെന്നും തന്നെ പുറത്താക്കിയതായി ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നുമായിരുന്നു തോമസിന്റെ പ്രതികരണം.
പി ടി തോമസിനെ കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയത് നിന്ദ്യമായ പ്രസ്താവനയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് കുറ്റപ്പെടുത്തി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് കണ്വന്ഷന് ഉത്ഘാടനം ചെയ്ത് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ പി.ടി തോമസിനെ വിജയിപ്പിച്ചത് അബദ്ധമാണെന്നും ഇപ്പോള്‍ തെറ്റ് തിരുത്താനുള്ള സൗഭാഗ്യം കൈവന്നെന്നും മുഖ്യമന്ത്രി പറഞ്ഞത് നിന്ദ്യമായ പ്രസ്താവനയാണെന്നാണ് സതീശന് ആരോപിക്കുന്നത്. ഇത്തരമൊരു പ്രസ്താവന മുഖ്യമന്ത്രിയില്‍ നിന്നുണ്ടായതില്‍ കേരളം അപമാനഭാരത്താല്‍ തലകുനിച്ച് നില്‍ക്കുമെന്നും സതീശന് പറഞ്ഞു. നിയമസഭയില്‍ യു.ഡി.എഫിന്റെ കുന്തമുനയായിരുന്നു പി.ടി തോമസ്. സര്‍ക്കാരിനെ ശക്തമായി ആക്രമിച്ചയാളാണ് പി.ടി. ആ വിരോധം കൊണ്ടാണ് മുഖ്യമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.