നടപടി വരട്ടെ അപ്പോള്‍ നോക്കാം; അച്ചടക്ക സമിതി ശുപാര്‍ശയെക്കുറിച്ച് കെ വി തോമസ്

സോണിയ ഗാന്ധിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്
 
kv thomas

മുതിര്‍ന്ന നേതാവ് കെ വി തോമസിനെതിരേ നടപടി സ്വീകരിക്കാന്‍ അച്ചടക്ക സമിതി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയോട് ശുപാര്‍ശ ചെയ്തു. വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിനാണ് നടപടി. കെ വി തോമസിനെ തെരഞ്ഞെടുക്കപ്പെട്ട പദവികളില്‍ നിന്നു നീക്കം ചെയ്യാനും താക്കീത് ചെയ്യാനുമാണ് അച്ചടക്ക സമിതി ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച ശുപാര്‍ശ എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അനവര്‍ സോണിയ ഗാന്ധിക്ക് കൈമാറി. അന്തിമ തീരുമാനം സോണിയ എടുക്കും.

കെ വി തോമസിന്റെ വിശദീകരണം കേള്‍ക്കാതെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.തന്റെ ഭാഗം കേള്‍ക്കണമെന്ന് തോമസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയത് തള്ളുകയായിരുന്നു. കെ.വി തോമസിന് എതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്നായിരുന്നു എഐസിസിയുടെ ആദ്യ നിലപാട്. എന്നാല്‍, എഐസിസി അംഗമായതിനാല്‍ തോമസിനെതിരായ നടപടി ഹൈക്കമാന്‍ഡ് തീരുമാനിക്കണമെന്ന് കെപിസിസി ആവശ്യപ്പെടുകയായിരുന്നു. പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് ഒരു വിഭാഗം നേതാക്കളും, താക്കീതും സസ്പെപെന്‍ഷനും മതിയെന്ന് മറുവിഭാഗവും ആവശ്യം ഉന്നയിച്ചിരുന്നു. 

നടപടി വരട്ടെ അപ്പോള്‍ നോക്കാമെന്നാണ് തനിക്കെതിരെയുള്ള അച്ചടക്ക നടപടി സമിതിയുടെ ശുപാര്‍ശയെക്കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമങ്ങളോട് കെ വി തോമസ് പ്രതികരിച്ചത്. താന്‍ എന്നും കോണ്‍ഗ്രസുകാരന്‍ തന്നെയായിരിക്കുമെന്നും ഈ വിഷയത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റിനും അച്ചടക്ക സമതിക്കും കത്തു നല്‍കിയിട്ടുണ്ടെന്നും അവസരം കിട്ടിയാല്‍ സോണിയ ഗാന്ധിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ വി തോമസിനെതിരേ നടപടി വേണമെന്ന് കെപിസിസിയും ശുപാര്‍ശ ചെയ്തിരുന്നു. കെപിസിസി പ്രസിഡന്റിനെ പരസ്യമായി വെല്ലുവിളിച്ചായിരുന്നു തോമസ് സിപിഎം പരിപാടിയില്‍ പങ്കെടുത്തത്. തന്നെ പുറത്താക്കാന്‍ സുധാകരന് പ്രത്യേക അജണ്ടയുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.