'ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദും തൃക്കാക്കരയില്‍ ചര്‍ച്ചയാവും'; കെ സുരേന്ദ്രന്‍

'മതഭീകരതയ്‌ക്കെതിരായ ക്രൈസ്തവസഭകളുടെ ആശങ്ക തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും'
 
k-surendran

ക്രൈസ്തവ-ഹൈന്ദവ വിശ്വാസ പ്രമാണങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മതഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന ഇടത്-വലത് മുന്നണികള്‍ക്കെതിരെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജനവിധിയുണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മതഭീകരതയ്‌ക്കെതിരായ ക്രൈസ്തവസഭകളുടെ ആശങ്ക തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദും തൃക്കാക്കരയില്‍ ചര്‍ച്ചയാവുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്‍ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ശക്തനായ സ്ഥാനാര്‍ത്ഥിയാണെന്നാണ് കെ.സുരേന്ദ്രന്‍ അവകാശപ്പെടുന്നത്.. ഇരുമുന്നണികള്‍ക്കുമെതിരെ ശക്തമായ പോരാട്ടം നടത്താന്‍ ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റിന് സാധിക്കുമെന്നും സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. 

സില്‍വര്‍ലൈന്‍ കേരളത്തില്‍ വരാത്തത് മോദി സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്നത് കൊണ്ട് മാത്രമാണ്. അത് തൃക്കാക്കരയിലെ ജനങ്ങള്‍ക്കറിയാം. നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ബിജെപി ഉയര്‍ത്തി കാണിക്കും. എറണാകുളത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ വോട്ടര്‍മാര്‍ക്ക് കൃത്യമായി അറിയാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഞായറാഴ്ച്ച രാവിലെയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ എ എന്‍ രാധാകൃഷ്ണനെ പ്രഖ്യാപിച്ചത്. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഇടത്-വലത് മുന്നണികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുശേഷമാണ് ബിജെപി സ്ഥാനാര്‍ത്ഥിയാരെന്ന് വ്യക്തമാകുന്നതെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ എ എന്‍ രാധാകൃഷ്ണന്റെ പേരായിരുന്നു തുടക്കം മുതല്‍ പറഞ്ഞു കേട്ടിരുന്നത്. ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ മത്സരത്തിനിറക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തുടക്കം മുതല്‍ പറഞ്ഞിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് എ എന്‍ രാധാകൃഷ്ണന്‍. എറണാകുളം ജില്ലയില്‍ നിന്നുള്ള സംസ്ഥാന നേതാവ് കൂടിയാണ് രാധാകൃഷ്ണന്‍.

ആം ആദ്മിയും ട്വന്റിയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ലെന്നു തീരുമാനിച്ചതോടെ യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലായിരിക്കും മത്സരം നടക്കുക. പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ഡോ. ജോ ജോസഫ് ആണ് തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. മേയ് 30 നാണ് ഉപതെരഞ്ഞെടുപ്പ് ജൂണ്‍ മൂന്നിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും.