'മഞ്ജു വാര്യര്‍ മദ്യപിക്കുമായിരുന്നു എന്നു കോടതിയില്‍ പറയണം' ; അനൂപിനെ പറഞ്ഞു പഠിപ്പിക്കുന്ന ദിലീപിന്റെ അഭിഭാഷകന്‍
 

വ്യാജ മൊഴികള്‍ കോടതിയില്‍ പറയാന്‍ അനൂപിനെ അഭിഭാഷകന്‍ പഠിപ്പിക്കുന്ന ഫോണ്‍ ശബ്ദരേഖകള്‍
 
 
dileep

മഞ്ജു വാര്യര്‍ മദ്യപിക്കുമായിരുന്നുവെന്ന് കോടതിയില്‍ മൊഴി നല്‍കണമെന്നു ദിലീപിന്റെ സഹോദരന്‍ അനൂപിനെ ദിലീപിന്റെ അഭിഭാഷകന്‍ പഠിപ്പിച്ചു കൊടുക്കുന്നതിന്റെ ഫോണ്‍ ശബ്ദരേഖ പുറത്ത്. മാതൃഭൂമി ന്യൂസാണ് ഫോണ്‍ സംഭാഷണം പുറത്തു വിട്ടിരിക്കുന്നത്. മഞ്ജു വാര്യര്‍ വീട്ടില്‍ മദ്യപിച്ചു വരാറുണ്ടെന്നും ദിലീപ് കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി മദ്യപിക്കാറില്ലെന്നും കേസിന്റെ വിചാരണ വേളയില്‍ കോടതിയില്‍ പറയണമെന്നാണ് അഭിഭാഷകന്‍ അനൂപിനെ പഠിപ്പിച്ചു കൊടുക്കുന്നത്. 

ഏതാണ്ട് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശബ്ദരേഖ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹജാരാക്കിയിട്ടുണ്ട്.  ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യര്‍ മദ്യപിക്കുമായിരുന്നോ എന്ന് അഭിഭാഷകന്‍ ചോദിക്കുമ്പോള്‍ ആക്ച്വലി എനിക്കറിയില്ലസ ഞാന്‍ കണ്ടിട്ടുമില്ല എന്നാണ് അനൂപ് ആദ്യം പറയുന്നതെങ്കിലും അതിനൊപ്പം ചോദിക്കുന്നത് ' ഉണ്ടെന്നു പറയണമല്ലേ' എന്നാണ്. ദിലീപിന്റെ വീട്ടില്‍ നിന്നും പോകുന്നതിനു മുമ്പുള്ള സമയങ്ങളിലായി മദ്യപിക്കുമായിരുന്നു എന്നു തന്നെ മൊഴി കൊടുക്കണമെന്നാണ് അഭിഭാഷകന്‍ അപ്പോള്‍ ആവശ്യപ്പെടുന്നത്. മഞ്ജു മദ്യപിക്കുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നും വീട്ടിലിരുന്ന് മദ്യപിക്കുന്നത് കണ്ടിട്ടില്ലെങ്കിലും വീട്ടില്‍ പലവട്ടം മദ്യപിച്ച് വരാറുണ്ടെന്ന് പറഞ്ഞാല്‍ മതിയെന്നാണ് അഭിഭാഷകന്‍ പഠിപ്പിച്ചു കൊടുക്കുന്നത്. വീട്ടില്‍ എല്ലാവര്‍ക്കും ഇക്കാര്യമറിയാമെന്നും പറയണം. അതുപോലെ ചെയ്യാമെന്നാണ് അനൂപ് പറയുന്നത്. മഞ്ജു മദ്യപിച്ച് വരുന്ന കാര്യം ചേട്ടനോട്(ദിലീപ്) പറഞ്ഞിട്ടുണ്ടെന്നും ചേട്ടന്‍ ഇക്കാര്യം ചോദിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും ഒരുപക്ഷേ ചോദിച്ചിട്ടുണ്ടാകാമെന്നും എന്നാല്‍ ഇരുവരും ഈ കാര്യത്തിന്റെ പേലില്‍ വഴക്കിടുന്നത് കണ്ടിട്ടില്ലെന്നും കോടതിയില്‍ പറയണമെന്നും അഭിഭാഷകന്‍ അനൂപിന് പറഞ്ഞു കൊടുക്കുന്നുണ്ട്. അതുപോലെ ദിലീപ് കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി മദ്യപിക്കാറില്ലെന്നും അതിനു മുമ്പ് വല്ലപ്പോഴും മാത്രം മദ്യപിച്ചിരുന്നു എന്നും കോടതിയോട് പറയാനും അഭിഭാഷകന്‍ ആവശ്യപ്പെടുന്നുണ്ട്. അനൂപ് അതെല്ലാം അനുസരിക്കുന്നുമുണ്ട്.

മറ്റൊരു ശബ്ദരേഖയില്‍ നടി ആക്രമിക്കപ്പെടുന്ന സമയത്ത് ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നുവെന്ന് മൊഴി നല്‍കുമ്പോള്‍ പറയാനുള്ള കാരണങ്ങളും അഭിഭാഷകന്‍ അനൂപിനെ പറഞ്ഞു പഠിപ്പിക്കുന്നുണ്ട്. ചെസ്റ്റ് ഇന്‍ഫെക്ഷനായിട്ടാണ് ആശുപത്രിയില്‍ അഡ്മിറ്റാകുന്നതെന്നു പറയണമെന്നാണ് അഭിഭാഷകന്‍ പഠിപ്പിക്കുന്നത്. നല്ല പനി ആദ്യമുണ്ടായിരുന്നു അതു കഴിഞ്ഞ് ചെസ്റ്റ് പെയ്‌നും തൊണ്ട വേദനയും നല്ല ചുമയും ഉണ്ടായിരുന്നുവെന്ന് പറയണം. ദിലീപ് ആ സമയത്ത് ആശുപത്രിയില്‍ അല്ലായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. ക്രൈബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ ദിലീപിന്റെ പറവൂര്‍ കവലയിലുള്ള വീടിനു സമീപത്തുള്ള അനവര്‍ ഹോസ്പിറ്റലിലെ ഡോക്ടറായ ഹൈദരാലിയും ഒരു നഴ്‌സും നല്‍കിയ മൊഴിയനുസരിച്ച് ദിലീപ് ആ സമയത്ത് ആശുപത്രിയില്‍ അഡ്മിറ്റായിട്ടില്ലായിരുന്നു. എന്നാല്‍ വിചാരണ സമയത്ത് ഡോക്ടര്‍ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. പുറത്തായ മറ്റൊരു ശബ്ദരേഖയില്‍ ഡോക്ടറോട് ഒന്നും പേടിക്കാനില്ലെന്ന് അനൂപ് പറയുന്നുണ്ട്. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ശബ്ദരേഖയില്‍ ദിലീപിന് എന്തൊക്കെ അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പറയണമെന്ന് വരെ അഭിഭാഷകന്‍ പഠിപ്പിച്ചു കൊടുക്കുമ്പോള്‍ പ്രോസിക്യൂഷന്‍ വാദിക്കുന്ന കാര്യങ്ങള്‍ ശരിയായിരുന്നുവെന്നതരത്തിലാണ് കാര്യങ്ങള്‍ പോകുന്നത്.

ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് കോടതിയില്‍ മൊഴി നല്‍കാനാണ് കേസിലെ സാക്ഷിയെ ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു പഠിപ്പിക്കുന്നതെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതിഭാഗം വലിയതോതില്‍ ഇടപെട്ടിട്ടുണ്ടെന്ന അന്വേഷണ സംഘത്തിന്റെ പരാതികള്‍ ശരിവയ്ക്കുന്ന തെളിവുകളില്‍ ഒന്നായാണ് ഈ ശബ്ദരേഖ പ്രോസിക്യൂഷന്‍ സമര്‍പ്പിക്കുന്നത്.