'അമ്മ' അവനൊപ്പം; മാല പാര്‍വതിക്കു പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവച്ചു

വിജയ് ബാബു വിഷയത്തില്‍ താരസംഘടനയായ എഎംഎംഎയില്‍ തര്‍ക്കം മുറുകുന്നു. വിജയ് ബാബുവിനെതിരേ ശക്തമായ നടപടി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് എഎംഎംഎയുടെ ആഭ്യന്തര പരാതി പരിഹാര സമിതി(ഐസിസി)യില്‍ നിന്നും ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവച്ചു. സമിതിയംഗമായ മാല പാര്‍വതിക്കു പിന്നാലെയാണ് ഇവരുടെ രാജിയും. വിജയ് ബാബുവിനെതിരേ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് മൂന്നു വനിതകളും രാജിവച്ചിരിക്കുന്നത്. എഎംഎംഎയുടെ വൈസ് പ്രസിഡന്റുമാരില്‍ ഒരാളും ആഭ്യന്തര പരാതി പരിഹാര സെല്‍ ചെയര്‍മാനുമാണ് ശ്വേത. കഴിഞ്ഞ ദിവസം തന്നെ ശ്വേത രാജി സന്നദ്ധത അറിയിച്ചിരുന്നു. രചന നാരായണന്‍കുട്ടി, അഡ്വ. അനഘ എന്നിവരാണ് ഐസിസിയിലെ മറ്റ് അംഗങ്ങള്‍.

ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബുവിനെതിരേ നടപടി ആവശ്യപ്പെട്ടാണ് ആഭ്യന്തര പരാതി പരിഹാര സമിതി എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ശുപാര്‍ശ നല്‍കിയിരുന്നത്. വിജയ് ബാബുവിനെതിരേ നടി പരാതി നല്‍കിയതിനു പിന്നാലെ തന്നെ ആഭ്യന്തര പരാതി പരിഹാര സമിതി അടിയന്തര യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് മൂന്നു തവണ കൂടി സമിതി യോഗം ചേരുകയും അതിനുശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി ശ്വേത മേനോന്റെ നേതൃത്വത്തില്‍ എഎംഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് നല്‍കുകയായിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായ വിജയ് ബാബുവിനെ കമ്മിറ്റിയില്‍ നിന്നും പുറത്താക്കണമെന്നായിരുന്നു ഐസിസിയുടെ ആവശ്യം. എന്നാല്‍ ആ ആവശ്യം നിരാകരിക്കപ്പെടുകയാണുണ്ടായത്.
എഎംഎംഎയുടെ നിയമാവലി ഭേദഗതി ചെയ്ത ശേഷം സംഘടനയ്ക്കു മുന്നില്‍ വരുന്ന ആദ്യത്തെ പരാതിയാണിത്. അതുകൊണ്ട് തന്നെ വലിയ പ്രാധാന്യത്തോടെ തന്നെ ഈ വിഷയം കൈകാര്യം ചെയ്യാന്‍ സംഘടന ശ്രമിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ നിലവിലെ തീരുമാനം വിജയ് ബാബുവിനെ സംരക്ഷിക്കുന്നത് തുല്യമാണ്. വിജയ് ബാബുവിന്റെ അഭ്യര്‍ത്ഥന സംഘടന അംഗീകരിക്കുകയാണുണ്ടായിരിക്കുന്നത്.
മേയ് ഒന്നിന് ആറു മണിക്ക് എഎംഎംഎയുടെ നിര്‍വാഹക സമിതിയോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പായി വിജയ് ബാബുവിന്റെ കത്ത് ലഭിക്കുകയും സ്വയം മാറിനില്‍ക്കാമെന്ന വിജയ് ബാബുവിന്റെ തീരുമാനം യോഗം അംഗീകരിക്കുകയുമാണുണ്ടായത്. ഇതാണ് പ്രതിഷേധത്തിന് കാരണമായത്. ഇത്തരമൊരു തീരുമാനം അച്ചടക്കനടപടിയായി കാണാനാവില്ലെന്നും തെറ്റായ സന്ദേശമാണിത് നല്‍കുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മാല പാര്‍വതി രാജിവച്ചത്. ഐസിസി റിപ്പോര്‍ട്ടിനുമേല്‍ എഎംഎംഎ ആവശ്യപ്പെട്ട പ്രകാരം വിജയ് ബാബു എക്സിക്യൂട്ടീവ് കമ്മിറ്റിയംഗത്വം ഒഴിഞ്ഞു എന്ന തരത്തില്‍ പത്രക്കുറിപ്പ് ഇറക്കണമെന്നായിരുന്നു ശ്വേത മേനോന്റെ ആവശ്യം. ഇത് അംഗീകരിക്കപ്പെട്ടില്ല. പകരം എഎംഎംഎ ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞത്-'തന്റെ പേരില്‍ ഉയര്‍ന്നു വന്ന ആരോപണങ്ങളുടെ പേരില്‍ താന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് ഒരു അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ തന്റെ നിരപരാധിത്വം തെളിയുന്നതുവരെ ' അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും തത്കാലം മാറി നില്ക്കുന്നതായി വിജയ് ബാബു സമര്‍പ്പിച്ച കത്ത് കമ്മിറ്റി ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു' എന്നായിരുന്നു. ഈ നിലപാടാണ് ശ്വേതയുടെ രാജിയ്ക്കു പിന്നില്‍. വിജയ് ബാബുവിനെ പോലൊരാളെ അങ്ങനെ ചവിട്ടി പുറത്താക്കാന്‍ കഴിയില്ലായിരുന്നു സംഘടനയെ ന്യായീകരിച്ചുകൊണ്ട് വൈസ് പ്രസിഡന്റ് മണിയന് പിള്ള രാജു പറഞ്ഞത്.