നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസ്; മുഖ്യ ആസൂത്രക അഞ്ജലി, കുറ്റപത്രം ഉടന്‍

കടം വാങ്ങിയ പണം തിരികെ കൊടുക്കാതിരിക്കാന്‍ നടത്തിയ ഗൂഢാലോചന
 
anjali

ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നടന്ന പോക്‌സോ കേസിന് ആസ്പദമായ സംഭവത്തിലെ മുഖ്യ ആസൂത്രക അഞ്ജലി റിമ ദേവ് ആണെന്ന് പൊലീസ്. കേസില്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കും. പോക്‌സോ വകുപ്പിനു പുറമെ, മനുഷ്യക്കടകത്ത്, ഗൂഢാലോചന കുറ്റങ്ങളും ഇവര്‍ക്കെതിരേ ചുമത്തുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. കടം വാങ്ങിയ 13 ലക്ഷം തിരികെ കൊടുക്കാതിരിക്കാന്‍ വേണ്ടി അഞ്ജലി ഒരുക്കിയ കെണിയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും അമ്മയും കുടുങ്ങിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ കേസില്‍ മൂന്നാം പ്രതിയാണ് അഞ്ജലി. ഹോട്ടലുടമ റോയി വയലാട്ടാണ് ഒന്നാം പ്രതി. വയനാട് സ്വദേശിയായ പെണ്‍കുട്ടിയെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് കേസ്. ഈ കേസില്‍ അഞ്ജലിക്കും മറ്റു രണ്ടു പ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ടായിരുന്നു.

പരാതിക്കാരിയായ അമ്മയുടെ കൈയില്‍ നിന്നുമാണ് അഞ്ജലി 13 ലക്ഷം രൂപ വാങ്ങിയിരുന്നത്. ഇതു തിരികെ കൊടുക്കാതിരിക്കാനാണ് അഞ്ജലി കെണിയൊരുക്കിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കേസിലെ രണ്ടാം പ്രതിയായ സൈജു എം തങ്കച്ചനില്‍ നിന്നും റോയിയുടെ വഴിവിട്ട ബന്ധങ്ങള്‍ മനസിലാക്കിയാണ് അഞ്ജലി പെണ്‍കുട്ടിയെയും അമ്മയെയും തെറ്റിദ്ധരിപ്പിച്ച് നമ്പര്‍ 18 ല്‍ എത്തിച്ചത്. റോയി കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി  അമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു അഞ്ജലിയുടെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. ഫാഷന്‍ രംഗത്ത് മികച്ച അവസരം കിട്ടാന്‍ കൊച്ചിയിലെ പ്രശസ്തനായ സംരംഭകനെന്ന നിലയില്‍ റോയി സഹായിക്കുമെന്നു പറഞ്ഞാണ് ഇയാളെ അഞ്ജലി പെണ്‍കുട്ടിക്കും അമ്മയ്ക്കും പരിചയപ്പെടുത്തി കൊടുക്കുന്നത്. എന്നാല്‍ അഞ്ജലിയുടെ ഗൂഢാലോചനയെ കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് റോയി പറയുന്നത്.

അതേസമയം, താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്് അഞ്ജലി വീണ്ടും രംഗത്തു വന്നിട്ടുണ്ട്. ഫെയ്‌സ്ബുക്ക് പേജിലാണ് പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ജലിയുടെ പ്രതികരണം ഉണ്ടായിരിക്കുന്നത്. അഞ്ജലിയുടെ വാക്കുകള്‍;  'കൊലക്കേസിലെ പ്രതി തൂങ്ങി മരിച്ചു, പോക്‌സോ കേസിലെ പ്രതി ജീവനൊടുക്കി.... ഇങ്ങനെ എത്രെയോ ന്യൂസ് എന്നും നമ്മള്‍ കാണാറുണ്ട്. തെറ്റ് ചെയ്ത ആളുകള്‍ക്ക് പോലും കുറ്റാരോപിതന്‍ അതവ കുറ്റാരോപിത ആയാല്‍ പിടിച്ചു നില്‍ക്കാന്‍ പറ്റുന്നില്ല. പിന്നെ ആണോ ഒരു തെറ്റും ചെയ്യാത്ത ഒരാളുടെ മാനസിക അവസ്ഥ.ജീവിതത്തില്‍ പല പ്രശ്‌നങ്ങള്‍ നേരിടുമ്പോളും കൂടുതല്‍ കരുത്തു കിട്ടാറുന്നുണ്ട് പക്ഷേ കൂടെ നടന്നു ചതിച്ചവരുടെ പട്ടികയുടെ എണ്ണം കൂടി വരുകയാണ്. ചെയ്യാത്തത് ചെയ്തു കാണാത്തേത് കണ്ടു എന്നൊക്കെ പറഞ്ഞു ദിനം പ്രതി സമനില തെറ്റിക്കുക.... പിടിച്ചു നില്‍ക്കാനുള്ള ശക്തി മാത്രം ആണ് ഇപ്പോള്‍ ദൈവത്തോട് ചോദിക്കുന്നത്. കാരണം എന്നെ നാറ്റിക്കാനും നശിച്ചു കാണാനും ആണല്ലോ ഇതൊക്കെ എല്ലാവരും ചെയ്യുന്നത്. ഞാന്‍ ആരെന്നു പോലും അറിയാത്ത ആളുകള്‍ എന്നെ വിളിക്കുന്ന തെറികള്‍, നേരിട്ട് കാണുമ്പോള്‍ മുഖത്തു കാണുന്ന പുച്ഛം ഇതൊക്കെ ഈ 25 വയസ്സ് വരെ ജീവിതത്തില്‍ അനുഭവിക്കാത്ത പുതിയ അനുഭവങ്ങള്‍. ഈ സമയവയും കടന്നു പോവും എന്നൊക്കെ കൂടെ ഉള്ളവര്‍ക് പറഞ്ഞു തരാന്‍ എളുപ്പം ആണ്. പിടിച്ചു നില്‍ക്കും ഇനി എന്ത് തന്നെ വന്നാലും. കാരണം നഷ്ട്ടപെട്ടത് എന്റെ മാനം ആണ് അത് കോടി രൂപ കൊടുത്താലും തിരിച്ചു കിട്ടാത്തത്. സത്യം എന്നെങ്കിലും തെളിയിക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയില്‍ ഇനിയും ജീവിതം മുന്നോട്ട്. ഇപ്പോള്‍ എന്നെ തെറി വിളിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്തവര്‍ക്കു നാളെ അത് തിരുത്താന്‍ ഉള്ള മനസ്സ് ഒരിക്കലും കാണില്ല.... നിങ്ങള്‍ ന്യൂസ് ഒക്കെ കണ്ടോളൂ.. പൊട്ടിച്ചിരിച്ചോളു പക്ഷേ ഓരോ വാക്കുകള്‍ നിങ്ങള്‍ പറയുമ്പോള്‍ സൂക്ഷിക്കുക... നാളെ ഇത് പോലെ ഒരു അവസ്ഥ നിങ്ങള്‍ക്കോ നിങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്കോ വരാതെ ഇരിക്കട്ടെ...
എന്റെ പോരാട്ടം ഞാന്‍ തുടരും... എന്റെ സ്വപ്‌നങ്ങളെ തല്ലിയുടച്ച എല്ലാ മാന്യന്മാരുടെ പൊയ് മുഖങ്ങള്‍ വലിച്ചു കീറാന്‍ ഉള്ള സമയം അടുത്തിരിക്കുന്നു.ഒരടി പോലും തോറ്റു കൊടുക്കില്ല ഞാന്‍.... എന്റെ പോരാട്ടം തുടര്‍ന്ന് കൊണ്ടിരിക്കും.'

കഴിഞ്ഞ ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഈ സംഭവത്തിന് ഒരാഴ്ച്ച കഴിഞ്ഞാണ് നമ്പര്‍ 18 ഹോട്ടലില്‍ നിന്നും പോയ രണ്ടു മോഡലുകള്‍ കാറപകടത്തില്‍ കൊല്ലപ്പെടുന്നത്. ഈ സംഭവത്തിലും റോയിക്കും സൈജുവിനും എതിരേ കേസുണ്ട്.