ഇനി കാവ്യയിലേക്കും ചോദ്യങ്ങളെത്തും, കൂടുതല്‍ ശബ്ദരേഖകള്‍ പരിശോധിക്കും; അന്വേഷണം ഊര്‍ജിതമാക്കി ക്രൈം ബ്രാഞ്ച്

ഹൈക്കോടതി ഉത്തരവിലൂടെ തങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ക്രൈം ബ്രാഞ്ച് സംഘം. നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നര മാസത്തെ സമയം കൂടി തുടരന്വേഷണത്തിന് ഹൈക്കോടതി നീട്ടി നല്‍കിയിരുന്നു. ഇക്കാലയവളവ് കൊണ്ട് കൂടുതല്‍ ശക്തമായ തെളിവുകള്‍ ശേഖരിക്കുകയാണ് ഇനി അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കൂടുതല്‍ ഓഡിയോ ക്ലിപ്പുകള്‍ പരിശോധിക്കും. കഴിഞ്ഞ ദിവസം ദിലീപിന്റെ അഭിഭാഷകരിലൊരാളയ അഡ്വ. ഫിലിപ്പ് കോടതിയില്‍ പറയാനുള്ള കാര്യങ്ങള്‍ ദിലീപിന്റെ സഹോദരന് അനൂപിനെ പറഞ്ഞു പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖകള്‍ പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ ശബ്ദരേഖകള്‍ പുറത്തു വരികയും ചെയ്തിരുന്നു. മഞ്ജു വാര്യര്‍ മദ്യപാനിയാണെന്ന് പറയണമെന്നതടക്കമുള്ള വ്യാജ മൊഴികള്‍ കോടതിയില്‍ പറയണമെന്നാണ് അഡ്വക്കേറ്റ് അനൂപിനെ പഠിപ്പിക്കുന്നത്. ഇതുപോലുള്ള നിര്‍ണായക ശബ്ദരേഖകള്‍ ഇനിയുമുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. നിരവധി സാക്ഷികളെ പ്രതിഭാഗം സ്വാധീനം ചെലുത്തി മൊഴിമാറ്റിച്ചിട്ടുണ്ടെന്നത് പ്രോസിക്യൂഷന് ആദ്യം മുതല്‍ ആരോപിക്കുന്ന കാര്യമാണ്. ഈ ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന അഭിഭാഷകന്-അനൂപ് ഫോണ്‍ സംഭാഷണം തെളിയിക്കുന്നതത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം അനിവാര്യമാണെന്ന് കോടതിക്കും ബോധ്യപ്പെട്ടു എന്നതാണ് സമയം നീട്ടി നല്‍കിയതിനു പിന്നിലെ കാരണമായി കാണാന്‍ കഴിയുന്നത്. മൂന്നുമാസമാണ് പ്രോസിക്യൂഷന് ആവശ്യപ്പെട്ടതെങ്കിലും അതിന്റെ പകുതി സമയം മാത്രമെ നല്കിയുള്ളൂ. അന്വേഷണ വിവരങ്ങള്‍ യാതൊരു കാരണവശാലും മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടരുതെന്ന കര്‍ശന നിര്‍ദേശവും കോടതി നല്‍കിയിട്ടുണ്ട്. മേയ് 30 നു മുമ്പായി തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം. ഇനി സമയം നീട്ടി നല്‍കില്ലെന്നും ഹൈക്കോടതി അന്വേഷണ സംഘത്തെ ഓര്‍മപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ത്വരിതഗതിയിലുള്ള അന്വേഷണമായിരിക്കും ഇനി നടക്കുക.
പ്രതികളുടെ ഫോണ്‍ സംഭാഷണങ്ങള്‍ കിട്ടിയതാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ നേട്ടം. മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കാന്‍ അഞ്ചംഗ സംഘത്തെ ക്രൈം ബ്രാഞ്ച് നിയോഗിച്ചിട്ടുണ്ട്. 6000 ല്‍ അധികം ശബ്ദരേഖകള്‍ അന്വേഷണ സംഘത്തിന്റെ കൈയിലുണ്ടെന്നാണ് വിവരം. ഡിജിറ്റല്‍ തെളിവുകളും ശബ്ദരേഖകളും പരിശോധിക്കാന്‍ സമയം വേണമെന്നായിരുന്നു തുടരന്വേഷണ കാലാവധി നീട്ടി നല്‍കാനുള്ള അപേക്ഷയില്‍ പ്രോസിക്യൂഷന് പ്രധാനമായും പറഞ്ഞിരുന്നത്.
അന്വേഷണ സംഘത്തിന്റെ ഉടനടിയുള്ള മറ്റൊരു നീക്കം കാവ്യമാധവനെ ചോദ്യം ചെയ്യുകയെന്നതായിരിക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കാവ്യക്ക് വീണ്ടും നോട്ടീസ് അയക്കാനാണ് തീരുമാനം. കാവ്യ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് സംഘം തയ്യാറെടുത്തതായിരുന്നുവെങ്കിലും നടന്നില്ല. ആദ്യം വിളിച്ചപ്പോള്‍ ചെന്നൈയിലായതിനാല്‍ പറഞ്ഞ ദിവസം ഹാജരാകാന്‍ കഴിയില്ലെന്നാണ് കാവ്യ അറിയിച്ചത്. ചെന്നൈയില്‍ നിന്നും തിരിച്ചെത്തിയശേഷം ആലുവായിലെ വീട്ടില്‍ വച്ച് ചോദ്യം ചെയ്താല്‍ മതിയെന്ന നിലപാട് കാവ്യ സ്വീകരിച്ചതോടെയാണ് അനിശ്ചിതത്വം ഉണ്ടായത്. വീട്ടില്‍ വച്ച് ചോദ്യം ചെയ്യുന്നതിനോട് അന്വേഷണ സംഘം യോജിച്ചില്ല. പ്രോജക്ടര്‍ ഉപയോഗിച്ച് ചില ദൃശ്യങ്ങള്‍ കാണിച്ചും സംഭാഷണ ശകലങ്ങള്‍ കേള്‍പ്പിച്ചുമാണ് കാവ്യയില്‍ നിന്ന് വിവരങ്ങള്‍ തേടാന്‍ തീരുമാനിച്ചിരുന്നത്. പദ്മസരോവരം വീട് ഇതിന് പറ്റിയ ഇടമല്ല എന്നാണ് വിലയിരുത്തല്‍. സംവിധായകന് ബാലചന്ദ്രകുമാറിനേയും കാവ്യയേയും ഒരുമിച്ചിരുത്തി മൊഴിയെടുക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ പദ്മസരോവരം വീട്ടിലേക്ക് വരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ബാലചന്ദ്രകുമാറും അറിയിച്ചിരുന്നു. ഏപ്രില്‍ 15 ന് തുടരന്വേഷണ സമയം ഔദ്യോഗികമായി അവസാനിക്കുകയും ചെയ്തതോടെ ഹൈക്കോടതിയില്‍ നിന്നും സമയം നീട്ടി കിട്ടിയശേഷം കാവ്യയെ ഇനി ചോദ്യം ചെയ്താല്‍ മതിയെന്ന നിലപാടായിരുന്നു ക്രൈം ബ്രാഞ്ചിന്. അതനുസരിച്ചുള്ള അന്തരീക്ഷമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.