തുടരന്വേഷണത്തിന് ഒന്നര മാസം കൂടി സമയം; ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി

സമയം നീട്ടി നല്‍കരുതെന്നായിരുന്നു ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്
 
dileep-court

ഹൈക്കോടതിയില്‍ നിന്നും ദിലീപിന് മറ്റൊരു തിരിച്ചടി കൂടി. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് ഒന്നരമാസം കൂടി സമയം നീട്ടി നല്‍കി. മേയ് 30 ന് മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്. അതില്‍ കൂടുതല്‍ സമയം അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സമയം നീട്ടി നല്‍കിയതിനൊപ്പം കര്‍ശനമായ ചില നിര്‍ദേശങ്ങളും അന്വേഷണ സംഘത്തിന് കോടതി നല്‍കിയിട്ടുണ്ട്. അന്വേഷണ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും ഒരു വിവരവും മാധ്യമങ്ങളുമായി പങ്കുവയ്ക്കരുതെന്നുമാണ് കോടതി നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കുന്നില്ലെന്ന് ഡിജിപി ഉറപ്പ് വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം കൂടി സമയം നീട്ടി നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ചോദ്യം ചെയ്യലുകള്‍ പൂര്‍ത്തിയാക്കാനും ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാനും കൂടുതല്‍ സമയം വേണമെന്നും വിശദമായ അന്വേഷണം അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എങ്കിലും ഒന്നര മാസത്തെ സമയം മാത്രമാണ് കോടതി നല്‍കിയത്.

തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കരുതെന്നായിരുന്നു ദിലീപ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. വ്യാജ തെളിവുകള്‍ ഉണ്ടാക്കാനാണ് ക്രൈം ബ്രാഞ്ച് കൂടുതല്‍ സമയം ചോദിക്കുന്നതെന്നായിരുന്നു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ദിലീപ് ആരോപിച്ചിരുന്നത്.

ഒരേ ദിവസം തന്നെ ഹൈക്കോടതയില്‍ നിന്നും രണ്ട് തിരിച്ചടികളാണ് ദിലീപ് നേരിട്ടിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യവും ചൊവ്വാഴ്ച്ച ഹൈക്കോടതി തള്ളിയിരുന്നു. ഈ കേസിലെ എഫ് ഐ ആര്‍ റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സിബി ഐയ്ക്ക് വിടണമെന്നതും ദിലീപിന്റെ ആവശ്യമായിരുന്നു. അതും കോടതി നിരാകരിച്ചു. ക്രൈം ബ്രാഞ്ച് തന്നെ കേസ് അന്വേഷിക്കട്ടെയെന്നാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടത്.

അതേസമയം, ദിലീപിന്റെ അഭിഭാഷകന്‍ കേസിലെ സാക്ഷികളെ വ്യാജ മൊഴികള്‍ കോടതിയില്‍ നല്‍കാന്‍ പറഞ്ഞു പഠിപ്പിക്കുന്നതിന്റെ ടെലിഫോണ്‍ റെക്കോര്‍ഡുകളും ഇന്നു പുറത്തു വന്നു. പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച തെളിവായിരുന്നു ഇത്. ദിലീപിന്റെ സഹോദരനായ അനൂപിനെക്കൊണ്ട് ദിലീപിന്റെ അഭിഭാഷകരിലൊരാള്‍ മഞ്ജു വാര്യര്‍ മദ്യപാനിയായിരുന്നുവെന്ന് കോടതിയില്‍ പറയണമെന്ന് പഠിപ്പിച്ചു കൊടുക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തു വന്നത്. അതുപോലെ നടി ആക്രമിക്കപ്പെട്ട സമയത്ത് ദിലീപ് ആശുപത്രിയിലായിരുന്നുവെന്ന് സ്ഥാപിക്കാന്‍ എന്തൊക്കെ കോടതിയില്‍ പറയണമെന്നു വക്കീല്‍ പഠിപ്പിക്കുന്നതും ശബ്ദരേഖയിലുണ്ട്.