പി സി ജോര്‍ജിന് ജാമ്യം; പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ജോര്‍ജ്

വഞ്ചിയൂര്‍ മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്
 
p c george

മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന് ജാമ്യം. വഞ്ചിയൂര്‍ കോടതി മജിസ്‌ട്രേറ്റ് ആശ കോശിയാണ് ജാമ്യം അനുവദിച്ചു. അന്വേഷണത്തെയോ സാക്ഷികളെയോ സ്വാധീനിക്കരുത്. വിദ്വേഷ പ്രസംഗം നടത്തരുതെന്ന് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ ശാസ്തമംഗലം അജിത് കുമാര്‍ ആയിരുന്നു ജോര്‍ജിനു വേണ്ടി ഹാജരായത്. അതേസമയം ജാമ്യം നേടി മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ നിന്നും പുറത്തു വന്ന ജോര്‍ജ് നടത്തിയ പ്രതികരണം താന്‍ അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നായിരുന്നു.

ജോര്‍ജിനെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. ജോര്‍ജിനെ ജാമ്യത്തില്‍ വിട്ടാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ സാഹചര്യമുണ്ടെന്നും പൊലീസ് റിമാര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മതസ്പര്‍ധ ഉണ്ടാക്കാന്‍ പി സി ജോര്‍ജ് ആലോചിച്ച് ഉറപ്പിച്ച് പ്രവര്‍ത്തിച്ചുവെന്നും ജാമ്യം നല്‍കിയാല്‍ അന്വേഷണം തടസപ്പെടുത്തുമെന്നും പൊലീസ് റിമാര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടായിരുന്നു. 153 എ, 95 എ വകുപ്പുകളായിരുന്നു ജോര്‍ജിനെതിരേ ചുമത്തിയത്.

മുസ്ലിങ്ങളുടെ കടകളില്‍ ഹിന്ദുക്കള്‍ കയറരുതെന്നും മുസ്ലിം ചായക്കടകളില്‍ നിന്നും തരുന്ന ചായയില്‍ ഹിന്ദുക്കളെ വന്ധ്യംകരിക്കാനുള്ള തുള്ളിമരുന്ന് ചേര്‍ക്കുന്നുണ്ടെന്നൊക്കെയാണ് പി സി ജോര്‍ജ് ആധികാരിക വിവരമെന്നോണം വിളിച്ചു പറഞ്ഞത്. മലപ്പുറത്ത് നിര്‍മിക്കാതെ എം എ യൂസഫലി തിരുവനന്തപുരത്ത് ലുലു മാള്‍ കെട്ടിയത് ഹിന്ദുക്കളുടെ കാശ് അടിച്ചു മാറ്റാനാണെന്നും ജോര്‍ജ് മതവെറിയുടെ സ്വരത്തില്‍ പ്രസംഗിച്ചിരുന്നു. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിലായിരുന്നു ജോര്‍ജ് തന്റെ മുസ്ലിം വിരോധം പരസ്യമാക്കിയത്. ഇതിനെതിരേ ഡിജിപിക്ക് അടക്കം കിട്ടിയ പരാതികളിലാണ് ജോര്‍ജിനെതിരേ കേസ് എടുത്തതും ഞായറാഴ്ച്ച പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തതും. തിരുവനന്തപുരത്ത് നടന്ന് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലാണ് മുസ്ലിങ്ങളെ അധിക്ഷേപിച്ചും വര്‍ഗീയ ധ്രുവീകരണത്തിന് സാഹചര്യം സൃഷ്ടിക്കും വിധം പി സി ജോര്‍ജ് പ്രസംഗിച്ചത്. ജോര്‍ജിന്റെ വര്‍ഗീയ പ്രസംഗത്തിനെതിരേ യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും ഡിജിപിക്കുള്‍പ്പെടെ പരാതി നല്‍കിയിരുന്നു