പി സി ജോര്‍ജിന്റൈ അറസ്റ്റ് രേഖപ്പെടുത്തി; 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്
മജിസ്ട്രേറ്റിനു മുന്നില്‍ ജോര്‍ജിനെ ഹാജരാക്കി

മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഐപിസി 153 എ വകുപ്പാണ് ജോര്‍ജിനെതിരേ ചുമത്തിയിരിക്കുന്നത്. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് ജോര്‍ജിനെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നും തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച്ചയാണ് പൊലീസ് ജോര്‍ജിനെതിരേ സ്വമേധായ കേസെടുത്തത്.

എ ആര് ക്യാമ്പില്‍ വച്ച് വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പി സി ജോര്‍ജിനെ വഞ്ചിയൂരിലെ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി. ഞായറാഴ്ച്ചയായതിനാല്‍ കോടതി അവധിയായതുകൊണ്ടാണ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്. 14 ദിവസത്തെ കസ്റ്റഡിയില്‍ കിട്ടണമെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പൂഞ്ഞാര്‍ മുന്‍ എംഎല്‍എ കൂടിയായ ജോര്‍ജിനെ ജാമ്യത്തില്‍ വിട്ടാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ സാഹചര്യമുണ്ടെന്നും പൊലീസ് റിമാര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മതസ്പര്‍ധ ഉണ്ടാക്കാന്‍ പി സി ജോര്‍ജ് ആലോചിച്ച് ഉറപ്പിച്ച് പ്രവര്‍ത്തിച്ചുവെന്നും ജാമ്യം നല്കിയാല് അന്വേഷണം തടസപ്പെടുത്തുമെന്നും പൊലീസ് പറയുന്നുണ്ട്.
മുസ്ലിങ്ങളുടെ കടകളില്‍ ഹിന്ദുക്കള്‍ കയറരുതെന്നും മുസ്ലിം ചായക്കടകളില്‍ നിന്നും തരുന്ന ചായയില്‍ ഹിന്ദുക്കളെ വന്ധ്യംകരിക്കാനുള്ള തുള്ളിമരുന്ന് ചേര്ക്കുന്നുണ്ടെന്നൊക്കെയാണ് പി സി ജോര്‍ജ് ആധികാരിക വിവരമെന്നോണം വിളിച്ചു പറഞ്ഞത്. മലപ്പുറത്ത് നിര്‍മിക്കാതെ എം എ യൂസഫലി തിരുവനന്തപുരത്ത് ലുലു മാള്‍ കെട്ടിയത് ഹിന്ദുക്കളുടെ കാശ് അടിച്ചു മാറ്റാനാണെന്നും ജോര്‍ജ് മതവെറിയുടെ സ്വരത്തില്‍ പ്രസംഗിച്ചിരുന്നു. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിലായിരുന്നു ജോര്‍ജ് തന്റെ മുസ്ലിം വിരോധം പരസ്യമാക്കിയത്. ഇതിനെതിരേ ഡിജിപിക്ക് അടക്കം കിട്ടിയ പരാതികളിലാണ് ജോര്‍ജിനെതിരേ കേസ് എടുത്തതും ഞായറാഴ്ച്ച പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തതും.
തിരുവനന്തപുരത്ത് നടന്ന് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലാണ് മുസ്ലിങ്ങളെ അധിക്ഷേപിച്ചും വര്‍ഗീയ ധ്രുവീകരണത്തിന് സാഹചര്യം സൃഷ്ടിക്കും വിധം പി സി ജോര്‍ജ് പ്രസംഗിച്ചത്. ജോര്‍ജിന്റെ വര്‍ഗീയ പ്രസംഗത്തിനെതിരേ യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും ഡിജിപിക്കുള്‍പ്പെടെ പരാതി നല്‍കിയിരുന്നു