പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തി

 
Sreenivas RSS
പിന്നില്‍ എസ്ഡിപിഐ എന്ന് ബിജെപി

പാലക്കാട്ട് ആര്‍എസ്എസ് പ്രവര്‍ത്തകനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനെയാണ് അഞ്ചംഗ അക്രമിസംഘം വെട്ടിക്കൊന്നത്. പാലക്കാട് നഗരത്തിലെ മേലാമുറിയില്‍ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടു മണിയോടെ മരിച്ചു.

മേലാമുറിയില്‍ എസ്.കെ ഓട്ടോസ് എന്ന സ്വന്തം സ്ഥാപനത്തില്‍വച്ചാണ് ശ്രീനിവാസന് വെട്ടേറ്റത്. മൂന്ന് ഇരുചക്ര വാഹനങ്ങളിലായെത്തിയ അഞ്ചുപേര്‍ കടയില്‍ കയറി ശ്രീനിവാസനെ വെട്ടുകയായിരുന്നുവെന്നാണ് വിവരം. എല്ലാവരുടെ കൈയിലും വാളുണ്ടായിരുന്നു. കൈക്കും കാലിനും തലയുടെ ഭാഗത്തും ശ്രീനിവാസന് വെട്ടേറ്റിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. 

അക്രമം നടന്ന സ്ഥലത്ത് പോലീസ് പരിശോധന നടത്തിവരികയാണ്. അതേസമയം, ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ ദിവസം എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ പാലക്കാട് എലപ്പുള്ളിയില്‍ വെട്ടികൊലപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് പുതിയ കൊലപാതകം. എന്നാല്‍, എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ഇതിന് ബന്ധമുണ്ടോയെന്ന് പറയാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.