റിഫയുടെ ദുരൂഹ മരണം; വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം

ആവശ്യമെങ്കില്‍ അന്വേഷണം ദുബായിലേക്കും വ്യാപിപ്പിക്കുമെന്ന് സൂചന
 
rifa

ദുരൂഹ സാഹചര്യത്തില്‍ മരിച്ച വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം അന്വേഷണ സംഘത്തിന് ലഭിക്കും. ശനിയാഴ്ച്ചയാണ് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം വീണ്ടും കബറടക്കി. റിഫയുടേത് ആത്മഹത്യയായിരുന്നില്ല എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ ഉള്ളത്.  പുറത്തെടുത്ത മൃതദേഹം അഴുകിയിരുന്നില്ല. പ്രാഥമിക പരിശോധനയില്‍ കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ വിശദമായി പരിശോധന ആവശ്യമുണ്ടെന്നാണ് പറയുന്നത്. റിഫയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം ആവശ്യമെങ്കില്‍ അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

പാവണ്ടൂര്‍ ജുമ മസ്ജിദിലെകബര്‍ സ്ഥാനില്‍ അടക്കിയിരുന്ന മൃതദേഹം കോഴിക്കോട് തഹസില്‍ദാര്‍ പ്രേംലാലിന്റെ സാന്നിധ്യത്തില്‍  ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ലിസജോണിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്താണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടിലെത്തിച്ച മൃതദേഹം മൂന്നാം തീയതിയാണ് സംസ്‌കരിച്ചത്. ദുബൈയില്‍വെച്ച് റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് റിഫയുടെ ഭര്‍ത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം നേരത്തേ ആരോപിച്ചിരുന്നു. ഖബറടക്കാന്‍ തിടുക്കം കൂട്ടിയതും കുടുംബത്തിന് സംശയം ജനിപ്പിച്ചിരുന്നു. 

തുടര്‍ന്ന് മകളുടെ മരണത്തില്‍ സംശയം ഉന്നയിച്ച് റിഫയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. താമരശേരി ഡിവൈഎസ്പി കെ അഷ്റഫിനാണ് അന്വേഷണ ചുമതല. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

റിഫയുടെ മരണത്തില്‍ ഭര്‍ത്താവിനും സുഹൃത്തിനും എതിരെ തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്ന് പിതാവ് റാഷിദ് ആരോപിച്ചിരുന്നു. റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഭര്‍ത്താവ് മെഹ്നാസിന് എതിരെ തങ്ങളുടെ പക്കല്‍ തെളിവുണ്ട്. ഭര്‍ത്താവിന്റെ സുഹൃത്ത് ജംഷാദിനും മരണത്തില്‍ പങ്കുണ്ടെന്നും റാഷിദ് ആരോപിച്ചു.