മതവെറി പ്രസംഗം; പി സി ജോര്‍ജിനെതിരേ കേസ് എടുത്തു
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ജോര്‍ജിന്റെ മുസ്ലിം വിരുദ്ധ പ്രസംഗം

മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെതിരേ കേസ് എടുത്തു. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളുടെ പേരിലാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കേസ് എടുത്തത്. പൊലീസ് മേധാവിക്ക് ഉള്‍പ്പെടെ ജോര്‍ജിനെതിരേ പരാതികള്‍ കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോര്‍ട്ട് പൊലീസ് കേസ് എടുത്തത്.

കച്ചവടം ചെയ്യുന്ന മുസ്ലിങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു എന്ന തരത്തിലുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ പി സി ജോര്‍ജ് നടത്തിയിരുന്നു. ലുലുമാളില്‍ ഹിന്ദുക്കള്‍ പോകരുതെന്നും ജോര്‍ജ് വര്‍ഗീയധ്രുവീകരണം ലക്ഷ്യമിട്ട് ആവശ്യപ്പെട്ടിരുന്നു. മുസ്ലിങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, തുടങ്ങിയ ആരോപണങ്ങളാണ് പി.സി ജോര്‍ജ് ഉന്നയിച്ചത്. പി.സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്.
വിഷയത്തില്‍ പി സി ജോര്‍ജിനെതിരെ പരാതിയുമായി യൂത്ത് ലീഗ് രംഗത്ത് വന്നിരുന്നു. മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്നതും വര്‍ഗീയത നിറഞ്ഞതുമാണ് പ്രസംഗം എന്ന് യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി. ഇതിനെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് ഡി ജി പിക്കും മുഖ്യമന്ത്രിക്കും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പരാതി നല്‍കിയിരുന്നു.
പ്രസംഗത്തിലുടനീളം മുസ്ലിം സമുദായത്തെ പി സി ജോര്‍ജ് വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വ്വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. പി സി ജോര്‍ജിന്റെ ആരോപണങ്ങളെല്ലാം നുണയാണെന്നും ഗൗരവമായി പ്രസംഗത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് പരാതിയില്‍ പറയുന്നു. ഇത്തരം പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കേണ്ടത് നമ്മുടെ നാട്ടില്‍ ക്രമസമാധാനവും മതസൗഹാര്‍ദ്ദവും നിലനിര്‍ത്താന്‍ അനിവാര്യമാണ് എന്നും യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി.
പി.സി ജോര്‍ജിനെതിരെ ഷാഫി പറമ്പില്‍ എംഎല്‍എയും രംഗത്ത് വന്നിട്ടുണ്ട്. തമ്മിലടിപ്പിക്കല്‍ ശ്വാസവായു തൊഴിലാക്കിയ പി സി ജോര്‍ജ്ജിനെ കേസെടുത്ത് ജയിലിലിടാന്‍ പൊലീസ് തയ്യാറാകണമെന്നും സാംക്രമിക രോഗമായി പടരാന്‍ ആഗ്രഹിക്കുന്ന വര്‍ഗീയതയുടെ സഹവാസിയാണ് പി സി ജോര്‍ജ് എന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ഹിന്ദു മഹാസമ്മേളത്തിന്റെ മൂന്നാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം. യോഗത്തില്‍ അഡ്വ. കൃഷ്ണരാജ്, ബി ജെ പി നേതാവ് സന്ദീപ് വചസ്പതി എന്നിവരും പങ്കെടുത്തിരുന്നു. ഏപ്രല്‍ 27ന് ആരംഭിച്ച ഹിന്ദു മഹാസമ്മേളനം മെയ് ഒന്നിനാണ് അവസാനിക്കുന്നത്. തിരുവനന്തപുരം സൗത്ത് ഫോര്‍ട്ട് പ്രിയദര്‍ശിനി ക്യാമ്പസിലാണ് ഹിന്ദു മഹാ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.