'ഇസ്ലാമിക തീവ്രവാദത്തിനെതിരേ പറയുന്നവരെ നിശബ്ദരാക്കുന്നു'; ജോര്‍ജിന്റെ അറസ്റ്റ് കൊണ്ട് നേട്ടമുണ്ടാകുമോയെന്ന് നോക്കി ബിജെപി

ജോര്‍ജിന്റെ അറസ്റ്റ് അഭിപ്രായ സ്വാതന്ത്ര്യ ലംഘനമാണെന്നാണ് കെ സുരേന്ദ്രന്‍ പറയുന്നത്
 
k surendran

പി സി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്ത സംഭവം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇടതുപക്ഷ സര്‍ക്കാര്‍ തീവ്രവാദത്തിനു മുന്നില്‍ കീഴടങ്ങിയിരിക്കുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയാല്‍ അത് വര്‍ഗീയ നേട്ടത്തിന് ഉപയോഗപ്പെടുത്താമെന്നുള്ള കണക്കുകൂട്ടലാണ് ബിജെപിക്കുള്ളതെന്നാണ് സുരേന്ദ്രന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. കസ്റ്റഡിയില്‍ എടുത്ത പി സി ജോര്‍ജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്ന വഴിയില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡ് തടഞ്ഞു പ്രതിഷേധിച്ചിരുന്നു. 

'പി സി ജോര്‍ജിന്റെ അറസ്റ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. ഇസ്ലാമിക ഭീകരവാദത്തിനെതിരേ സംസാരിക്കുന്നവരെ നിശബ്ദരാക്കാനാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷം തീവ്രവാദത്തിനു മുന്നില്‍ പൂര്‍ണമായി കീഴടങ്ങിയിരിക്കുകയാണ്'- പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ ബിജെപി സംസ്ഥാനധ്യക്ഷന്‍ ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്. മുസ്ലിം സമുദായത്തെ ഒന്നടങ്കം അധിക്ഷേപിക്കുകയും കുറ്റവാളികളാക്കി ചിത്രീകരിക്കുകയും ചെയ്ത ജോര്‍ജിന്റെ പ്രസംഗത്തെയാണ് 'ഇസ്ലാമിക തീവ്രവാദത്തിനെതിരായ സംസാരം' എന്നു കെ സുരേന്ദ്രന്‍ ന്യായീകരിച്ചിരിക്കുന്നത്.


കേരളത്തിലെ അറിയപ്പെടുന്ന മുതിര്‍ന്ന രാഷ്ട്രീയ നേതാവിനെ ഒരു പ്രസംഗത്തിന്റെ പേരില്‍ പുലര്‍ച്ചെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് മൂന്ന് മണിക്കൂര്‍ ദൂരെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നത് പിണറായി സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനത്തിനുള്ള തെളിവാണ്. മുസ്ലിം മതമൗലികവാദികള്‍ വര്‍ഗീയ വിഷം ചീറ്റിയിട്ടും ഒരു നടപടിയും എടുക്കാത്ത സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് പിസി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തതോടെ വ്യക്തമാകുന്നത്. ഇസ്ലാമിക വര്‍ഗീയ ശക്തികള്‍ക്ക് എന്തും പറയാം എന്തും ചെയ്യാം, എന്നാല്‍ ആരും ഇതിനെതിരെ പ്രതികരിക്കരുതെന്നാണ് പിണറായി പറയുന്നത്. അത് അംഗീകരിച്ചു തരാന്‍ ബിജെപി തയ്യാറല്ല. ജിഹാദികള്‍ക്ക് മുമ്പില്‍ മുട്ടിലിഴയുന്ന സര്‍ക്കാര്‍ ഹൈന്ദവ-ക്രൈസ്തവ നേതാക്കളെ വേട്ടയാടുകയാണ്. ഇടത് സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ ബിജെപി ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.


മുസ്ലിങ്ങളുടെ കടകളില്‍ ഹിന്ദുക്കള്‍ കയറരുതെന്നും മുസ്ലിം ചായക്കടകളില്‍ നിന്നും തരുന്ന ചായയില്‍ ഹിന്ദുക്കളെ വന്ധ്യംകരിക്കാനുള്ള തുള്ളിമരുന്ന് ചേര്‍ക്കുന്നുണ്ടെന്നൊക്കെയാണ് പി സി ജോര്‍ജ് ആധികാരിക വിവരമെന്നോണം വിളിച്ചു പറഞ്ഞത്. മലപ്പുറത്ത് നിര്‍മിക്കാതെ എം എ യൂസഫലി തിരുവനന്തപുരത്ത് ലുലു മാള്‍ കെട്ടിയത് ഹിന്ദുക്കളുടെ കാശ് അടിച്ചു മാറ്റാനാണെന്നും ജോര്‍ജ് മതവെറിയുടെ സ്വരത്തില്‍ പ്രസംഗിച്ചിരുന്നു. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിലായിരുന്നു ജോര്‍ജ് തന്റെ മുസ്ലിം വിരോധം പരസ്യമാക്കിയത്. ഇതിനെതിരേ ഡിജിപിക്ക് അടക്കം കിട്ടിയ പരാതികളിലാണ് ജോര്‍ജിനെതിരേ കേസ് എടുത്തതും ഞായറാഴ്ച്ച പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തതും. തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനില്‍ കൊണ്ടു വന്ന് കേസ് ചാര്‍ജ് ചെയ്ത ശേഷം ഇന്നു തന്നെ ജോര്‍ജിനെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുമെന്നും അറിയുന്നു. 

ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തതിനെതിരേ മകന്‍ ഷോണ്‍ ജോര്‍ജും രംഗത്തു വന്നിരുന്നു. സര്‍ക്കാരിന്റെ നിര്‍ബന്ധബുദ്ധിയാണിതിനു പിന്നിലെന്നും പൊലീസ് വിളിപ്പിക്കുമെന്നു കരുതിയിരുന്നുവെങ്കിലും അറസ്റ്റ് ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ലെന്നുമാണ് ഷോണ്‍ പറയുന്നത്. ഷോണും ജോര്‍ജിനെ അനുഗമിച്ച് തിരുവനന്തപുരത്തേക്ക് പോകുന്നുണ്ട്.