സോളാര്‍ പീഡന പരാതി; ഹൈബി ഈഡന് എംപിയെ സിബിഐ ചോദ്യം ചെയ്തു
എറണാകുളത്ത് വച്ചായിരുന്നു സിബിഐ പ്രത്യേക സംഘം ചോദ്യം ചെയ്തത്

സോളാര്‍ പീഡനക്കേസില്‍ കോണ്‍ഗ്രസ് യുവനേതാവും എറണാകുളം എംപിയുമായ ഹൈബി ഈഡനെ സിബിഐ അന്വേഷണം സംഘം ചോദ്യം ചെയ്തു. എറണാകുളത്തെ കേന്ദ്രസര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വച്ച് സിബിഐ സ്പെഷ്യല്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഹൈബിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലേക്ക് ഹൈബി സ്വന്തം വാഹനമോടിച്ച് എത്തുകയായിരുന്നു. ഏപ്രില്‍ മാസം അഞ്ചാം തീയതി ഹൈബി ഈഡന് എംപിക്ക് എതിരായ പീഡന പരാതിയില്‍ എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ തെളിവെടുപ്പ് നടത്തിയിരുന്നു. ഹൈബി എംഎല്‍എ ആയിരിക്കുന്ന സമയത്തായിരുന്നു പരാതി വന്നത്.

2021 ജനുവരിയില്‍ ഒന്നാം പിണറായി സര്‍ക്കാരാണ് സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിട്ടത്. തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു കേസ് സിബിഐക്ക് വിട്ടത്. ഇത് വലിയ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആക്ഷേപം. പ്രാഥമികാന്വേഷണത്തിനും നിയമോപദേശത്തിനും ശേഷം ആഗസ്റ്റിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍, ഹൈബി ഈഡന്, ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളകുട്ടി എന്നിവര്‍ക്കെതിരെയാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്.
ലൈംഗിക പീഡനം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ആറ് എഫ്ഐആറാണുള്ളത്. ലെംഗികാതിക്രമം, വഞ്ചന, കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകല്‍ എന്നിവയാണ് ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള കുറ്റം. മറ്റുള്ളവര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും അടൂര്‍ പ്രകാശ് ഒഴികെയുള്ളവരുടെയെല്ലാം പേരില്‍ ലൈംഗിക പീഡനത്തിനും കുറ്റം ചുമത്തി. ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി പിറകെ നടന്ന് ശല്യം ചെയ്തതിന് അടൂര്‍ പ്രകാശിനും അബ്ദുള്ളക്കുട്ടിക്കും എതിരെ കുറ്റവുമുണ്ട്. വധഭീഷണി മുഴക്കിയെന്നതും അബ്ദുള്ളക്കുട്ടിക്കെതിരെയുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് പരാതിക്കാരിയുടെ അപേക്ഷയിലാണ് സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയത്്. സോളാര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് ആറ് പീഡന പരാതികളാണ് സിബി ഐ അന്വേഷിക്കുന്നത്. ഓരോ സംഘമായാണ് ഓരോ പരാതിയും അന്വേഷിക്കുന്നത്.
ഈ മാസം(മേയ്) മൂന്നാം തീയതി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ സോളാര്‍ പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ മുഖ്യമന്ത്രിമാരുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. പ്രത്യേക അനുമതി വാങ്ങിയായിരുന്നു തെളിവെടുപ്പ്. മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സാര്‍ത്ഥം അമേരിക്കയിലായിരുന്ന സമയത്തായിരുന്നു തെളിവെടുപ്പ്. പരാതിക്കാരിയും തെളിവെടുപ്പ് സ്ഥലത്തെത്തിയിരുന്നു. 2013 ലാണ് പരാതിക്കാരി ഉമ്മന്‍ ചാണ്ടിക്കെതിരായ പീഡന പരാതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് രേഖാമൂലം കത്ത് അയച്ചത്. 2012 സെപ്തംബര്‍ 9ന് മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് പരാതിക്കാരിയുടെ ആരോപണം. ഇതേ പരാതി ക്രൈം ബ്രാഞ്ചും അന്വേഷിച്ചിരുന്നു. അവര്‍ ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചിറ്റായിരുന്നു നല്‍കിയത്. പരാതിക്കാരി പറയുന്ന, പീഡനം നടന്നുവെന്നു പറയുന്ന ദിവസം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഇല്ലായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.