ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരേ കൂടുതല്‍ തെളിവുകളുമായി അതിജീവിത വീണ്ടും ബാര്‍ കൗണ്‍സിലിനു മുന്നില്‍

ശബ്ദരേഖകളാണ് സമര്‍പ്പിച്ചത്
 
dileep

പ്രതിഭാഗം അഭിഭാഷകര്‍ക്കെതിരേ ബാര്‍ കൗണ്‍സിലിന് കൂടുതല്‍ തെളിവുകള്‍ നല്‍കി ആക്രമിക്കപ്പെട്ട നടി. കേസ് അട്ടിമറിക്കാന്‍ അഭിഭാഷകര്‍ ഇടപെട്ടതുമായി ബന്ധപ്പെട്ട ശബ്ദരേഖകളാണ് കൈമാറിയത്.  ദിലീപിന്റെ അഭിഭാഷകരായ ബി രാമന്‍ പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയാണ് അതിജീവിത പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പുറത്തു വന്ന ഫോണ്‍ സംഭാഷണങ്ങളാണ് അതജീവിതയായ നടി ബാര്‍ കൗണ്‍സിലിന് കൈമാറിയത്. അഭിഭാഷകര്‍ ചട്ടങ്ങള്‍ ലംഘിച്ചെന്നും മൊഴി മാറ്റിക്കാന്‍ നേരിട്ട് ഇടപെട്ടെന്നുമാണ് നടി പരാതിപ്പെടുന്നത്. നടി ഹാജരാക്കിയ ശബ്ദരേഖകള്‍ ബന്ധപ്പെട്ട അഭിഭാഷകര്‍ക്ക് കൈമാറുമെന്നും അതിനുശേഷം അവരില്‍ നിന്നും വിശദീകരണം തേടുമെന്നുമാണ് ബാര്‍ കൗണ്‍സില്‍ പറയുന്നത്. അതിനുശേഷമായിരിക്കും തുടര്‍നടപടികളിലേക്ക് പോവുക. ദിലീപിന്റെ അഭിഭാഷകര്‍ സാക്ഷികളെ ഫോണില്‍ വിളിച്ച് എന്തൊക്കെ മൊഴി കൊടുക്കണമെന്ന് പഠിപ്പിക്കുന്ന ശബ്ദരേഖകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. മഞ്ജു വാര്യര്‍ മദ്യപാനിയാണെന്നു പറയണമെന്നതുള്‍പ്പെടെയുള്ള വ്യാജമൊഴികള്‍ നല്‍കാന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെ പ്രതിഭാഗം അഭിഭാഷകന്‍ പഠിപ്പിക്കുന്നതിന്റെ ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍ പുറത്തി വന്നിരുന്നു.

നേരത്തെയും പ്രതിഭാഗം അഭിഭാഷകര്‍ക്കെതിരേ നടി ബാര്‍ കൗണ്‍സിലിന് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ടായിരുന്നു. കേസിലെ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ബി. രാമന്‍ പിള്ള ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു അതിജീവിത ആദ്യം ബാര്‍ കൗണ്‍സിലിനെ സമീപിക്കുന്നത്. അഭിഭാഷകവൃത്തിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് രാമന്‍ പിള്ള പ്രവര്‍ത്തിച്ചതെന്നായിരുന്നു പരാതിയില്‍ ആരോപിച്ചത്. 

ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതിയുടെ അഭിഭാഷകരടക്കം കൂട്ടുനിന്നതായി ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു അതിജീവിത ബാര്‍ കൗണ്‍സില്‍ സെക്രട്ടറിക്ക് അഡ്വ. രാമന്‍ പിള്ളയ്ക്കെതിരേ പരാതി നല്‍കാന്‍ തയ്യാറായത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകര്‍ തന്നെ നേതൃത്വം നല്‍കുന്നൊരു സാഹചര്യമുണ്ടായി. അതാണിപ്പോള്‍ തെളിവുകള്‍ സഹിതം പുറത്തേക്ക് വന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രസ്തുത അഭിഭാഷകര്‍ക്കെതിരേ നടപടിയെടുക്കണമെന്നതായിരുന്നു അതിജീവിതയുടെ ആവശ്യം. 

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ സിര്‍പിസി 160 പ്രകാരം സീനിയര്‍ അഭിഭാഷകനായ ബി രാമന്‍ പിള്ളയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത് വിവാദമായിരുന്നു. പൊലീസിന്റെ നടപടിയ്ക്കെതിരേ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ രംഗത്തു വന്നിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായുള്ള ആരോപണങ്ങളുടെ പേരില്‍ പ്രതിഭാഗം അഭിഭാഷകരെ ചോദ്യം ചെയ്യാന്‍ നടപടി സ്വീകരിക്കുന്നത് അഭിഭാഷകരുടെ തൊഴില്‍പരമായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നായിരുന്നു ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി സെക്രട്ടറി അഡ്വ. സി പി പ്രമോദ് ചൂണ്ടിക്കാട്ടിയത്. തെറ്റായി രജിസ്റ്റര്‍ ചെയ്ത കേസില്‍ തന്റെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നു പറയുന്നത് നിയമവാഴ്ച്ചയോടുള്ള വെല്ലുവിളിയാണെന്നാരോപിച്ച് നോട്ടീസിന് രാമന്‍ പിള്ള മറുപടി നല്‍കിയിരുന്നു. ഇതോടെ ചോദ്യം ചെയ്യലില്‍ നിന്നും ക്രൈം ബ്രാഞ്ച് പിന്മാറുകയും ചെയ്തു.