തീരുമാനം ഏകകണ്ഠം, പി ശശിക്ക് യാതൊരു അയോഗ്യതയുമില്ല; ഇ പി ജയരാജന്‍

പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കിയതിനെ പി ജയരാജന്‍ വിമര്‍ശിച്ചിരുന്നു
 
e p jayarajan

സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായ തീരുമാനപ്രകാരമാണ് പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജ്. അഭിപ്രായങ്ങള്‍ പലവിധമുണ്ടാകാമെന്നും എന്നാല്‍ തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി ശശിയുടെ നിയമനത്തിനെതിരേ പി ജയരാജന്‍ വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇ പി ജയരാജന്‍.

മുഖ്യമന്ത്രിയുടെ ഓഫിസിലെ നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും മുന്‍പ് ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു പി ജയരാജന്റെ വിമര്‍ശനം. പി ജയരാജനെ തള്ളിക്കളയാതെയായിരുന്നു ഇതിനുളള മറുപടി ഇ പി പറഞ്ഞത്. പി ശശിക്ക് യാതൊരുവിധ അയോഗ്യതയുമില്ല. ചില വിഷയങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ നടപടി ഉണ്ടായേക്കാം. ഒരിക്കല്‍ പുറത്താക്കപ്പെട്ടാല്‍ അയാള്‍ ആജീവനാന്തം പുറത്താക്കപ്പെടേണ്ട ആളാണെന്നത് തെറ്റായ ധാരണയാണ്. തെറ്റ് പറ്റാത്തവരായി ആരുമില്ല മനുഷ്യരായി. പൊതുപ്രവര്‍ത്തനത്തിനിടെ ചില തെറ്റുകള്‍ സംഭവിച്ചേക്കാം. അത് പരിഹരിക്കുവാനും ഇനി ആവര്‍ത്തിക്കാതിരിക്കാനുമാണ് പാര്‍ട്ടി നടപടി സ്വീകരിക്കുന്നത്- ശശിയുടെ നിയമനത്തെ ന്യായീകരിച്ചുകൊണ്ട് എല്‍ഡിഎഫ് കണ്‍വീനര്‍ പറയുന്ന കാര്യങ്ങളിതാണ്. പുത്തലത്ത് ദിനേശനായിരുന്നു ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി. ദിനേശനെ ദേശാഭിമാനി പത്രാധിപരായി മാറ്റി നിയമിച്ചുകൊണ്ടാണ് പി ശശിയെ പകരം കൊണ്ടുവരുന്നത്. മുമ്പ് ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നു സമയത്ത് ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നിട്ടുണ്ട്. പിന്നീടാണ് ശശിക്കെതിരേ ലൈംഗികാതിക്രമ പരാതി വരുന്നത്. തുടര്‍ന്ന് 2011 ല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. 2018 ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയ ശശി ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയിലുമെത്തി. അധികം വൈകാതെ തന്നെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെന്ന നിര്‍ണായക റോളും സ്വന്തമാക്കി.

പാര്‍ട്ടിയില്‍ പുതിയ ചുമതലകള്‍ ഏല്‍പ്പിക്കുന്നതിനുള്ള നിയമനകാര സമിതിയിലായിരുന്നു പി ശശിക്കെതിരെ പി ജയരാജന്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്. എതിരഭിപ്രായം ഉണ്ടെങ്കില്‍ നേരത്തെ അറിയിക്കണമായിരുന്നുവെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി. നിയമനകാര്യം ചര്‍ച്ച ചെയ്യുന്ന കമ്മിറ്റിയിലല്ല ഇക്കാര്യം പറയേണ്ടതെന്നും ഇത്തരം വിവരങ്ങള്‍ നേരത്തെ പാര്‍ട്ടിയെ അറിയിക്കാമായിരുന്നുവെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.