വധ ഗൂഢാലോചന കേസ് റദ്ദാക്കില്ല, സിബിഐക്കും വിടില്ല, ക്രൈം ബ്രാഞ്ച് തന്നെ അന്വേഷിക്കും; ദിലീപിന് വന്‍ തിരിച്ചടി

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇക്കാര്യം ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി തള്ളിയ കോടതി, അന്വേഷണവുമായി മുന്നോട്ടു പോകാമെന്നാണ് പറഞ്ഞത്. ജസ്റ്റീസ് സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിച്ചത്. കേസ് റദ്ദാക്കില്ലെങ്കില് സിബിഐക്ക് വിടണമെന്ന ദിലീപിന്റെ ആവശ്യവും കോടതി നിരാകരിച്ചു. വലിയ തിരിച്ചടിയാണ് ദിലീപിന് ഇന്ന് ഹൈക്കോടതിയില്‍ നിന്നും നേരിട്ടിരിക്കുന്നത്. ഒരേസമയം നടി ആക്രമിക്കപ്പെട്ട കേസും വധ ഗൂഢാലോചന കേസും ദിലീപ് ഇനി നേരിടേണ്ടി വരും. അന്വേഷണ സംഘത്തിനാകട്ടെ ഇന്നത്തെ ഹൈക്കോടതി വിധി ഏറെ ആശ്വാസവും പകരുന്നുണ്ട്.

നേരത്തെ ഇതേ കേസില്‍ ഹൈക്കോടതിയില്‍ നിന്നും ദിലീപ് മുന്‍കൂര്‍ ജാമ്യം സ്വന്തമാക്കിയിരുന്നു. ദിലീപിനെ കൂടാതെ സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. സംവിധായകന് ബാലചന്ദ്ര കുമാറാണ് നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയതെന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
എന്നാല്‍ ഈ കേസ് തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമെന്നായിരുന്നു ദിലീപിന്റെ ആരോപണം. ഡിജിപി ബി സന്ധ്യ, എഡിജിപി എസ് ശ്രീജിത്ത് എന്നിവരുടെ അറിവോടെ ഡിവൈഎസ്പി ബൈജു പൗലോസും സംവിധായകന് ബാലചന്ദ്രകുമാറും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് തനിക്കെതിരെയുള്ള കേസെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര് റദ്ദാക്കണമെന്നുമായിരുന്നു ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാനാണ് പുതിയ കേസ് ഉണ്ടാക്കിയിരിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എഫ് ഐ ആര് റദ്ദാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ കേസ് സിബിഐക്ക് കൈമാറണമെന്നതായിരുന്നു മറ്റൊരാവശ്യം. വധഗൂഢാലോചന കേസില്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയതിനു ശേഷമാണ് എഫ് ഐ ആര് റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചത്.