ഇത് സര്‍ക്കാരിന്റെ നിര്‍ബന്ധബുദ്ധി; ജോര്‍ജിനെ കസ്റ്റഡിയിലെടുത്തിനെതിരേ മകന് ഷോണ്‍

സര്‍ക്കാരിന്റെ നിര്‍ബന്ധ ബുദ്ധിയാണ് പി സി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നിലെന്ന് മകന് ഷോണ്‍ ജോര്‍ജ്. ഞായറാഴ്ച്ച പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ പ്രവര്‍ത്തിയെയാണ് ഷോണ്‍ അപലപിക്കുന്നത്. ഫോര്‍ട്ട് സ്റ്റേഷനില്‍ എത്തിച്ച് ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

ആവശ്യപ്പെട്ടാല്‍ പൊലീസിനു മുന്നില്‍ ഹാജരാകുന്നയാളാണ് പി സി ജോര്‍ജ് എന്നാണ് ഷോണ്‍ മനോരമ ന്യൂസിനോട് പറഞ്ഞത്. പറഞ്ഞത് തെറ്റോ എന്ന് അദ്ദേഹവും കാലവുമാണ് വിലയിരുത്തേണ്ടതെന്നും ആര്‍ക്കെങ്കിലും വേദനയുണ്ടായെങ്കില്‍ ക്ഷമാപണം വേണമെന്നാണ് തന്റെ നിലപാടെന്നും ഷോണ്‍ മനോരമയോട് പറയുന്നുണ്ട്.
അതേസമയം, ജോര്‍ജിനെതിരായ കേസ് നിയമപരമായി നേരിടുമെന്നും ഷോണ്‍ പറഞ്ഞു. പൊതു പ്രവര്ത്തകന് എന്ന നിലയിലല്ല, മകന് എന്ന നിലയിലായിരിക്കും ഇനി പ്രവര്‍ത്തിക്കുകയെന്നും ഷോണ്‍ പറഞ്ഞു. പി സി ജോര്‍ജിനെ തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരമുള്ളതെന്നും ഷോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്തേക്ക് പോകുന്ന ജോര്‍ജിനെ ഷോണും അനുഗമിക്കുന്നുണ്ട്. സ്വന്തം വാഹനത്തിലാണ് ജോര്‍ജ് പോകുന്നത്.
പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും പൊലീസ് വിളിപ്പിക്കുമെന്നു മാത്രമാണ് കരുതിയതെന്നും ഷോണ്‍ മാതൃഭൂമിയോട് പറയുന്നുണ്ട്. ''സ്വഭാവികമായും പൊലീസ് വിളിപ്പിച്ചാല്‍ അങ്ങോട്ട് ചെല്ലുന്നയാളാണല്ലോ പി സി ജോര്‍ജ്. ഒരു മണിക്കാണ് എ സി പിയും സി ഐ യും എല്ലാം അവിടെ നിന്നും പോന്നത്. ഫോര്‍ട്ട് സ്റ്റേഷനിലെത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്. ഇന്ന് ഞായറാഴ്ച്ച ദിവസമാണല്ലോ, അതുകൊണ്ടാകും പെട്ടെന്നു തന്നെയുള്ള ഈ അറസ്റ്റ്''- ഷോണ്‍ ജോര്‍ജ് പറഞ്ഞു.
മതവിദ്വേഷം പ്രസംഗം നടത്തിയെന്ന കേസിലാണ് മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തത്. പുലര്‍ച്ചെ അഞ്ചു മണിക്ക് ഈരാറ്റുപേട്ടയിലെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയാണ് ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോവുകയാണ്. തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനമെന്നറിയുന്നു.
തിരുവനന്തപുരത്ത് നടന്ന് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലാണ് മുസ്ലിങ്ങളെ അധിക്ഷേപിച്ചും വര്‍ഗീയ ധ്രുവീകരണത്തിന് സാഹചര്യം സൃഷ്ടിക്കും വിധം പി സി ജോര്‍ജ് പ്രസംഗിച്ചത്. ജോര്‍ജിന്റെ വര്‍ഗീയ പ്രസംഗത്തിനെതിരേ യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും ഡിജിപിക്കുള്‍പ്പെടെ പരാതി നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ശനിയാഴ്ച്ച വൈകിട്ടോടെ ഡിജിപിയുടെ നിര്‍ദേശപ്രകാരം ജോര്‍ജിനെതിരേ കേസ് എടുത്തിരുന്നു. ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്ന ശക്തമായ അഭിപ്രായം ഉയര്‍ന്നിരുന്നു. അറസ്റ്റ് ചെയ്യാതിരിക്കുന്നതിനെതിരേ പ്രതിപക്ഷം സര്‍ക്കാരിനെതിരേ വലിയതോതില്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
കച്ചവടം ചെയ്യുന്ന മുസ്ലിങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു എന്ന തരത്തിലുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ പി സി ജോര്‍ജ് നടത്തിയിരുന്നു. ലുലുമാളില്‍ ഹിന്ദുക്കള്‍ പോകരുതെന്നും ജോര്‍ജ് വര്‍ഗീയധ്രുവീകരണം ലക്ഷ്യമിട്ട് ആവശ്യപ്പെട്ടിരുന്നു. മുസ്ലിങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, തുടങ്ങിയ ആരോപണങ്ങളാണ് പി.സി ജോര്‍ജ് ഉന്നയിച്ചത്. പി.സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്.
വിഷയത്തില്‍ പി സി ജോര്‍ജിനെതിരെ പരാതിയുമായി യൂത്ത് ലീഗ് രംഗത്ത് വന്നിരുന്നു. മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്നതും വര്‍ഗീയത നിറഞ്ഞതുമാണ് പ്രസംഗം എന്ന് യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി. ഇതിനെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് ഡി ജി പിക്കും മുഖ്യമന്ത്രിക്കും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പരാതി നല്‍കിയിരുന്നു.