തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; കളത്തിലിറങ്ങുന്നത് ആരൊക്കെ?

പതിനഞ്ചാം നിയമസഭയുടെ കാലയളവിലെ ആദ്യ ഉപതെരഞ്ഞെടുപ്പിനാണ് മേയ് 31 ന് തൃക്കാക്കര തയ്യാറെടുക്കുന്നത്. സിറ്റിംഗ് എംഎല്‍എ ആയിരുന്ന പി ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. തുടര്‍ഭരണം കിട്ടിയ പിണറായി വിജയന് സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ നിര്‍ണായകമായൊരു ഉപതെരഞ്ഞെടുപ്പായിരിക്കും തൃക്കാക്കരയിലേത്. കോണ്‍ഗ്രസിന്റെ തട്ടകമായ മണ്ഡലത്തില്‍ ഒരു അട്ടിമറി വിജയം നേടാനായാല്‍ സര്ക്കാരിനതുണ്ടാക്കുന്നത് വലിയ നേട്ടമായിരിക്കും. അതേസമയം, സീറ്റ് നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ സര്‍ക്കാരിനെതിരേയുള്ള തങ്ങളുടെ പ്രചാരണങ്ങള്‍ക്ക് ജനകീയ അംഗീകാരം കിട്ടിയെന്ന തരത്തില്‍ ആഘോഷിക്കാന്‍ കോണ്‍ഗ്രസിന് കഴിയും. എന്നാല്‍, ട്വന്റി-20, ആം ആദ്മി പാര്‍ട്ടി, ബിജെപി എന്നിവരുടെ വെല്ലുവിളികള്‍ അത്ര നിസ്സാരമായി കാണാനും കഴിയില്ല. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് നേട്ടമുണ്ടാക്കുമെന്ന ആത്മവിശ്വാസം മുഴക്കിയെങ്കിലും ട്വന്റി-20ക്ക് തൃക്കാക്കരയിലടക്കം കാര്യമായ ചലനമൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏറ്റവും ഒടുവില്‍ പുറത്തു വരുന്ന വാര്‍ത്തകളനുസരിച്ച് ട്വന്റി-20 തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഇറങ്ങുന്നില്ലെന്നാണ് പറയുന്നത്. ആം ആദ്മി മത്സരിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് പിന്തുണ കൊടുക്കുകയായിരിക്കും ചെയ്യുക. എന്നാല്‍ പരസ്യ പ്രചാരണത്തിനിറങ്ങില്ലെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്. ശക്തനായ സ്ഥാനാര്‍ത്ഥിയുമായി കളത്തിലിറങ്ങുമെന്നാണ് ബിജെപി പറയുന്നത്. ബിജെപിക്ക് കാര്യമായ സ്വാധീനമുള്ള ഒരു മണ്ഡലമാണ് തൃക്കാക്കര. മുതിര്‍ന്ന നേതാവ് എ എന്‍ രാധാകൃഷ്ണന്റെ പേരാണ് ബിജെപി പട്ടികയില്‍ മുന്നിലുള്ളത്. ഒ എം ശാലിനി, ടി പി സിന്ധുമോള്‍, എസ് ജയകൃഷ്ണന് എന്നിവരും പട്ടികയിലുണ്ട്.

സ്ഥാനാര്‍ത്ഥികളായി ആരൊക്കെ വരുമെന്നതിലാണ് ആകാംക്ഷ ഇപ്പോഴും നിലനില്‍ക്കുന്നത്. തൃക്കാക്കര വലതുപക്ഷത്തോട് ആഭിമുഖ്യം കാണിക്കുന്ന മണ്ഡലമാണെങ്കിലും പി ടി തോമസിന്റെ വ്യക്തിഗത വിജയം കൂടിയാണ് കഴിഞ്ഞ രണ്ട് തവണയും ഉണ്ടായത്. എല്‍ഡിഎഫ് തുടര്‍ഭരണം നല്കിയ 2021 ലെ തെരഞ്ഞെടുപ്പിലും പി ടി 14329 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു മണ്ഡലം നിലനിര്‍ത്തിയത്. അതിനാല്‍ തന്നെ ശക്തനായൊരു സ്ഥാനാര്‍ത്ഥി ഉണ്ടെങ്കില്‍ മാത്രമെ ആര്‍ക്കായാലും വിജയം സ്വന്തമാക്കാന്‍ കഴിയൂ. പി ടി യുടെ ഭാര്യ ഉമ തോമസിന്റെ പേരാണ് കോണ്‍ഗ്രസില്‍ പറഞ്ഞു കേള്‍ക്കുന്നത്. ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. മത്സരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കാമെന്നും സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണെന്നുമാണ് ഉമ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ മത്സരരംഗത്ത് നിന്നും മാറി നില്‍ക്കുമെന്ന തരത്തില്‍ അവര്‍ ഇതുവരെ പ്രതികരണങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല.
ഉമ തോമസിനെ കൂടാതെ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ പി സി സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, കൊച്ചി മുന്‍ മേയര്‍ ടോണി ചെമ്മണി എന്നിവരുടെ പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്. എങ്കിലും ഉമ തന്നെയായിരിക്കും കോണ്‍ഗ്രസിന്റെ ഫസ്റ്റ് ചോയ്സ്.
അതേസമയം ഉമ തന്നെ മത്സരിക്കട്ടെയെന്നതാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നതെന്നാണ് പാര്‍ട്ടിവൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിയുന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ സി വേണുഗോപാലിനും ഉമയുടെ കാര്യത്തില്‍ അനുകൂല നിലപാടാണെന്നാണ് വിവരം. സ്ഥാനാര്‍ത്ഥി തീരുമാനം കേരളത്തില്‍ തന്നെ ഉണ്ടാകുമെന്ന സതീശന്റെ പ്രസ്താവനയും ഇതോട് കൂട്ടിവായാക്കാവുന്നതാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബുധനാഴ്ച്ച തിരുവനന്തപുരത്ത് പ്രധാന നേതാക്കളുടെ യോഗം നടക്കുമെന്നും എ ഐ സി സി യുടെയും യുഡിഎഫ് ഘടകകക്ഷികളുടെയും അംഗീകാരത്തോടെ എത്രയും വേഗത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നുമാണ് സതീശന് തിങ്കളാഴ്ച്ച പറഞ്ഞത്.
ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ കോണ്‍ഗ്രസും യുഡിഎഫും സജ്ജമാണെന്നും പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെ- റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാക്കുമെന്നും കഴിഞ്ഞ ഒരു വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ജനകീയ വിലയിരുത്തലായിരിക്കും ഉപതെരഞ്ഞെടുപ്പ് വിധിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള ഇടതു സ്ഥാനാര്‍ത്ഥി ആരെന്നതില്‍ ഇപ്പോഴും വ്യക്തമായൊരു ചിത്രം തെളിഞ്ഞിട്ടില്ല. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരിക്കുമോ അതോ ഏതെങ്കിലും സ്വതന്ത്ര സ്ഥാനാര്ത്ഥിയെയാരിക്കുമോ നിര്ത്തുകയെന്നതിലും വ്യക്തതയില്ല. ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന പേരുകള്‍ കോര്പ്പറേഷന് മേയര്‍ അനില്‍ കുമാര്‍, ഡിവൈഎഫ് ഐ നേതാവ് കെ എസ് അരുണ്‍ കുമാര്‍ എന്നിവരുടെതാണ്. ഏതെങ്കിലും വനിത സ്ഥാനാര്‍ത്ഥിയെ പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭാരത് മാതാ കോളേജ് മുന്‍ അധ്യാപിക കൊച്ചുറാണി ജോസഫിന്റെ പേര് ഇത്തരത്തില്‍ സജീവമായി നില്ക്കുന്ന ഒന്നാണ്.
കെ വി തോമസും ഈ ഉപതെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. തോമസിന് സ്വാധീനമുള്ളൊരു മണ്ഡലമാണ് തൃക്കാക്കര. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നും നടപടി നേരിടുന്ന തോമസ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഗുണം ചെയ്യുമെന്ന് ഇപ്പോഴത്തെ സാഹചര്യത്തില്‍ പറയാന്‍ കഴിയില്ല. സിപിഎമ്മിന് താത്പര്യമുണ്ടെങ്കില്‍ തൃക്കാക്കരയില്‍ ഒരു കൈ നോക്കാനും കെ വി തോമസിന് ആഗ്രഹമുണ്ട്.
കഴിഞ്ഞ ദിവസം കെ വി തോമസ് മാധ്യമങ്ങളോട് സംസാരിച്ചതും ഇടതുപക്ഷത്തെ പരോക്ഷമായി പിന്തുണച്ചു കൊണ്ടായിരുന്നു. പ്രചാരണത്തിനിറങ്ങാന്‍ കോണ്‍ഗ്രസ് നേതൃത്വം ബന്ധപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഉമ തോമസിനെ വ്യക്തിപരമായി ഇഷ്ടമാണെന്നും പക്ഷേ വ്യക്തിയല്ല രാഷ്ട്രീയമാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പില്‍ വികസനത്തിനായി നില്ക്കുന്നവര്ക്കൊപ്പമാണെന്നാണ് തോമസ് പറഞ്ഞത്. ഇഫ്താറില്‍ ഒരുമിക്കാമെങ്കില്‍ വികസനത്തിനായി ഒരുമിക്കാമെങ്കില്‍ വികസനത്തിനമായി ഒരുമിച്ച് ഇരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.