ഒറ്റമൂലിക്കായി പീഡന കൊല;ഗള്‍ഫിലെ രണ്ട് ആത്മഹത്യകളും ആസൂത്രിക കൊലപാതകമെന്ന് സംശയം

ഗള്‍ഫിലെ രണ്ട് കൊലപാതകങ്ങളിലും ഷൈബിന് പങ്കുണ്ടെന്ന് കൂട്ടു പ്രതികള്‍ ആരോപിച്ചിരുന്നു
 
murder

മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി രഹസ്യം കൈക്കലാക്കാന്‍ പാരമ്പര്യ വൈദ്യനെ തടങ്കലില്‍ ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചശേഷം വെട്ടിനുറുക്കി പുഴയിലെറിഞ്ഞ കേസിലെ പ്രതികള്‍ എല്ലാവരും കുറ്റം സമ്മതിച്ചതായി പൊലീസ്. പ്രധാന പ്രതിയും സംഘ തലവനുമായ ഷൈബിന്‍ അഷറഫ് അടക്കം ഒമ്പത് പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട വൈദ്യന്‍ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ട് വരാന്‍ സഹായിച്ച അഞ്ചുപേര്‍ കൂടി ഇനി പിടിയിലാകാനുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.

തനിക്കൊപ്പം കുറ്റകൃത്യത്തില്‍ പങ്കാളിയായവര്‍ക്ക് വാഗ്ദാനം ചെയ്ത പ്രതിഫലം നല്‍കാന്‍ ഷൈബിന്‍ അഷറഫ് തയ്യാറാകാതിരുന്നതാണ് ക്രൂരമായ കൊലപാതകം പുറംലോകമറിയാന്‍ വഴി തുറന്നത്. പറഞ്ഞ പ്രതിഫലം കിട്ടാതെ വന്നതോടെ കൂട്ടാളികളായി നിന്നിരുന്നവര്‍ ഷെബിന്റെ നിലമ്പൂരുള്ള വീട്ടില്‍ കവര്‍ച്ച നടത്തി. ഇതിനെതിരേ ഷൈബിന്‍ നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കി. നിലമ്പൂര്‍ പൊലീസ് കേസ് എടുത്തു നടത്തിയ അന്വേഷണത്തില്‍ നൗഷാദ് എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ ഷൈബിന്റെ അടുത്ത കൂട്ടാളിയായിരുന്നു. നൗഷാദിന്റെ അറസ്റ്റിനു പിന്നാലെ മറ്റു രണ്ട് പ്രതികള്‍ ഏപ്രില്‍ 29 ന് തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്നില്‍ മണ്ണെണ്ണയൊഴിച്ച് പെട്രോള്‍ ദേഹത്തൊഴിച്ച് ആത്മഹത്യ നാടകം നടത്തി. ഇതിനിടയില്‍ ഇവര്‍ ഷൈബിന്‍ അഷറഫിനെതിരേ പല വെളിപ്പെടുത്തലുകളും നടത്തിയിരുന്നു. ഷൈബിന്‍ തങ്ങളെ ചതിക്കുകയായിരുന്നുവെന്നും അയാളുടെ കീഴില്‍ പല കുറ്റകൃത്യങ്ങളിലും പങ്കാളികളായിട്ടുണ്ടെന്നും കൊലക്കേസുമായി ബന്ധപ്പെട്ട തെളിവ് തങ്ങളുടെ പക്കലുണ്ടെന്നും പ്രതികള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

പൊലീസ് ഇവരെ അനുനയിപ്പിച്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ തട്ടുക്കൊണ്ടു വന്ന് ഒരു വര്‍ഷത്തോളം തടങ്കലിലിട്ട് പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ വിവരം ഏറ്റു പറയുന്നത്. 2019 ഓഗസ്റ്റിലാണ് മൈസുരുവില്‍ നിന്നും 60 കാരനായ ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടു വരുന്നത്. മൂലക്കുരുവിന്റെ ഒറ്റമൂലി ചികിത്സ രീതികള്‍ മനസിലാക്കി അതിലൂടെ പണമുണ്ടാക്കാനായിരുന്നു ഷൈബിന്റെ ലക്ഷ്യം. ഒരു വര്‍ഷത്തോളം വൈദ്യനെ ചങ്ങലയില്‍ ബന്ധിച്ച് വീടിന്റെ ഒന്നാം നിലയിലെ മുറിയിലിട്ട് പീഡിപ്പിച്ചിട്ടും ചികിത്സ രഹസ്യങ്ങള്‍ പറഞ്ഞില്ല. 2020 ഒക്ടോബറിലാണ് വൈദ്യന്‍ കൈല്ലപ്പെടുന്നത്. തുടര്‍ന്ന് മൃതദേഹം വെട്ടിനുറുക്കി ചാലിയാര്‍ പുഴയില്‍ കളയുകയായിരുന്നു.

പ്രധാനപ്രതിയായ ഷൈബിന്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഷൈബിന്റെ ബിസിനസ് പങ്കാളിയായിരുന്ന കോഴിക്കോട് സ്വദേശി ഹാരിസ് 2020 ല്‍ അബുദാബിയിലെ ഫ്‌ളാറ്റില്‍ കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയിലും എറണാകുളം സ്വദേശിയായ യുവതിയെ ശ്വാസം മുട്ടി മരിച്ച നിലയിലും കണ്ടെത്തിയത് ഷൈബിന്റെ ആസൂത്രണത്തില്‍ നടന്ന കൊലപാതകങ്ങളാണെന്ന സംശയമാണുള്ളത്. സെക്രട്ടേറിയേറ്റിന് മുന്നില്‍ ആത്മഹത്യ നാടകം നടത്തിയ പ്രതികള്‍ ഗള്‍ഫിലെ രണ്ട് കൊലപാതകങ്ങളിലും ഷൈബിന് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു.