തൃക്കാക്കരയില്‍ പി ടി യുടെ പിന്‍ഗാമിയാകാന്‍ ഉമ

ഉമ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം ഏകപക്ഷീയമായ തീരുമാനം
 
uma thomas

തൃക്കാക്കര ഉപതെരഞ്ഞടുപ്പില്‍ ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന അന്തരിച്ച പി ടി തോമസിന്റെ ഭാര്യയാണ് ഉമ. കെപിസിസി നിര്‍ദേശിച്ച ഉമയുടെ പേര് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ചതായാണ് വിവരം. ഉമയുടെ പേര് മാത്രമാണ് സ്ഥാനാര്‍ത്ഥിയായി കെപിസിസി പരിഗണിച്ചത്. പി ടി തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധം പരിഗണിച്ചാണ് ഉമയെ നിശ്ചയിച്ചതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്.

 കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസന്‍ എന്നിവര്‍ ഇന്ദിര ഭവനില്‍ ചേര്‍ന്ന യോഗത്തിലാണ് ഉമയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്.

പി ടി യുടെ പിന്‍ഗാമിയായി ഉമ തന്നെ മത്സരത്തിന് എത്തുമെന്നത് നേരത്തെ തന്നെ ഏകദേശം ഉറപ്പായ കാര്യമായിരുന്നു. ഒറ്റപ്പേര് മാത്രമാണ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞതും സ്ഥാനാര്‍ത്ഥിയെ കേരളത്തില്‍ തന്നെ തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതുമെല്ലാം ഉമയെ മുന്നില്‍ കണ്ടുകൊണ്ടു തന്നെയായിരുന്നു. അവരാരും ഉമയുടെ പേര് പരസ്യമായി പറഞ്ഞില്ലെന്നു മാത്രമായിരുന്നു ചെറിയൊരു ആകാംക്ഷ ഉണ്ടാകാന്‍ കാരണം. തന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഉമയും ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. മേയ് 31 നാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്.