'പ്രധാന്യമില്ലാത്ത തെരഞ്ഞെടുപ്പ്'; തൃക്കാക്കരയില്‍ മത്സരിക്കാനില്ലെന്ന് എഎപിയും ട്വന്റി-20യും

പൊതു തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നാണ് ഇരു പാര്‍ട്ടികളും പറയുന്നത്
 
twenty 20

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ട്വന്റി-20. നേരത്തെ ആം ആദ്മി പാര്‍ട്ടിയും ഇതേ നിലപാട് എടുത്തിരുന്നു. ആം ആദ്മി-ട്വന്റി-20 സംയുക്ത സ്ഥാനാര്‍ത്ഥി തൃക്കാക്കരയില്‍ വരുമെന്നും, സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ആം ആദ്മിയുടെ സ്ഥാനാര്‍ത്ഥിയെ ട്വന്റി-20 പിന്തുണയ്ക്കുമെന്നൊക്കെ വാര്‍ത്തകള്‍ നേരത്തെ പരന്നിരുന്നു. 

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം ആം ആദ്മിയുമായി ചേര്‍ന്നാണ് സ്വീകരിച്ചതെന്നാണ് ട്വന്റി-20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പറയുന്നത്. രാഷ്ട്രീയമായി ഒരു ചലനവുമുണ്ടാക്കാത്ത തെരഞ്ഞെടുപ്പാണെന്നും രാഷ്ട്രീയമായി ഒട്ടും പ്രാധാന്യമില്ലാത്ത മത്സരത്തില്‍ നിന്നും പിന്മാറുകയാണെന്നുമാണ് സാബു ജേക്ക് വാര്‍ത്ത കുറിപ്പില്‍ പറയുന്നത്.

സംസ്ഥാന ഭരണത്തെ നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പല്ല തൃക്കാക്കരയില്‍ നടക്കുന്നത്. ഉപ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു ചലനവും ഉണ്ടാക്കില്ല. സംഘടന പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ ഈ മാസം 15 ന് കൊച്ചിയില്‍ എത്തുന്നുണ്ട്. അന്നു വൈകിട്ടി കിഴക്കമ്പലത്ത് നടക്കുന്ന മഹാസമ്മേളനം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ക്കാണ് ഈ അവസരത്തില്‍ ട്വന്റി-20യും ആം ആദ്മിയും പ്രാധാന്യം നല്‍കുന്നതെന്നും സാബ എം ജേക്കബിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

എഎപി തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് സംസ്ഥാന ഘടകം കണ്‍വീനര്‍ പി സി സിറിയക്കാണ് അറിയിച്ചത്. അധികാരം ഇല്ലാത്ത സംസ്ഥാനങ്ങളില്‍ എഎപി പൊതുവെ ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാറില്ലെന്നും ഉപതെരഞ്ഞെടുപ്പില്‍ ഒന്നോ രണ്ടോ സീറ്റ് ലഭിച്ചിട്ട് അവിടുത്തെ ഭരണത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ സാധിക്കില്ലെന്നുമാണ് മത്സരിക്കാനില്ലെന്ന തീരുമാനത്തിനുള്ള കാരണമായി പി സി സിറിയക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പൊതുതെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിച്ച് വിജയിച്ച് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനം നിറവേറ്റുകയാണ് എ എ പി യുടെ ലക്ഷ്യമെന്നാണ് പാര്‍ട്ടി സംസ്ഥാന ഘടകം കണ്‍വീനര്‍ പറയുന്നത്.