മതവെറി പ്രസംഗം അഭിപ്രായ സ്വാതന്ത്ര്യം, ജോര്‍ജ് ഭീകരവാദിയല്ലെന്നും വി മുരളീധരന്‍; കേന്ദ്രമന്ത്രിയെ തടഞ്ഞ് പൊലീസ്

നന്ദാവനം എ ആര്‍ ക്യാമ്പിലാണ് കേന്ദ്രമന്ത്രിയെത്തിയത്
 
v muraleedharan

മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജിനെ കാണാനെത്തിയ കേന്ദ്രമന്ത്രി വി മുരളീധരനെ തടഞ്ഞ് പൊലീസ്. നന്ദാവനം എ ആര്‍ ക്യാമ്പിലാണ് കേന്ദ്രമന്ത്രി എത്തിയത്. എന്നാല്‍ ജോര്‍ജിനെ കാണാന്‍ അനുവദിക്കില്ലെന്ന് പൊലീസ് കര്‍ശന നിലപാട് എടുക്കുകയായിരുന്നു. ഇതിനു പിന്നാലെ മാധ്യമ പ്രവര്‍ത്തകരെ കണ്ട മുരളീധരന്‍ ജോര്‍ജിനെ പിന്തുണച്ചും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചും പ്രതികരണം നടത്തി സ്ഥലത്തു നിന്നും പോയി.

മുസ്ലിം സമുദായത്തെ കുറ്റവാളികളാക്കിയും ആക്ഷേപിച്ചും പരസ്യമായി പ്രസംഗിച്ച പി സി ജോര്‍ജിന്റെ അറസ്റ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്ന കയറ്റമായാണ് കേന്ദ്രമന്ത്രി വ്യാഖ്യാനിക്കുന്നത്. പി സി ജോര്‍ജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും അദ്ദേഹം ഭീകരവാദിയല്ലെന്നുമാണ് മുരളീധരന്റെ ന്യായീകരണം. രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കാന്‍ സ്വാതന്ത്ര്യം വേണമെന്നു പറയുന്നവരാണ് സിപിഎമ്മുകാരെന്നും വി മുരളീധരന്‍ ആക്ഷേപിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉയര്‍ത്തിയ അതേ ആരോപണങ്ങള്‍ തന്നെയാണ് വി മുരളീധരനുമുണ്ടായിരുന്നത്. മുസ്ലിം വിരോധം നിറഞ്ഞ ആക്ഷേപങ്ങള്‍ ജോര്‍ജിന്റെ അഭിപ്രായ സ്വാതന്ത്ര്യമാണെന്നായിരുന്നു സുരേന്ദ്രന്റെയും ന്യായം. ഇസ്ലാമിക തീവ്രാവദത്തിനെതിരെയാണ് ജോര്‍ജ് സംസാരിച്ചതെന്നൊരു വ്യാഖ്യാനം കൂടി സുരേന്ദ്രന്‍ ചമച്ചിരുന്നു. സുരേന്ദ്രന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;  പി സി ജോര്‍ജിന്റെ അറസ്റ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. ഇസ്ലാമിക ഭീകരവാദത്തിനെതിരേ സംസാരിക്കുന്നവരെ നിശബ്ദരാക്കാനാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷം തീവ്രവാദത്തിനു മുന്നില്‍ പൂര്‍ണമായി കീഴടങ്ങിയിരിക്കുകയാണ്'.

കേരളത്തിലെ അറിയപ്പെടുന്ന മുതിര്‍ന്ന രാഷ്ട്രീയ നേതാവിനെ ഒരു പ്രസംഗത്തിന്റെ പേരില്‍ പുലര്‍ച്ചെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് മൂന്ന് മണിക്കൂര്‍ ദൂരെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നത് പിണറായി സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനത്തിനുള്ള തെളിവാണ്. മുസ്ലിം മതമൗലികവാദികള്‍ വര്‍ഗീയ വിഷം ചീറ്റിയിട്ടും ഒരു നടപടിയും എടുക്കാത്ത സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് പിസി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തതോടെ വ്യക്തമാകുന്നത്. ഇസ്ലാമിക വര്‍ഗീയ ശക്തികള്‍ക്ക് എന്തും പറയാം എന്തും ചെയ്യാം, എന്നാല്‍ ആരും ഇതിനെതിരെ പ്രതികരിക്കരുതെന്നാണ് പിണറായി പറയുന്നത്. അത് അംഗീകരിച്ചു തരാന്‍ ബിജെപി തയ്യാറല്ല. ജിഹാദികള്‍ക്ക് മുമ്പില്‍ മുട്ടിലിഴയുന്ന സര്‍ക്കാര്‍ ഹൈന്ദവ-ക്രൈസ്തവ നേതാക്കളെ വേട്ടയാടുകയാണ്. ഇടത് സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ ബിജെപി ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കസ്റ്റഡിയില്‍ എടുത്ത പി സി ജോര്‍ജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്ന വഴിയില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡ് തടഞ്ഞു പ്രതിഷേധിച്ചിരുന്നു.

ബിജെപിക്കാര്‍ സാഹചര്യം മുതലെടുക്കാന്‍ ശ്രമം നടത്തുന്നതിനിടയില്‍ ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് അദ്ദേഹത്തെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയും ചെയ്തു. ഐപിസി 153 എ വകുപ്പാണ് ജോര്‍ജിനെതിരേ ചുമത്തിയിരിക്കുന്നത്.  14 ദിവസത്തേക്ക് കസ്റ്റഡിയില്‍ കിട്ടാന്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. എ ആര്‍ ക്യാമ്പില്‍ വച്ച് വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു പി സി ജോര്‍ജിനെ വഞ്ചിയൂരിലെ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയത്. ഞായറാഴ്ച്ചയായതിനാല്‍ കോടതി അവധിയായതുകൊണ്ടാണ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്. പൂഞ്ഞാര്‍ മുന്‍ എംഎല്‍എ കൂടിയായ ജോര്‍ജിനെ ജാമ്യത്തില്‍ വിട്ടാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ സാഹചര്യമുണ്ടെന്നും പൊലീസ് റിമാര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മതസ്പര്‍ധ ഉണ്ടാക്കാന്‍ പി സി ജോര്‍ജ് ആലോചിച്ച് ഉറപ്പിച്ച് പ്രവര്‍ത്തിച്ചുവെന്നും ജാമ്യം നല്‍കിയാല്‍ അന്വേഷണം തടസപ്പെടുത്തുമെന്നും പൊലീസ് പറയുന്നുണ്ട്.