'ഭയപ്പാടിലാണ് കേരളം, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ല; ഒന്നാം വര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാരിന് എന്ത് അവകാശം'

കേരളത്തില്‍ വര്‍ഗീയ, രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടകള്‍ നടത്തുന്ന കൊലപാതകങ്ങളും വര്‍ധിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ല. ഭയപ്പാടിലാണ് കേരളം ജീവിക്കുന്നത്. ഉന്നത നേതാക്കള്‍പ്പോലും ഇക്കാര്യം സമ്മതിക്കുന്നു. പാര്‍ട്ടി സമ്മേളനങ്ങളില്‍ പോലും വിമര്‍ശനം വരുന്നു.ഇതിനെല്ലാം മുന്നില്‍ പൊലീസ് നോക്കുകുത്തിയായി നില്‍ക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് ഭരിക്കുന്ന വകുപ്പാണ് ആഭ്യന്തരം. ഒന്നാം വാര്‍ഷികം ആഘോഷിക്കാനുള്ള എന്ത് അവകാശമാണ് സര്‍ക്കാരിനുള്ളത്? എല്ലാ വകുപ്പുകളിലും കുഴപ്പങ്ങള്‍ നില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ ഒന്നാം വര്‍ഷികം ആഘോഷിക്കുന്നത്. ഇതു പോലൊരു കാലം കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഗുണ്ടാ കോറിഡോറായി മാറിയിരിക്കുന്നു. വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയാണ്. എസ്ഡിപിഐയും ആര്‍എസ്എസും, ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതകള്‍ അഴിഞ്ഞാടുകയാണ് കേരളത്തില്‍. സോഷ്യല്‍ എഞ്ചിനീയറിങ് എന്ന ഓമനപ്പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണന നയത്തിന്റെ പരിണിതഫലമാണ് ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ കൊലപാതകങ്ങള്‍ എല്ലാം. ആരെയും ശക്തിയായി എതിര്‍ക്കാനുള്ള ധൈര്യമില്ല. ഈ പറയുന്ന ന്യൂനപക്ഷ വര്‍ഗീയവാദികളും ഭൂരിപക്ഷ വര്‍ഗീയവാദികളും പൊലീസില്‍ നുഴഞ്ഞുകയറിയിരിക്കുകയാണ്. ഉന്നത നേതാക്കള്‍പ്പോലും സമ്മതിക്കുന്നു. പാര്‍ട്ടി സമ്മേളനങ്ങളില്‍ പോലും വിമര്‍ശനം വരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഭരിക്കുന്ന വകുപ്പാണ് ആഭ്യന്തരം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ല. ഭയപ്പാടിലാണ് കേരളം ജീവിക്കുന്നത്. മാതാപിതാക്കള്‍ വീട്ടിലുണ്ടെങ്കില്‍, മക്കള്‍ പുറത്തുപോകുമ്പോള്‍ ഭീതിയാണ്. മാതാപിതാക്കള്‍ പുറത്തുപോകുമ്പോള്‍, മക്കള്‍ക്ക് ഭീതിയാണ്. ഈയവസ്ഥയാണ് കേരളത്തിലുള്ളത്.
പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താന്‍ രണ്ട് ലക്ഷം കോടിയുടെ സില്‍വര്‍ ലൈന്‍ ഉണ്ടാക്കാന്‍ പോകുകയാണ് മുഖ്യമന്ത്രി. കേരളത്തിലെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായ കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് വിഷുവും ഈസ്റ്ററും ആയിട്ട് ശബളമില്ല. കേരളത്തിലെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനത്തെ ദയാവധത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. മറ്റൊരു പൊതുസ്ഥാപനമായ വൈദ്യുതി ബോര്‍ഡില്‍ നടക്കുന്നത് എന്താണ്? സര്‍ക്കാരിന് വല്ല പിടിയുമുണ്ടോ? മുഖ്യമന്ത്രിക്ക് വല്ല പിടിയുമുണ്ടോ? അവിടെ സിഐടിയുക്കാര്‍ മന്ത്രിയെയും ബോര്‍ഡ് ചെയര്‍മാനെയും ഭീഷണിപ്പെടുത്തുകയാണ്. മറ്റൊരു പൊതുമേഖലാ സ്ഥാപനമായ വാട്ടര്‍ അതോറിറ്റിയിലും സമാന സ്ഥിതിയാണ്. എല്ലായിടത്തും സിഐടിയു ടേക്ക് ഓവര്‍ ചെയ്തിരിക്കുകയാണ്. മൂന്ന് പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളിലും ഇത്രയും ദിവസമായിട്ടും തോന്ന്യാസം നടക്കുകയാണ്. മുഖ്യമന്ത്രി എവിടെപ്പോയി? ഭരിക്കാന്‍ മറന്നുപോയോ? ആരോഗ്യവകുപ്പ് ഏറ്റവും മോശം വകുപ്പാണെന്ന് ചീഫ് സെക്രട്ടറി തന്നെ പറയുന്നു. കൃഷി വകുപ്പിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. വേനല്‍മഴയില്‍ കുട്ടനാട് വന്‍ കൃഷിനാശം ഉണ്ടായിട്ടും ആളുകള്‍ അവിടെനിന്ന് പലായനം ചെയ്യുന്ന അവസ്ഥയാണ്.
അടുത്ത മാസം ശമ്പളം കൊടുക്കാന്‍ പണമില്ലെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാല്‍ പാര്‍ട്ടി നേതാവിനെ നിയമിച്ചത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ശമ്പളമായ രണ്ടര ലക്ഷം രൂപയ്ക്കാണ്. സ്വന്തക്കാരെ പ്രത്യേക ലാവണങ്ങളില്‍ നിയമിച്ച് ശമ്പളം കൊടുക്കാനുള്ള പണം സര്‍ക്കാരിന്റെ കയ്യിലുണ്ട്. മുഴുവന്‍ വകുപ്പുകളും സമ്പൂര്‍ണ പരാജയമാണ്. ഘടകക്ഷികളുടെ വകുപ്പുകളിലെല്ലാം സിഐടിയു ഗുണ്ടായിസമാണ്. പാര്‍ട്ടിക്കും പാര്‍ട്ടിയുമായി ബന്ധപ്പെട്ട സംഘടനകളെയും കയറഴിച്ച് വിട്ട് മുഖ്യമന്ത്രി വെറുതെയിരിക്കുകയാണ്. ഭരിക്കാനുള്ള ഉത്തരവാദിത്തം മറന്ന് മുഖ്യമന്ത്രി സില്‍വര്‍ ലൈനിന് പിന്നാലെ നടക്കുന്നു. കേരളത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണോ സില്‍വര്‍ ലൈന്‍? അതാണോ കേരളത്തിന്റെ മുന്‍ഗണന? എല്ലാ വകുപ്പുകളിലും കുഴപ്പങ്ങള്‍ നില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ ഒന്നാം വര്‍ഷികം ആഘോഷിക്കുന്നത്. ഇതു പോലൊരു കാലം കേരളത്തില്‍ ഉണ്ടായിട്ടില്ല. ആഘോഷ പരിപാടികള്‍ പിന്‍വലിക്കാന്‍ തയാറാകണമെന്നും വി.ഡി സതീശന് കൂട്ടിച്ചേര്‍ത്തു.