വിജയ് ബാബു ദുബായിലേക്ക് കടന്നത് ഗോവയില്‍ നിന്ന്; അറസ്റ്റിനായി വലവിരിച്ച് പൊലീസ്

നിര്‍ണായക വിവരങ്ങളും മൊഴികളും ശേഖരിച്ച് പൊലീസ്
 
vijay babu

ബലാത്സംഗ കേസ് പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബു ദുബായിലേക്ക് കടന്ന് ഏപ്രില്‍ 24 ന് ആണെന്ന് പൊലീസ്. തനിക്കെതിരേ കേസ് എടുത്ത് അന്വേഷണം തുടങ്ങിയെന്നറിഞ്ഞതോടെയാണ് വിജയ് ബാബു രാജ്യം വിട്ടതെന്നാണ് പൊലീസ് പറയുന്നത്. ഏപ്രില്‍ 22 നാണ് യുവതി പരാതി നല്‍കുന്നത്.

ഗോവയില്‍ നിന്നാണ് വിജയ് ബാബു ദുബായിലേക്ക് പോയത്. ഇയാള്‍ ഗോവയിലുണ്ടെന്നു സൂചന കിട്ടിയതിനെ തുടര്‍ന്ന് പൊലീസ് അവിടെയെത്തിയിരുന്നു. എന്നാല്‍ അതിനു മുന്നേ വിജയ് ബാബു പുറത്തേക്ക് കടന്നിരുന്നു. വിജയ് ബാബു നാട്ടിലെത്തിയാലുടന്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം. ഇതിന്റെ ഭാഗമായി എല്ലാ വിമാനത്താവളങ്ങളിലും നോട്ടീസ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് നടനെതിരേ ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് അവര്‍ക്കെതിരേ സോഷ്യല്‍ മീഡിയ വഴി ആരോപണങ്ങള്‍ ഉന്നയിച്ചതിനെതിരേ ഐ ടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. വിജയ് ബാബുവിനെതിരേ പ്രഥമദൃഷ്ട്യ തെളിവുണ്ടെന്നും പരാതിയില്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയെന്നുമാണ് സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു പറഞ്ഞത്. നടന്റെ അറസ്റ്റ് അനിവാര്യമാണെന്നും യുവതിയുടെ പരാതിയെ സാധൂകരിക്കുന്ന തെളിവുകള്‍ അന്വേഷണത്തില്‍ കിട്ടിയിട്ടുണ്ടെന്നും കമ്മീഷണര്‍ അറിയിച്ചു.

വിജയ് ബാബുവിനെതിരേ നിര്‍ണായകമായ പല തെളിവുകളും പൊലീസ് ശേഖരിച്ചുവെന്നാണ് വിവരം. വിജയ് ബാബുവും പരാതിക്കാരിയായ നടിയും കൊച്ചി പനമ്പള്ളി നഗറിലെ ആഢംബര ഹോട്ടലില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകരും ഹോട്ടല്‍ ജീവനക്കാരും അടക്കും എട്ട് സാക്ഷികളുടെ മൊഴികളെടുത്തിട്ടുണ്ട്. ഈ മൊഴികള്‍ പരാതിക്കാരിക്ക് അനുകൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനുള്ള നീക്കങ്ങള്‍ വിജയ് ബാബു നടത്തുന്നുണ്ടെന്നും വിവരമുണ്ട്.

സിനിമ രംഗത്ത് പുതുമുഖമായ തന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുകയും ചെയ്തു കൊണ്ട് വിജയ് ബാബു തന്റെ വിശ്വാസം നേടിയെടുക്കുകയായിരുന്നെന്നും തന്റെ വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്നങ്ങളില്‍ രക്ഷകനെപ്പോലെ പെരുമാറി, അതിന്റെ മറവില്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നുമാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്.