ബിസിനസ് ടൂറിലാണ്, സാവകാശം വേണമെന്ന് വിജയ് ബാബു; പറ്റില്ലെന്ന് പൊലീസ്

ബലാത്സംഗ കേസില്‍ ഹാജരാകാന്‍ സാവകാശം തേടി വിജയ് ബാബു. എവിടെയാണെന്ന് വ്യക്തമാക്കാതെ അയച്ച ഇ മെയില്‍ സന്ദേശത്തിലാണ് വിജയ് ബാബു പൊലീസിനോട് സാവകാശം ചോദിച്ചത്. എന്നാല്‍ സാവകാശം നല്‍കാനാവില്ലെന്നാണ് പൊലീസ് മറുപടി നല്‍കിയിരിക്കുന്നത്. താന്‍ ബിസിനസ് ടൂറിലാണെന്നാണ് സാവകാശം തേടാനുള്ള കാരണമായി വിജയ് ബാബു പറയുന്നത്. മേയ് 19 നെ നാട്ടില്‍ മടങ്ങിയെത്തൂ എന്നാണ് ഇ-മെയില്‍ സന്ദേശത്തില്‍ ഇയാള്‍ പറയുന്നത്. ഈ വാദങ്ങളൊന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. അടിയന്തരമായി ഹാജരാകാനും വിജയ് ബാബുവിന് അവര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിജയ് ബാബു ദുബായില്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഏപ്രില്‍ 24 ന് ബെംഗളൂരു വിമാനത്താവളം വഴിയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. ലൈംഗികാതിക്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയായിരുന്നു വിജയ് ബാബു രാജ്യം വിട്ടത്. തനിക്കെതിരേ വന്ന പരാതിക്ക് മറുപടിയെന്നോണം പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് കുറെ ആരോപണങ്ങള്‍ വിജയ് ബാബു ഫെയ്സ്ബുക്ക് ലൈവില്‍ വന്ന് നടത്തിയിരുന്നു. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരേ കേസ് എടുത്തു. ഇയാളുടെ അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പായതോടെ പിടികൊടുക്കാതെ മുങ്ങുകയായിരുന്നു. വിദേശത്ത് ഇരുന്ന് മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. എന്നാല്‍ വേനല്‍ അവധിക്ക് ശേഷം മാത്രമായിരിക്കും പരിഗണിക്കുക. പരാതിക്കാരിക്കെതിരെ ബ്ലാക്ക് മെയില്‍ ആരോപണം ഉള്‍പ്പെടെ ഉന്നയിച്ചാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ. മെയ് 16ന് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം വന്നതിനുശേഷം കീഴടങ്ങാനുള്ള തന്ത്രത്തിന്റെ ഭാഗമായാകണം ഇപ്പോള്‍ സാവകാശം തേടി മെയില്‍ അയച്ചത്.

അതേസമയം വിജയ് ബാബുവിനെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. ദുബായിലേക്ക് കടന്ന വിജയ് ബാബുവിന്റെ പാസ്പോര്‍ട്ടും വിസയുമടക്കം വിദേശത്ത് തങ്ങാനുള്ള രേഖകള്‍ റദ്ദാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനായി എമിഗ്രേഷന്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കുകയാണ് പൊലീസ്. 22നു പരാതി ലഭിച്ചതിനു പിന്നാലെ വിജയ് ബാബു ഗോവയിലേക്കു കടന്നിരുന്നു. 24ന് അവിടെ നിന്നു ബെംഗളൂരുവില്‍ എത്തി ദുബായിലേക്കു പോവുകയായിരുന്നു.
യുവനടിയുടെ പരാതി ലഭിച്ച് രണ്ടുദിവസം കഴിഞ്ഞാണ് പ്രതി വിദേശത്തേക്ക് കടന്നത്. പ്രതി രക്ഷപ്പെട്ടശേഷമാണ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ അടക്കം ഇറക്കിയത്. സര്‍ക്കുലര്‍ നിലനില്‍ക്കുന്നതുകൊണ്ട് മുന്‍കൂര്‍ ജാമ്യം ലഭിക്കാതെ തിരികെ എത്തിയാല്‍ വിമാനത്താവളത്തില്‍വച്ചുതന്നെ വിജയ് ബാബു അറസ്റ്റിലാകും. കേസ് നടപടികളുടെ ഭാഗമായി വിജയ് ബാബുവിന്റെ ഫ്ളാറ്റിലും വീട്ടിലുമടക്കം കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.