പൊലീസ് തലപ്പത്ത് നടന്ന അഴിച്ചുപണിയില്‍ ആശങ്കയുണ്ട്; സ്ത്രീപക്ഷ കേരളം ജാഗരൂകരായിരിക്കണം: ഡബ്ല്യുസിസി

 
WCC
പൊലീസ് സിനിമകളിലെ ആന്റി ക്ലൈമാക്‌സ് രംഗം പോലെ നിരാശാജനകം

ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്നും എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). തങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന അവസരത്തില്‍ എല്ലാ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് പൊലീസ് തലപ്പത്ത് നടന്ന അഴിച്ചുപണിയെന്ന് ഡബ്ല്യുസിസി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. കോടതി ഉത്തരവനുസരിച്ച്  തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നല്‍കപ്പെട്ട അവസ്ഥയില്‍ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പൊലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്‌സ് രംഗം പോലെ നിരാശാജനകമാണെന്നും കുറിപ്പില്‍ പറയുന്നു. 

'വഴിതെറ്റിയെന്നും നീതി അസാധ്യമെന്നും തോന്നിച്ചിടത്തുനിന്നുമാണ് പുതിയ വഴിത്തിരിവുകള്‍ വഴി തെളിവുകളുടെ ഒരു പരമ്പര തന്നെ പുറത്തെത്തിയത്. കേസ് അട്ടിമറിക്കാന്‍ പ്രതിഭാഗം അഭിഭാഷകരുടെ ഓഫീസ് ശ്രമിക്കുന്നു എന്ന  ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തും വിധമായിരുന്നു ഈ തെളിവുകള്‍. അന്വേഷണം അങ്ങോട്ടേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം അഭിഭാഷകര്‍ പരാതിയുമായി സര്‍ക്കാരിനെ സമീപിക്കുന്നതും അന്വേഷണത്തലവനെ മാറ്റുന്നതും. ഇത് എല്ലാ നിലയ്ക്കും ഞങ്ങളെ ആശങ്കാഭരിതരാക്കുന്നു. സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു', ഡബ്ല്യുസിസി കുറിപ്പില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസും, നടന്‍ ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസും നിര്‍ണായകഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് ശ്രീജിത്തിനെ മാറ്റുന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷറായാണ് പുതിയ ചുമതല. ഷെയ്ക് ദര്‍വേസ് സാഹിബ് ആണ് പുതിയ ക്രൈം ബ്രാഞ്ച് മേധാവി. ഏറെ വിവാദമായ കേസുകളുടെ അന്വേഷണം നിര്‍ണായകഘട്ടത്തില്‍ എത്തിനില്‍ക്കെ ശ്രീജിത്തിനെ മാറ്റാനുള്ള കാരണം വ്യക്തമല്ല. എന്നിരുന്നാലും, കേസില്‍ അഭിഭാഷകരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത് വലിയ വിവാദമായിരുന്നു. ക്രൈംബ്രാഞ്ച് മേധാവിക്കെതിരെ പലകോണില്‍നിന്നും പരാതികളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.