മികച്ച ഭരണാധികാരി,എന്നും വിവാദങ്ങളുടെ കളിത്തോഴന്‍; കമ്യൂണിസ്റ്റുകാരനായി രാഷ്ട്രീയത്തില്‍, പിന്നെ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്സിലും

 
മികച്ച ഭരണാധികാരി,എന്നും വിവാദങ്ങളുടെ കളിത്തോഴന്‍; കമ്യൂണിസ്റ്റുകാരനായി രാഷ്ട്രീയത്തില്‍, പിന്നെ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്സിലും

''പുതിയ തലമുറ ഒരുപക്ഷേ, ആര്‍. ബാലകൃഷ്ണപിള്ളയെ അറിയുക കോണ്‍ഗ്രസ്സുകാരന്‍ എന്ന പേരിലായിരിക്കും. ഒരു കമ്മ്യൂണിസ്റ്റുകാരനാവുക ഇന്നത്തെപ്പോലെ അത്ര സുഖമുള്ള ഏര്‍പ്പാടാകാതിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റുകാരനായി രാഷ്ട്രീയത്തിലിറങ്ങിയ ആളാണ് ഞാന്‍. വാളകം ഹൈസ്‌കൂളിലെ നാലാം ഫോറം വിദ്യാര്‍ത്ഥിയായിരുന്ന എനിക്ക് 1947-ല്‍ സ്റ്റുഡന്റ്സ് യൂണിയനില്‍ നാലുചക്രത്തിന്റെ അംഗത്വം തന്നത് കേരളം കണ്ട മികച്ച കമ്മ്യൂണിസ്റ്റുകാരില്‍ ഒരാളും മുഖ്യമന്ത്രി വരെയുമായ പി.കെ.വി. ആയിരുന്നു. അതിനുമുമ്പ് തിരു-കൊച്ചി വിദ്യാര്‍ത്ഥിയൂണിയനുകളിലെ മുന്‍നിര പ്രവര്‍ത്തകനുമായിരുന്നു. അതു രണ്ടും ചേര്‍ന്നാണല്ലോ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (എസ്.എഫ്) ഉണ്ടാകുന്നത്. തിരു-കൊച്ചിതിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി യൂണിയനുകള്‍ നിരോധിക്കപ്പെട്ട കാലത്ത് അവ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. ആ മുദ്രാവാക്യങ്ങളുടെ കരുത്തു മാത്രം മതിയായിരുന്നു മറ്റൊരു കാരണവുമില്ലാതെ അവയുടെ അനു ഭാവിയുമായി മാറാന്‍. സ്വാഭാവികമായും സ്റ്റുഡന്റ്‌സ് ഫെഡറേഷനിലെ അംഗത്വം എനിക്കു ലഭിച്ചു. എനിക്ക് എസ്എഫ് അംഗത്വം നല്കിയ കഥ പി.കെ. വാസുദേവന്‍ നായര്‍ അദ്ദേഹത്തിന്റെ ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്.''

''ഒരു കാര്യം ഇവിടെ എഴുതാതെ വയ്യ. ഒരുപാടു സമ്പന്നനായിരുന്ന ഒരച്ഛന്റെ മകനായിട്ടല്ല ഞാന്‍ ജനിച്ചിരുന്നതെങ്കില്‍ ഈ ഗ്രാഫൈറ്റ് കേസില്‍പ്പെട്ടു ഞാന്‍ ആത്മഹത്യ ചെയ്യേണ്ടിവന്നേനെ. കോടിക്കണക്കിനു രൂപ വില മതിക്കുന്ന ഭൂസ്വത്താണ് കേസ് നടത്തിപ്പിനായി 15 വര്‍ഷക്കാലം ഞാന്‍ വിറ്റു തുലച്ചത്. ആരുടെ മുന്നിലും കൈനീട്ടാന്‍ ഇഷ്ടമില്ലാത്തയാളാണു ഞാന്‍. കേസ് നടത്താന്‍ കൈയില്‍ പണമില്ലാതെ വന്നാല്‍ ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെ വന്നേനെ. എന്റെ ഭാര്യയും മക്കളും മരുമക്കളും കൊച്ചുമക്കളും അനുഭവിച്ച മാനസികവ്യഥയ്ക്ക് കണക്കില്ല. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ എന്നെ സംഘടിതമായി വേട്ടയാടിയപ്പോള്‍ എന്റെ കുടുംബാംഗങ്ങള്‍ കുടിച്ച കണ്ണീരിന് കണക്കില്ല. കേരളത്തിലെ ഒരു മുഖ്യധാരാ പൊതുപ്രവര്‍ത്തകന്റേയും രാഷ്ട്രീയ നേതാവിന്റേയും കുടുംബാംഗങ്ങള്‍ ഇത്രമേല്‍ പരീക്ഷണം നേരിടേണ്ടിവന്നിട്ടില്ലതന്നെ. ''

'ആത്മകഥ' എന്ന ശീര്‍ഷകത്തിലുള്ള തന്റെ ജീവിതകഥയുടെ തുടക്കത്തില്‍ തന്നെ എടുത്തുചേര്‍ത്തിട്ടുള്ള ഉദ്ധരണികള്‍ ഒരു ഗുളികച്ചെപ്പിലെന്നോണം ആ വ്യക്തിത്വത്തെ, അതു കടന്നുപോന്ന സങ്കീര്‍ണ്ണങ്ങളായ വഴിത്താരകളെക്കുറിച്ചൊക്കെ വ്യക്തമായ സൂചന നല്‍കുന്നു. കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിര്‍ണ്ണയിച്ച അത്യന്തം സംഭവനിരതമായ ജീവിതത്തിന്റെ ഉടമയാണ് 86-മത്തെ വയസ്സില്‍ അന്തരിച്ച ആര്‍. ബാലകൃഷ്ണപിള്ള. കര്‍മ്മകുശലനായ ഭരണാധികാരി, മികച്ച സംഘാടകന്‍, വാഗ്മി, ആരേയും കുമ്പിടാന്‍ ഇഷ്ടമില്ലാത്ത, ആരോടും എന്തും വെട്ടിത്തുറന്ന്പറയുന്ന ശീലം. ഇത്തരത്തില്‍ ഒട്ടേറെ സവിശേഷതകള്‍ ഉള്ള വ്യക്തിത്വം. എന്നും വിവാദങ്ങളുടെ സഹയാത്രികന്‍. എന്തുചെയ്താലും അദ്ദേഹത്തിന്റെ സവിശേഷമായ കരസ്പര്‍ശം അതിലുണ്ടാകും. ഏറെ ആരാധകരും അതുപോലെ ശത്രുക്കളേയും സൃഷ്ടിച്ചു കൊട്ടാരക്കര കീഴൂട്ട് രാമകൃഷ്ണപിള്ള ബാലകൃഷ്ണപിള്ള എന്ന ആര്‍. ബാലകൃഷ്ണപിള്ള. അഭിജാതമായ ജനനം. പ്രഭുത്വം നിറഞ്ഞുനിന്ന കുടുംബസാഹചര്യം. നാവിന്മേല്‍ മുദാ വിളയാടി നിന്ന സരസ്വതി അദ്ദേഹത്തിനു സവിശേഷമായിരുന്നു. വാഗ്‌ധോരണിയും ഉരുളയ്ക്കുപ്പേരി പോലെയുള്ള മറുപടിയും. ഇഎംഎസ്, കെ. കരുണാകരന്‍, ഇ.കെ. നായനാര്‍ തുടങ്ങിയ കേരള രാഷ്ട്രീയത്തിലെ പ്രതിഷ്ഠാപകന്മാരായ നേതാക്കളെപ്പോലെ ബഹുജനശ്രദ്ധ പിടിച്ചു പറ്റിയ നേതാവാണ് ആര്‍. ബാലകൃഷ്ണപിള്ളയെന്ന് കെ.ജയശങ്കറിനെപ്പോലുള്ള രാഷ്ട്രീയ നിരീക്ഷകര്‍ എഴുതിയിട്ടുണ്ട്.

എത്രയോ അവതാരങ്ങള്‍ ഏക ജന്മത്തിലുണ്ടായിരുന്ന നേതാവാണ് ആര്‍ ബാലകൃഷ്ണപിള്ള. അദ്ദേഹത്തിന്റെ ജീവിതം കേരള രാഷ്ട്രീയ ചരിത്രവുമായി ഇഴചേര്‍ന്ന് നില്‍ക്കുന്നു. ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു പൊതു പ്രവര്‍ത്തകനാണ് താനെന്ന് ബാലകൃഷ്ണപിള്ള കരുതുന്നു. വെല്ലുവിളികളുടേയും വേട്ടയാടലുകളുടേയും അന്തമില്ലാത്ത കഥകളുടെ സമാഹാരമാണ് തന്റെ ജീവിതമെന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജെയിലിലെ 5990-ാം തടവുപുള്ളിയായി കഴിയവെ സ്വന്തം ആത്മകഥയ്ക്ക് എഴുതിയ ആമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.മനസ്സുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ

ഇതുവരെ ചെയ്യാത്ത കുറ്റത്തിന് ചാര്‍ത്തിക്കിട്ടിയതാണ് ജയില്‍ ജീവിതമെന്നും അദ്ദേഹം പറഞ്ഞുവെയ്ക്കുന്നുണ്ട്. തന്റെ രാജ്യസേവനത്തിനു പ്രതിഫലമായി ലഭിച്ചത് ഗുരുതരമായ രോഗങ്ങളും എട്ടുമാസവും 17 ദിവസങ്ങളും നീണ്ട ജയില്‍വാസവുമായിരുന്നുവെന്നും ആത്മകഥയുടെ രണ്ടാം പതിപ്പിനെഴുതിയ ആമുഖത്തില്‍ ആര്‍. ബാലകൃഷ്ണപിള്ള പറയുന്നു. അനാവശ്യമായി വേട്ടയാടപ്പെട്ട ഒരു നിരപരാധിയുടെ തേങ്ങലുകളും വേദനകളും തന്റെ ജീവിതത്തില്‍ എമ്പാടും നിറയന്നുതായും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇടമലയാര്‍ കേസും ഗ്രാഫൈറ്റ് കേസും പഞ്ചാബ് മോഡല്‍ പ്രസംഗവും ഒക്കെ അദ്ദേഹത്തെ എക്കാലവും വലിയ വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും മധ്യേ നിര്‍ത്തി. വി.എസ്. അച്യുതാനന്ദന്‍ രാഷ്ട്രീയമായും കോടതി വ്യവഹാരമായും പിന്‍തുടര്‍ന്ന ഇടമലയാര്‍ അടക്കമുള്ള കേസുകള്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ ജീവിതത്തില്‍ മാത്രമല്ല, കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലേയും നിര്‍ണ്ണായകമായ ഏടുകളായി.

സംഭവനിരതം; രാഷ്ട്രീയ പ്രവര്‍ത്തനം പഠനകാലത്തേ തുടങ്ങി

വിദ്യാര്‍ത്ഥി ആയിരിക്കവെ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനം. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലായിരുന്നു തുടക്കം. എം.എന്‍. ഗോവിന്ദന്‍ നായരുമായുള്ള അടുപ്പമായിരുന്നു അതിന് പ്രേരണയായത്. 1957ല്‍ വെളിയം ഭാര്‍ഗ്ഗവന്‍ നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ പ്രചാരണ രംഗത്തും മറ്റും ബാലകൃഷ്ണപിള്ള സജീവമായിരുന്നു. എന്നാല്‍ വൈകാതെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും അകന്ന അദ്ദേഹം കോണ്‍ഗ്രസ് പാളയത്തില്‍ എത്തി. കഷ്ടി 25 വയസ്സായപ്പോള്‍ പത്തനാപുരത്ത് നിന്നും എംഎല്‍എയായി.

കൊല്ലം അന്ന് തലയെടുപ്പുള്ള രാഷ്ട്രീയക്കാരുടെ വിഹാരരംഗമായിരുന്നു. ആര്‍.ശങ്കര്‍, സി.എം.സ്റ്റീഫന്‍, എ.എ.റഹിം തുടങ്ങി ഏറെ പ്രമുഖരുടെ പ്രവര്‍ത്തന കേന്ദ്രമായിരുന്ന കൊല്ലത്ത് യുവാവായിരിക്കെ തന്നെ ആര്‍. ബാലകൃഷ്ണപിള്ള ശ്രദ്ധേയനായി. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുകള്‍ വളരെ ശക്തമായിരുന്നു അവിടെ. കൊല്ലം കേന്ദ്രമാക്കിക്കൊണ്ടു പ്രവര്‍ത്തിച്ച ബാലകൃഷണ പിള്ള വെറും നാലു വര്‍ഷങ്ങള്‍കൊണ്ട് കോണ്‍ഗ്രസിന്റെ മുന്‍നിരയില്‍ ശ്രദ്ധിക്കപ്പെടുന്ന നേതാക്കളില്‍ ഒരാളായിത്തീര്‍ന്നു. സി.എം. സ്റ്റീഫനും സി.കെ. ഗോവിനന്ദന്‍ നായരും മറ്റും ഒരു ഭാഗത്തും ആര്‍.ശങ്കറും പി.റ്റി. ചാക്കോയും മറുഭാഗത്തും നിന്നു കോണ്‍ഗ്രസില്‍ ശക്തമായി പോരാടിയപ്പോള്‍ പി.റ്റി. ചാക്കോയുടെ വിശ്വസ്തനായ സചിവനായിരുന്നു ബാലകൃഷ്ണപിള്ള.പില്‍ക്കാലത്ത് ആര്‍. ശങ്കറും പി.റ്റി. ചാക്കോയും തമ്മില്‍ അകന്നപ്പോഴും ചാക്കോയ്‌ക്കൊപ്പം ഉറച്ചുനിന്നു. കോളിളക്കം സൃഷ്ടിച്ച കാര്‍യാത്ര വിവാദത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ ആര്‍.ശങ്കര്‍ കൈയൊഴിഞ്ഞതോടെ മന്ത്രിസഭയില്‍ നിന്നും രാജിവെച്ചിറങ്ങിയ പി.റ്റി. ചാക്കോയ്‌ക്കൊപ്പം ആര്‍. ബാലകൃഷ്ണപിള്ള ഉറച്ചുനിന്നു.

പി.റ്റി. ചാക്കോ ഹൃദയാഘാതത്തെ തുടര്‍ന്നു മരണമടഞ്ഞതിനുശേഷം ആര്‍.ശങ്കര്‍ മന്ത്രിസഭ 1964 സെപ്റ്റംബര്‍ 10ന് അവിശ്വാസത്തില്‍ പുറത്തായി. ആര്‍. ബാലകൃഷ്ണപിള്ള അക്കാലത്ത് നിയമസഭയില്‍ നടത്തിയ പ്രസംഗം ഏറെ പ്രസിദ്ധമാണ്. പിന്നീട് അതേവര്‍ഷം ഒക്ടോബര്‍ ഒന്നിന് കെ.എം. ജോര്‍ജ്ജ് സ്ഥാപക ചെയര്‍മാനായി കേരള കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ ജനറല്‍ സെക്രട്ടറി ആര്‍. ബാലകൃഷണപിള്ളയായിരുന്നു. നായര്‍ സമുദായാചാരന്യനായ മന്നത്ത് പദ്മനാഭനായിരുന്നു കോട്ടയത്ത് പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയത്. മന്നത്തിന്റെ അനുഗ്രഹാശിസ്സുകള്‍ ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്തുവെന്ന കാര്യം കാണാതിരിക്കരുത്. ജീവിതത്തിലൂടനീളം 'ബാലന്‍ പിള്ള സാര്‍' എന്നു അടുപ്പക്കാരൊക്കെ വിളിക്കുന്ന ബാലകൃഷ്ണപിള്ള എന്‍എസ്എസ്സുമായി വളരെ അടുത്തബന്ധം പുലര്‍ത്തുകയും ചെയ്തു.

എന്നാല്‍ 1966ല്‍ ഭിന്നതകളൊക്കെ വെടിഞ്ഞ് മന്നം കോണ്‍ഗ്രസുമായി അടുത്തശേഷം എല്ലാവരും കേരള കോണ്‍ഗ്രസ് പിരിച്ചുവിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പക്ഷെ ആര്‍. ബാലകൃഷ്ണപിള്ള കേരള കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.അത് മന്നത്തിന്റെ രോഷത്തിന് ഇടയാക്കുകയും ചെയ്തു. പില്‍ക്കാലത്ത് കേരള കോണ്‍ഗ്രസ് പല പിളര്‍പ്പുകളിലേക്ക് കൂപ്പുകുത്തി. കെ.എം. ജോര്‍ജ്ജിനേയും കെ.എം.മാണിയേയും കേന്ദ്രീകരിച്ച് രണ്ടു ഗ്രൂപ്പുകളാണ് കേരള കോണ്‍ഗ്രസ്സില്‍ തുടക്കകാലത്ത് ഉണ്ടായത്. എന്നാല്‍ ആദ്യത്തെ പിളര്‍പ്പ് 1976ല്‍ കേരള കോണ്‍ഗ്രസ് പിള്ള വിഭാഗത്തിന്റെ രൂപീകരണത്തോടെയാണ് സംഭവിച്ചത്. പിന്നീട് ഇടതുപക്ഷത്തും വലതുപക്ഷത്തുമായി ബാലകൃഷ്ണപിള്ള നിലയുറപ്പിച്ചു. ഐക്യ ജനാധിപത്യ മുന്നണി എന്ന യുഡിഎഫിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ആര്‍. ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതത്തിന് തിരശ്ശീല വീഴുമ്പോള്‍ അദ്ദേഹം ഇടതു പക്ഷത്താണ്.

പലതിലും ആദ്യക്കാരനായിരുന്നു ആര്‍. ബാലകൃഷ്ണപിള്ള. ഒട്ടേറെ രാഷ്ട്രീയ റെക്കോഡുകളുടെ ഉടമ. ആദ്യമായി അംഗത്വമെടുത്തത് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലാണ്. അതും 16-ാം വയസ്സില്‍. വൈകാതെ ഇടതുരാഷ്ട്രീയം വിട്ട് കോണ്‍ഗ്രസിലെത്തി. ഇരുപത്തിയഞ്ചാം വയസ്സില്‍ എംഎല്‍എയായി. അഴിമതിനിരോധന നിയമപ്രകാരം കേരളത്തില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ മന്ത്രി, കൂറുമാറ്റ നിരോധന നീയമപ്രകാരം അയോഗ്യനാക്കപ്പെട്ട എംഎല്‍എ തുടങ്ങിയ ഒട്ടേറെ സംഭവഗതികള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായി. പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തിന് എംഎല്‍എ സ്ഥാനം രാജിവെയ്‌ക്കേണ്ട സാഹചര്യവും ഉണ്ടായി. രാജ്യം സജീവമായി ഏറെനാള്‍ ചര്‍ച്ച ചെയ്ത സംഭവമാണ് ആ പ്രസംഗം.

1963 മുതല്‍ തുടര്‍ച്ചയായി 27 വര്‍ഷം ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു ആര്‍. ബാലകൃഷ്ണപിള്ള. 11 വര്‍ഷം കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചു. 1975-ല്‍ സി. അച്യുതമേനോന്‍ മന്ത്രിസഭയില്‍ ഗതാഗത, എക്‌സൈസ്, ജയില്‍ വകുപ്പ് മന്ത്രിയായി മന്ത്രിസ്ഥാനത്തെത്തി.1980-82, 82-85, 86-87 കാലഘട്ടങ്ങളില്‍ വൈദ്യുതിവകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു. 1991-95, 2001-2004 കാലഘട്ടത്തില്‍ ഗതാഗതവകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചു. കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗം, എ.ഐ.സി.സി. അംഗം, 1963-64 കാലഘട്ടത്തില്‍ നിയമസഭയില്‍ ഭവനസമിതിയുടെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.1964-ല്‍ കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളായി. 1971-ല്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1960, 1965,1977,1980,1982,1987,1991, 1996, 2001 എന്നീ വര്‍ഷങ്ങളില്‍ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അവസാനമായി കൊട്ടാരക്കരയില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.

കലയിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും തല്പരനായിരുന്നു ആര്‍. ബാലകൃഷ്ണപിള്ള. അദ്ദേഹത്തിന്റെ യൗവ്വനകാലത്ത് ഏറ്റവും ആകര്‍ഷണീയവും സജീവവുമായ കലാരൂപങ്ങളിലൊന്ന് നാടകമായിരുന്നു. പലപ്പോഴും അക്കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗവുമായിരുന്നു നാടകം. ബാലകൃഷ്ണപിള്ളയും നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് ഏതാനും ചലച്ചിത്രങ്ങളിലും. ദീര്‍ഘകാലം യുഡിഎഫിനൊപ്പം നിലകൊണ്ട ബാലകൃഷ്ണപിള്ള പില്‍ക്കാലത്ത് മുന്നണിയുമായി തെറ്റിപ്പിരിഞ്ഞ് എല്‍ഡിഎഫിലെത്തുകയും കാബിനറ്റ് പദവിയോടെയുള്ള മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ അധ്യക്ഷസ്ഥാനത്ത് എത്തുകയും ചെയ്തു.ഉമ്മന്‍ചാണ്ടിയും മറ്റ് യുഡിഎഫ് നേതാക്കളുമായുള്ള ഭിന്നതകളൊക്കെ ഏറെ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചെയ്തു.സിപിഎമ്മില്‍ വി.എസ്. അച്യുതാനന്ദനുമായി നിരന്തരം കൊമ്പുകോര്‍ത്തിരുന്ന ബാലകൃഷ്ണപിള്ള പക്ഷെ പിണറായി വിജയനുമായി വളരെ അടുത്ത ബന്ധത്തിലായിരുന്നു. മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനത്ത് തുടരവെയാണ് 86-മത്തെ വയസ്സില്‍ അന്ത്യം സംഭവിക്കുന്നത്.